|    Apr 23 Mon, 2018 7:20 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

വള്ളിക്കുന്നില്‍ ഒരു വൈകുന്നേരം

Published : 27th July 2016 | Posted By: SMR

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

രാക്ഷസീയ പീഡനപരമ്പരകള്‍ ചുറ്റിലും അരങ്ങേറുകയാണ്. ദലിത് യുവാക്കളെ ആക്രമിക്കുന്നതിനെതിരായ പ്രതിഷേധം രാജ്യമെങ്ങും ഉയരുന്നു. കേരളത്തില്‍ മാധ്യമപ്രവര്‍ത്തകരെ തെരുവില്‍ കടന്നാക്രമിക്കുന്നു. മതത്തിന്റെ പേരിലുള്ള ഭീകരത ആഗോളതലത്തില്‍ കൊടുംക്രൂരത തുടരുന്നു. ഈ കൂരിരുട്ടില്‍ ഇതാ ഒരു നുറുങ്ങുവെളിച്ചം; ഒരു നാട്ടുമൂലയില്‍നിന്ന്. കഴിഞ്ഞ ദിവസം ജന്മനാട്ടില്‍ സാക്ഷിയായ ഒരസാധാരണ അനുഭവത്തെക്കുറിച്ചു പറയട്ടെ:
ജൂലൈ 17 ഞായറാഴ്ച രാത്രി എട്ടുമണിവരെ വള്ളിക്കുന്നില്‍ നടന്ന ഒരു പൊതുപരിപാടിയെക്കുറിച്ചാണ്. അവിടത്തെ പൗരാവലിയും അവര്‍ തീര്‍ത്ത മഹാസദസ്സും അതു സംഘടിപ്പിച്ച യുവപ്രവര്‍ത്തകരും. അവര്‍ കാണിച്ചുതന്ന മാതൃക നാളെ കേരളവും നാടാകെയും ഏറ്റുവാങ്ങേണ്ടിവരും. ഒമ്പതു പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ ഒരധ്യാപകന്റെ നവതി ആഘോഷമാണ് വള്ളിക്കുന്നുകാര്‍ സമൂഹത്തിനാകെ പുതിയ മാനങ്ങള്‍ നല്‍കുന്ന ഒരു നാടിന്റെ പ്രതിജ്ഞയും കൂട്ടായ്മയുമാക്കി മാറ്റിയത്. ഒരു വ്യക്തിഗത വിഷയത്തിലൊതുക്കാതെ ഗുരുവന്ദനം, മാനവിക പ്രതിജ്ഞ, രാഷ്ട്രീയ-വിദ്യാഭ്യാസ-സാംസ്‌കാരിക-വികസന സംവാദം എന്നിങ്ങനെ വികസിപ്പിച്ചത്. സമകാലിക-സാമൂഹിക യാഥാര്‍ഥ്യങ്ങളെയും വെല്ലുവിളികളെയും അഭിസംബോധന ചെയ്യുന്ന കര്‍മപരിപാടിയാക്കി മാറ്റിയത്.
ഈ സവിശേഷത തിരിച്ചറിഞ്ഞാണ് മലയാളത്തിന്റെ പ്രിയകവി പ്രഫ. വി മധുസൂദനന്‍ നായര്‍ ക്ഷണം സ്വീകരിച്ചതും പരിപാടി തുടങ്ങുന്നതിന് മുമ്പുതന്നെ തിരുവനന്തപുരത്തുനിന്ന് എത്തിയതും. എന്നാല്‍, സഭാസമ്മേളനം പ്രഖ്യാപിച്ചതോടെ കേരള നിയമസഭാംഗങ്ങളുടെ വരവ് തടസ്സപ്പെട്ടു. പരിപാടിയുടെ പിറ്റേന്ന് പാര്‍ലമെന്റ് സമ്മേളനം പ്രഖ്യാപിച്ചതോടെ എംപിമാരുടെ വരവും പ്രതിസന്ധിയിലായി. എന്നാല്‍, മുന്‍ എംഎല്‍എ കെഎന്‍എ ഖാദര്‍, കെപിസിസി ജനറല്‍ സെക്രട്ടറി പി എം സുരേഷ് ബാബു, പ്രമുഖ മാധ്യമ നിരീക്ഷകനും എഴുത്തുകാരനുമായ എന്‍ എം പിയേഴ്‌സണ്‍, സ്ഥലം എംഎല്‍എ അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എന്നിവര്‍ എത്തി പരിപാടി സമ്പന്നമാക്കി.
നവതി ആഘോഷിക്കുന്ന മേച്ചേരി നാരായണന്‍ മാസ്റ്റര്‍ക്കും പഞ്ചായത്തിലെ 80 കഴിഞ്ഞ വരിഷ്ഠ ഗുരുവര്യന്‍മാര്‍ക്കും ഏറ്റവും മുതിര്‍ന്ന കര്‍ഷകത്തൊഴിലാളിക്കും നാടിന്റെ ആദരവ് സമര്‍പ്പിക്കുന്നതായിരുന്നു ഗുരുവന്ദനം ചടങ്ങ്. പൊന്നാടയണിയിച്ചും കാല്‍ക്കല്‍ നമസ്‌ക്കരിച്ചും നെഞ്ചോടുചേര്‍ത്ത് ആശ്ലേഷിച്ചും പ്രിയകവി പ്രഫ. വി മധുസൂദനന്‍ നായര്‍ ആദരമര്‍പ്പിച്ച രംഗം സദസ്സിനെ വികാരസാന്ദ്രമാക്കി. ”നമുക്ക് അന്നം തരുന്നവനാണ് മണ്ണില്‍ പണിയെടുക്കുന്നവനെന്ന് എന്നെ പഠിപ്പിച്ചത് അച്ഛനാണ്. ജീവിതത്തില്‍ ഞങ്ങളെപ്പോലുള്ളവര്‍ ആ ആദരവ് സൂക്ഷിച്ചുപോന്നു. എന്നാല്‍, ഇന്ന് നാം മണ്ണിനെയും അന്നദാതാക്കളെയും മറന്നു. പക്ഷേ, ഈ നാട് അതു മറന്നില്ലെന്നത് വലിയ ആശ്വാസവും മാതൃകയുമാണ്”- മധുസൂദനന്‍ നായര്‍ പറഞ്ഞു.
നവതിപൂര്‍ണിമയിലെത്തിയ മേച്ചേരി നാരായണന്‍ മാസ്റ്റര്‍ നാട്ടിലെ കേവലം അധ്യാപകന്‍ മാത്രമായിരുന്നില്ല. ജയപ്രകാശ് നാരായണന്റെ സോഷ്യലിസ്റ്റ് പാര്‍ട്ടി 1946ല്‍ വള്ളിക്കുന്നില്‍ രൂപീകരിച്ച മൂന്നുപേരില്‍ ഒരാള്‍. തുടര്‍ന്ന് രൂപപ്പെട്ട വിവിധ സോഷ്യലിസ്റ്റ് രാഷ്ട്രീയധാരകളുടെ ജില്ലാ-സംസ്ഥാനതല സംഘാടകരിലൊരാള്‍. അധ്യാപകപ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളില്‍ ഒരാള്‍. വള്ളിക്കുന്നിന്റെ പൊതു വികസനപ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളെ ഏകോപിപ്പിച്ച് നിരന്തരമായി പ്രവര്‍ത്തിച്ച് എല്ലാ വികസനസംരംഭങ്ങള്‍ക്കും മാതൃക സൃഷ്ടിച്ച ആള്‍.
താനൂര്‍, വെട്ടത്തുനാട്, ചാലിയം സാമൂതിരി രാജ്യങ്ങള്‍ക്കിടയില്‍ അറബിക്കടലിന്റെ തീരത്ത് നിലനിന്ന പരപ്പനാട് രാജ്യത്തിന്റെ ഭാഗമായിരുന്നു വള്ളിക്കുന്ന്. പിന്നീട് സാമൂതിരിവാഴ്ചയുടെ ഭാഗമായി. സൈനിക കോട്ടയുടെയും പശ്ചിമതീരത്തെ തന്ത്രപ്രധാന നാവിക നിരീക്ഷണത്തിന്റെയും കേന്ദ്രം കൂടിയായി. കുഞ്ഞാലിമരക്കാര്‍മാരുടെ പടയോട്ടത്തിനും പോര്‍ച്ചുഗീസുകാരുടെ പൊന്നാനിയിലേക്കും കൊച്ചിയിലേക്കുമുള്ള പിന്തിരിഞ്ഞോട്ടത്തിനും ഡച്ച്-ബ്രിട്ടിഷ് പടയോട്ടങ്ങള്‍ക്കുമൊക്കെ ചരിത്രസാക്ഷിയായ വള്ളിക്കുന്ന്, ബ്രിട്ടിഷ് വാഴ്ചയ്‌ക്കെതിരായ ദേശീയപ്രസ്ഥാനത്തിന്റെ ഭാഗവുമായും സോഷ്യലിസ്റ്റ്-കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ വിപ്ലവധാരകളുമായും ഇഴചേര്‍ന്ന പ്രദേശം.
ഫ്യൂഡല്‍ നാടുവാഴിത്തത്തിന്റെയും കൊളോണിയല്‍ വാഴ്ചയുടെയും കീഴില്‍ ജന്മിത്വത്തിന്റെയും ജാതിമേധാവിത്വത്തിന്റെയും പുറമ്പോക്കുകളില്‍ കഴിഞ്ഞ ഒരു സമൂഹം. അവരെ ആത്മാഭിമാനത്തിലേക്കും പുരോഗതിയിലേക്കും നയിക്കാന്‍ വെളിച്ചം തെളിയിച്ച ഒരുപാട് മുന്‍ഗാമികള്‍ വള്ളിക്കുന്നിനുണ്ട്. കോണ്‍ഗ്രസ് പ്രസ്ഥാനത്തിലും കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലും എകെജിയുടെയും പി കൃഷ്ണപ്പിള്ളയുടെയും അടുത്ത സഹപ്രവര്‍ത്തകനായിരുന്ന ‘മാതൃഭൂമി’ സ്ഥാപക പത്രാധിപരില്‍ ഒരാളായ കെ മാധവനായര്‍, വാഗ്ഭടാനന്ദന്റെ ശിഷ്യനായ, വള്ളിക്കുന്നില്‍ അക്ഷരത്തിന്റെ വെളിച്ചം പകര്‍ന്ന പരുത്തിക്കാട് കുഞ്ഞിരാമന്‍ മാസ്റ്റര്‍, കൂത്തിരേഴി അയ്യപ്പന്‍ നായര്‍, ദേശീയപ്രസ്ഥാനത്തിലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലും പ്രവര്‍ത്തിച്ച് സാധാരണ ജനങ്ങളെ അടിമത്തത്തിന്റെ ചങ്ങലക്കെട്ടുകളില്‍നിന്ന് മോചിപ്പിച്ച പാന്നാട്ട് കുഞ്ഞിരാമന്‍ നായര്‍, ദേശീയ മുഖ്യധാരയിലേക്ക് മുസ്‌ലിം സഹോദരങ്ങളെ പ്രബുദ്ധരാക്കി കൈപിടിച്ചു നയിച്ച അച്ചന്‍പാട്ട് കുഞ്ഞാലിക്കുട്ടിഹാജി, വ്യക്തി സത്യഗ്രഹത്തില്‍ പങ്കെടുത്ത കെ ടി മാധവന്‍നായരും അധ്യാപകസംഘടന കെട്ടിപ്പടുത്ത ഗോവിന്ദന്‍കുട്ടി മാസ്റ്ററും, പുതിയ തലമുറയ്ക്ക് രാഷ്ട്രീയ-അധ്യാപന മേഖലകളില്‍ മാതൃകയായ പിഐജി മേനോനും എം ആര്‍ വേലായുധന്‍ മാസ്റ്ററും മറ്റും മറ്റും. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ നെടുംതൂണായി, നാടിന്റെ വികസന-ഏകോപനശക്തിയായി മുന്നില്‍നിന്ന മേച്ചേരി നാരായണന്‍ മാസ്റ്റര്‍.
എല്ലാം നിരീക്ഷിച്ചിരിക്കെ ഓര്‍മവന്നത് 1989ല്‍ ‘അറിയപ്പെടാത്ത ഇഎംഎസി’ന് സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചതുമായി ബന്ധപ്പെട്ട വള്ളിക്കുന്നിലെ സ്വീകരണമാണ്. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി പ്രൊ. വൈസ് ചാന്‍സലര്‍ സുകുമാര്‍ അഴീക്കോട് പ്രധാന പ്രഭാഷകന്‍. ഒരു സിപിഎമ്മുകാരനെ പൊതുചടങ്ങില്‍ അഴീക്കോട് ആദ്യമായി അനുമോദിച്ച ചടങ്ങ്. വള്ളിക്കുന്നിന്റെ കൂട്ടായ്മയുടെ ആദ്യ നഖചിത്രമായിരുന്നു അത്. ജനകീയാസൂത്രണവും ഇഎംഎസ് ഉദ്ഘാടനം ചെയ്ത ചരിത്ര സെമിനാറും അതിന്റെ തുടര്‍ച്ചകളായിരുന്നു.
ലോകം ഏറെ മാറിയ ചരിത്രസന്ധിയിലാണ് മുണ്ടിയംകാവ് പറമ്പില്‍ ഇപ്പോഴത്തെ കൂട്ടായ്മയുടെ മഹാസദസ്സ് നടന്നത്. മനുഷ്യന്‍ മനുഷ്യനുചുറ്റും മതിലുകളുയര്‍ത്തുന്ന രാഷ്ട്രീയ-മതമൗലിക-തീവ്രശക്തികള്‍ക്കെതിരായ മാനവികതയുടെ പ്രതികരണം. കൂട്ടത്തില്‍ വ്യക്തിപരമായ ഒരു കാര്യംകൂടി. രണ്ടു പതിറ്റാണ്ടായി ഈ ലേഖകന് പെറ്റനാട്ടില്‍ പോലും രാഷ്ട്രീയശക്തികള്‍ ഏര്‍പ്പെടുത്തിയ അപ്രഖ്യാപിത ഊരുവിലക്ക് ഇതോടൊപ്പം തകര്‍ന്നുവീണു.
ചരിത്രത്തിന്റെ പുനരവതരണത്തെപ്പറ്റി കാള്‍ മാര്‍ക്‌സ് പറഞ്ഞിട്ടുണ്ട്. ചില വേഷപ്പകര്‍ച്ചകളോടെ അതാണ് ഇവിടെ സംഭവിച്ചത്. വിജയത്തിലേക്കു നയിച്ചത് മാനവികതയുടെ അടിസ്ഥാനത്തിലുള്ള പുതിയ കൂട്ടായ്മയാണ്. വള്ളിക്കുന്നുകാര്‍ ഈ പരിപാടിയിലൂടെ കൈവരിച്ച നേട്ടവും അതുതന്നെ. നാടിന്റെ അടിയന്തര ആവശ്യങ്ങള്‍ ഏറ്റെടുക്കാനുള്ള ആത്മവിശ്വാസവും ജനകീയശക്തിയും. അതിനു നേതൃത്വം നല്‍കിയ ഭാവിയുടെ പ്രതീക്ഷകള്‍ക്ക് അഭിനന്ദനം.

(കടപ്പാട്: വള്ളിക്കുന്ന് ഓണ്‍ലൈന്‍)

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss