|    Jun 23 Sat, 2018 4:24 am
FLASH NEWS
Home   >  Editpage  >  Middlepiece  >  

വള്ളുവനാടിന്റെ ഹൃദയവീഥികള്‍

Published : 21st March 2016 | Posted By: SMR

slug-vettum-thiruthumപത്തു ദിവസത്തെ തുടര്‍ചികില്‍സയ്ക്കായി ഞാനിപ്പോള്‍ വള്ളുവനാട് താലൂക്കിലാണ്- മേഴത്തൂര്‍. മുമ്പ് ഈ താലൂക്കില്‍ ഞാന്‍ നാടകപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മലമക്കാവിലൊരു കുന്നിന്‍മുകളിലായിരുന്നു സ്ഥിരതാമസം.
20 വയസ്സിലാരംഭിച്ച യാത്രകള്‍ക്കിടെ കേരളത്തില്‍ സ്ഥിരപാര്‍പ്പ് നടത്തിയ ഇടങ്ങളില്‍ വള്ളുവനാട് തന്നെയാണ് സമാധാനവും സന്തോഷവും നല്‍കിയിട്ടുള്ളത്. പണം ആവശ്യത്തിന് ഇല്ലെങ്കില്‍പ്പോലും വള്ളുവനാടിന്റെ ആതിഥ്യമര്യാദകള്‍ നമുക്ക് ഹൃദയക്ഷീണം ഏല്‍പിക്കില്ല.
എടപ്പാള്‍, മലമക്കാവ് ജീവിതകാലത്ത് സാമ്പത്തികമായി അടിത്തറയില്ലാത്ത ഒരു നാടകസംഘത്തിനു വേണ്ടി പാര്‍ക്കുമ്പോള്‍ പല ദിവസവും ഭക്ഷണം നല്‍കിയത് അയല്‍വാസികളായിരുന്നു. വള്ളുവനാടന്‍ സ്ത്രീകള്‍ പുരുഷന്‍മാരേക്കാള്‍ ഉദാരമതികളും പിശുക്കില്ലാത്തവരും എന്നതാണനുഭവം. ഭാരതപ്പുഴക്കരകളിലെ കലര്‍പ്പില്ലാത്ത പച്ചക്കറികള്‍ രുചിയുടെ കലവറകളാണ്. ചലച്ചിത്രപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പി പത്മരാജന്‍ ഒരിക്കല്‍ കക്കിരിക്ക എന്ന നാടന്‍ ദാഹശമനികൂടിയായ പച്ചക്കറിവിഭവം ആവശ്യപ്പെട്ടതും കുമ്പിടിയിലെ ബാപ്പുട്ടി എന്ന നാടന്‍ സുഹൃത്ത് കുട്ടിച്ചാക്കു നിറയെ ഇളം കക്കിരിക്ക പപ്പേട്ടന്റെ കാറില്‍ നിറച്ചുകൊടുത്തതും ഓര്‍ക്കുന്നു. ‘കരിയിലക്കാറ്റു പോലെ’ സിനിമയുടെ ചര്‍ച്ചാനാളുകളിലായിരുന്നു ഇത്. ഇക്കാലത്ത് മേഴത്തൂരില്‍ വൈദ്യമഠത്തെ കാണാന്‍ പത്മരാജന്‍ ഉല്‍സാഹിച്ചിരുന്നത് ഓര്‍ക്കുന്നു. അന്നദ്ദേഹം മദിരാശി യാത്രയിലായിരുന്നതിനാല്‍ കാണാന്‍ സാധിച്ചില്ല.
‘വെട്ടും തിരുത്തും’ വള്ളുവനാടന്‍ കഥകളെഴുതാന്‍ പ്രേരിപ്പിച്ചത് കലാഭവന്‍ മണിയുമായി ബന്ധപ്പെട്ട ‘വിഷ’വാര്‍ത്തകള്‍ വായിച്ചപ്പോഴാണ്. മണിയെ ഞാന്‍ ആദ്യം കാണുന്നതും വള്ളുവനാട്ടില്‍ വച്ചു തന്നെ. സിനിമയില്‍ കുറച്ചൊക്കെ പ്രശസ്തനായ സാലു എന്ന നാടകനടനാണ് മണിയെ പരിചയപ്പെടുത്തിയത്. സിനിമയില്‍ ചുവടുറയ്ക്കും മുമ്പ് നാടകട്രൂപ്പ് തുടങ്ങാന്‍ മണി ആഗ്രഹിച്ചിരുന്നു. മണി അന്നത്തെ സാമ്പത്തിക ചുറ്റുപാട് വിവരിച്ചപ്പോള്‍ ചാലക്കുടി കേന്ദ്രമാക്കി നാടകപ്രവര്‍ത്തകരെ സംഘടിപ്പിക്കാന്‍ ഞാന്‍ ഉപദേശിച്ചു. എന്റെ സമീപനം ഹൃദ്യമാവാതിരുന്നതിനാലാവാം മണി പിരിയാന്‍ നേരം പറഞ്ഞത് ഞാന്‍ മറക്കില്ല. അന്നു ഞാന്‍ താമസിച്ചത് പുല്ലുമേഞ്ഞ ഒരു കൊച്ചു വീട്ടിലായിരുന്നു.
”ഇതിനെക്കാട്ടീം സുഖമായിട്ട് താമസിച്ച് നാടകം എഴുതാന്‍ ചാലക്കുടീല് സൗകര്യം തരാം മാഷേ…”
ചലച്ചിത്രനടനാവും മുമ്പ്, ചാലക്കുടിയിലെ കൊരട്ടിയില്‍ ‘ചതുരം’ സംഘടന ഞാന്‍ ഡയറക്ടറായി സംഘടിപ്പിച്ച എം എസ് നമ്പൂതിരി സ്മാരക തിയേറ്റര്‍ വര്‍ക്‌ഷോപ്പില്‍ മണി വന്നു. നാടക പരിശീലനത്തിന്. മണി വന്ന ദിവസവും ഞാന്‍ കൃത്യമായി ഓര്‍ക്കുന്നു. പെരുമണ്‍, നാടാകെ വിറപ്പിച്ച് സംഭവിച്ച തീവണ്ടിദുരന്തത്തിന്റന്ന്. മണിയുടെ ജോലിസംബന്ധമായ സമയവും വര്‍ക്‌ഷോപ്പ് സിലബസ് സമയക്രമവും ഒത്തുപോവാത്തതിനാല്‍ മണി ക്യാംപില്‍ അംഗമായില്ല.
സിനിമ-നാടക മേഖലകളിലെ കലാകാരന്മാരുടെ മദ്യപാനാസക്തിയാണ് ഇപ്പോള്‍ മുഖ്യ ചര്‍ച്ച. മണി മരിക്കും മുമ്പു തന്നെ ഇക്കാര്യം പൊതുജനമധ്യേ ചര്‍ച്ചയ്ക്കു വന്നിട്ടുണ്ട്. കലാകാരന്‍ കാലം എത്തും മുമ്പേ മരണപ്പെട്ടാല്‍ അതൊരു മദ്യദുരന്തമാണെന്ന് സമര്‍ഥിക്കാന്‍ സമൂഹത്തിനും മാധ്യമങ്ങള്‍ക്കും മിടുക്ക് കുറച്ചധികമാണ്.
എല്ലാ മേഖലയിലും മദ്യപന്മാര്‍ ധാരാളം. കുറച്ചുകാലത്തെ ലഹരിത്തഴക്കവും അതുമൂലമുള്ള കെടുതികളും ‘വെട്ടും തിരുത്തു’കാരനും അനുഭവിച്ചിട്ടുണ്ട്. സര്‍ഗാത്മകമായ ഒരു ഇടപെടലും ലഹരിമൂലം സാധിക്കുകയില്ല. എഴുത്തിനെയോ അഭിനയത്തെയോ ലഹരി സഹായിച്ച ചരിത്രം കേട്ടുകേള്‍വി ഇല്ലാത്തതാണ്.
വള്ളുവനാടന്‍ പരിസരങ്ങളിലേക്കു മടങ്ങാം. വൈദ്യമഠം വരാന്തയില്‍ ഇരുന്നാണ് ഇതെഴുതുന്നത്. വി ടി ഭട്ടതിരിപ്പാടിന്റെ മകന്‍ വി ടി വാസുദേവനാണ് എന്നെ വള്ളുവനാട്ടെത്തിച്ചത്. കൂറ്റനാട്ടെ ഒരു സംഘടനയ്ക്കു വേണ്ടി നാടകം ചെയ്യാന്‍. നാടകത്തിലെ ഉത്തരാധുനിക രീതികള്‍ ഞാന്‍ ആദ്യം പരീക്ഷിച്ചതും കൂറ്റനാട്ടെ ആ നാടകത്തിലൂടെയായിരുന്നു. ‘പടക്കം’ എന്നായിരുന്നു നാടക നാമം. റഷ്യയും അമേരിക്കയും സൂക്ഷിച്ച അണുബോംബ് ആയിരുന്നു നാടക വിഷയം. ഉവ്വ്! ആ നാടകം സൃഷ്ടിച്ച ഇംപാക്ട് ഇന്നും വള്ളുവനാട്ടിലുണ്ട്. വൈദ്യമഠത്തില്‍ ബുധനാഴ്ച കാണാന്‍ വന്ന സുഹൃത്ത് ഓര്‍ക്കുന്നു:
”അന്ന് ഞാന്‍ 10ാം ക്ലാസിലാണ്. ‘പടക്കം’ കണ്ട ഭീതി ഇന്നും വിട്ടൊഴിഞ്ഞിട്ടില്ല.”
നന്ദി… വള്ളുവനാടിന്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss