|    Jan 18 Wed, 2017 3:55 pm
FLASH NEWS

വള്ളികുന്നത്തെ ആര്‍എസ്എസ് ആക്രമണം: അഞ്ചു പ്രതികള്‍കൂടി അറസ്റ്റില്‍

Published : 5th August 2016 | Posted By: SMR

മാവേലിക്കര: വള്ളികുന്നത്ത് രണ്ടുമാസം മുമ്പ് പോലിസിനു നേരെ നടന്ന ആക്രമണത്തില്‍ പ്രതികളായ അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൂടി പിടിയിലായി. ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകരായ പാവുമ്പാ മണപ്പള്ളി തെക്ക് ശാന്താലയത്തില്‍ ശരത്‌ലാല്‍ (23), വള്ളികുന്നം കടുവിനാല്‍ വേലന്തറയില്‍ ശ്രീരാജ് (23), കടുവിനാല്‍ മലരിയില്‍ വടക്കതില്‍ തൂഫാന്‍ തുളസി (25), താളിരാടി ശങ്കരഭവനത്തില്‍ വാവാച്ചന്‍ (അശോക്കുമാര്‍- 32) തെക്കേമുറി കല്ലില്‍ കിഴക്കതില്‍ അജിത് (25) എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.
മെയ് 29ന് രാത്രി ഒരുമണിയോടെയാണ് അക്രമം നടന്നത്. ബൈക്കുകളില്‍ എത്തിയ 15ലധികം വരുന്ന ആര്‍എസ്എസ് സംഘം വള്ളികുന്നത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. സിപിഎം പാര്‍ട്ടി ഓഫിസുകള്‍, കൊടിമരങ്ങള്‍, ഫഌക്‌സുകള്‍ എന്നിവയാണ് പ്രധാനമായും തകര്‍ന്നത്. സിപിഐ, കോണ്‍ഗ്രസ് എന്നിവരുടെ കൊടിമരങ്ങളും കാഞ്ഞിപ്പുഴയില്‍ സ്ഥാപിച്ചിരുന്ന എസ്ഡിപിഐയുടെ കൊടിയും പോപുലര്‍ ഫ്രണ്ടിന്റെ ഫഌക്‌സ് ബോര്‍ഡും അക്രമിസംഘം നശിപ്പിച്ചിരുന്നു. അക്രമം നടത്തുന്ന വിവരമറിഞ്ഞെത്തിയ പോലിസിനുനേരെ കാമ്പിശേരി ജങ്ഷനില്‍ വച്ചു അസഭ്യം പറയുകയും വടിവാള്‍ കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. കൂടുതല്‍ പേര്‍ ആയുധങ്ങളുമായി തമ്പടിച്ചതോടെ ആദ്യം പിന്തിരിഞ്ഞ പോലിസ് പിന്നീട് ഡിവൈഎസ്പിയുടെ സ്‌ട്രൈക്കിങ് ഫോഴ്‌സുമായി കൂടുതല്‍ സന്നാഹത്തോടെ തിരിച്ചെത്തി.
കൂടുതല്‍ പോലിസിനെ കണ്ടതോടെ കറുത്തമുഖംമൂടി ധരിച്ചായിരുന്നു ആക്രമണം. ബൈക്കുകളുടെ ഹെഡ്‌ലൈറ്റും നമ്പര്‍പ്ലേറ്റും തോര്‍ത്ത് ഉപയോഗിച്ചു മറക്കുകയും വാള്‍ചുഴറ്റി പോലിസിനെ അക്രമിക്കാന്‍ ശ്രമിക്കുകയും പോലിസ് ബസ്സിനുനേരെ കല്ലെറിയുകയും ചെയ്തു. സംഭവദിവസം തന്നെ അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകരെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലും മൊബൈല്‍ടവറുകള്‍ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിലുമാണ് മറ്റു പ്രതികളെ പിടികൂടാനായതെന്ന് പോലിസ് പറഞ്ഞു.
ആക്രമണത്തിന് ഉപയോഗിച്ച വടിവാള്‍, വെട്ടുകത്തി, ചുറ്റിക, കമ്പിവടി എന്നിവ പോലിസ് കണ്ടെടുത്തു. 15 പേരാണു കേസിലെ പ്രതികള്‍. രാത്രികാലങ്ങളില്‍ മാത്രം നാട്ടില്‍ പ്രത്യക്ഷപ്പെടാറുള്ള പ്രതികളില്‍ പലരും ധാരാളം കേസുകളില്‍ പ്രതികളാണ്. പിടിയിലായ വാവാച്ചന്‍ കടുവിനാല്‍ അഷ്‌റഫ് വധക്കേസില്‍ അഞ്ചുവര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചയാളാണ്. തുടര്‍ച്ചയായ അക്രമപരമ്പരകളിലൂടെ ആര്‍എസ്എസ് വള്ളികുന്നത്തു കലാപത്തിനു കോപ്പുകൂട്ടുകയാണെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആരോപിച്ചു. അക്രമത്തിന്റെ പശ്ചാത്തലത്തില്‍ കാമ്പിശേരിയില്‍ ഇതിനു മുമ്പുണ്ടായിരുന്ന പോലിസ് എയ്ഡ്‌പോസ്റ്റ് പുനസ്ഥാപിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം ശക്തമായിരിക്കുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 136 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക