|    Jun 29 Thu, 2017 9:28 am
FLASH NEWS

വഴിത്തര്‍ക്കം; പട്ടികജാതി യുവാവിനെ അയല്‍വാസികള്‍ മര്‍ദിച്ചെന്ന് പരാതി

Published : 21st November 2016 | Posted By: SMR

പത്തനംതിട്ട: വാര്‍ഡംഗത്തിന്റെ പിന്തുണയോടെ വഴിത്തര്‍ക്കത്തിന്റെ പേരില്‍ പട്ടികജാതിക്കാരനായ യുവാവിനെ മാതാപിതാക്കളുടെ മുന്നില്‍വച്ച് അയല്‍വാസികള്‍ മര്‍ദിച്ചതായി പരാതി. ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുമ്പോള്‍ ഇയാളെ കള്ളക്കേസില്‍ കുടുക്കാന്‍             ശ്രമിക്കുന്നതായും ആരോപണമുണ്ട്. ഏനാദിമംഗലം പൂതങ്കര രാജേഷ് ഭവനില്‍ കുഞ്ഞുമോന്‍- വിജയമ്മ ദമ്പതികളുടെ മകന്‍ രാജീവാണ് അയല്‍വാസികളുടെ മര്‍ദ്ദനത്തിന് വിധേയനായത്. കുഞ്ഞുമോന്റെ വീടിനോട് ചേര്‍ന്ന് അയല്‍വാസികള്‍ വഴിവെട്ടുന്നത് സംബന്ധിച്ച് ഉയര്‍ന്ന വാക്കുതര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. അയല്‍വാസികള്‍ക്ക് അവരുടെ വീടുകളിലെത്താന്‍ മറ്റൊരു വഴി ഉണ്ടായിരിക്കെയാണ് വിജയമ്മയുടെ വീടിനോട് ചേര്‍ന്നുള്ള സ്ഥലം വനഭൂമിയാണെന്ന് പറഞ്ഞ് വഴിവെട്ടാന്‍ തുടങ്ങിയത്. ഇതിന് വനംവകുപ്പിന്റെ അനുമതി തങ്ങള്‍ക്ക് ലഭിച്ചതായും അവര്‍ പറഞ്ഞു. വഴിവെട്ടുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും എന്നാല്‍ വഴിവെട്ടാന്‍ ഉദ്ദേശിക്കുന്ന ഭാഗത്തോടുചേര്‍ന്ന് പൂര്‍ണമായും തന്റെ ഭൂമിയിലുള്ള കിണറിന്റെ കെട്ട് ഇടിക്കരുതെന്നും വിജയമ്മ ആവശ്യപ്പെട്ടു. കിണര്‍ കല്ലുകെട്ടി തിരിച്ച ശേഷമേ വഴിവെട്ടാന്‍ പാടുള്ളൂ എന്ന് തഹസില്‍ദാരും നിര്‍ദേശിച്ചിരുന്നതായി വിജയമ്മ പറഞ്ഞു. എന്നാല്‍ അയല്‍വാസികള്‍ അതിന് തയ്യാറായില്ല. കഴിഞ്ഞ പത്തിന് രാത്രി 9.30 ന് വിജയമ്മയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ അയല്‍വാസികളായ ഷിബുവിലാസത്തില്‍ ഷിബു, ആതിര ഭവനില്‍ ആനന്ദന്‍, ജിഷാ ഭവനില്‍ സന്തോഷ് ആനന്ദവിലാസം സജീവ്, ചാവരുപാറയില്‍ കമലന്‍ എന്നിവര്‍ ചേര്‍ന്ന് രാജീവിനെ തന്റെയും പിതാവ്            കുഞ്ഞുമോന്റെയും മുന്നില്‍വച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് വിജയമ്മ പറഞ്ഞു. ഒടുവില്‍ വിജയമ്മയും കുഞ്ഞുമോനും അടുക്കളയില്‍ കയറി ആത്മഹത്യ ചെയ്യാന്‍ ഒരുമ്പെട്ടപ്പോഴാണ് പ്രതികള്‍ മര്‍ദ്ദനം അവസാനിപ്പിച്ചതെന്നും പറയുന്നു. വര്‍ഷങ്ങളായി രോഗത്തോടു പൊരുതി ജീവിക്കുകയാണ് രാജീവ്. മര്‍ദ്ദനത്തിനു പിന്നില്‍ വാര്‍ഡംഗത്തിനും പങ്കുള്ളതായും ഇവര്‍ ആരോപിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക