|    Nov 14 Wed, 2018 7:23 pm
FLASH NEWS

വള്ളത്തോള്‍ സ്മരണകള്‍ പ്രതിരോധത്തിന് ഊര്‍ജമാവണം: മുഖ്യമന്ത്രി

Published : 2nd April 2018 | Posted By: kasim kzm

ചെറുതുരുത്തി: സാംസ്‌കാരിക മേഖലകളിലെ സാമ്രാജ്യത്വ അധിനിവേശത്തിനെതിരായ പോരാട്ടങ്ങള്‍ക്ക് മഹാകവി വള്ളത്തോള്‍ നാരായണമേനോന്റെയും രവീന്ദ്രനാഥ ടാഗോറിന്റെയും രുഗ്മിണീ ദേവിയുടെയും ഓര്‍മ്മകള്‍ ശക്തി പകരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള കലാമണ്ഡലം കല്‍പിത സര്‍വ്വകലാശാല കൂത്തമ്പലത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ കലാപുരസ്‌കാര സമര്‍പ്പണവും നിള ദേശീയ നൃത്ത സംഗീതോല്‍സവത്തിന്റെ സമാപന ഉദ്ഘാടനവും നിര്‍വ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.
മഹാകവി വള്ളത്തോളിന്റെ ദീര്‍ഘദര്‍ശിത്വത്തിനുദാഹരണമാണ് കലാമണ്ഡലം. ഇതുപോലെയാണ് കവി രവീന്ദ്രനാഥ ടാഗോര്‍ വിശ്വഭാരതിയും തമിഴ്‌നാട്ടിലെ രുഗ്മിണി ദേവി കലാക്ഷേത്രയും സ്ഥാപിച്ചത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തോട് തനതു കലകളാല്‍ സാംസ്‌കാരിക പ്രതിരോധം തീര്‍ക്കുകയായിരുന്നു ഈ സ്ഥാപനങ്ങള്‍. പുതിയകാലവും ഇത്തരം ഇടപെടലുകള്‍ ആവശ്യപ്പെടുന്നുവെന്നത് നാം തിരിച്ചറിയണം. കേരള കലാമണ്ഡലം സ്ഥാപിച്ചപ്പോള്‍ നേരിട്ട വിപരീത സാഹചര്യങ്ങളെ ലോട്ടറി നടത്തിയാണ് വള്ളത്തോള്‍ നാരായണമേനോന്‍ മറികടന്നത്.
കലാമണ്ഡലത്തിന്റെ സാമൂഹികവും സാംസ്‌കാരികവുമായ പ്രാധാന്യം മനസിലാക്കിയാണ് സര്‍ക്കാര്‍ കലാമണ്ഡലത്തെ കല്‍പിത സര്‍വകലാശാലയാക്കി മാറ്റുന്നത്. ഇതിനുള്ള കവി ഒഎന്‍വിയുടെ ഇടപെടലുകള്‍ മറക്കാവുന്നതല്ല. സാംസ്‌കാരിക പ്രതിരോധരംഗത്ത് ധീരമായ ഇടപെടലുകള്‍ക്ക് നേതൃത്വം കൊടുത്ത മഹാകവി വള്ളത്തോളിന്റെ പേരാണ് സര്‍ക്കാര്‍ തൃശൂരില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന സാംസ്‌കാരിക സമുച്ചയത്തിന് നല്‍കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. യുആര്‍ പ്രദീപ് എംഎല്‍.എ അധ്യക്ഷത വഹിച്ചു. സംസ്ഥാന കഥകളി പുരസ്‌കാരം നേടിയ കലാമണ്ഡലം കെ ജി വാസുദേവന്‍ നായര്‍, പല്ലാവൂര്‍ അപ്പുമാരാര്‍ സ്മാരകപുരസ്‌കാരം നേടിയ അന്നമനട പരമേശ്വര മാരാര്‍, കേരളീയ നൃത്തനാട്യ പുരസ്‌കാരം നേടിയ നിര്‍മ്മല പണിക്കര്‍ എന്നിവര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരങ്ങള്‍ സമര്‍പ്പിച്ചു.
സ്റ്റാഫ് കമ്മിറ്റി ചെയര്‍മാന്‍ ടി കെ വാസു, വികസന കമ്മിറ്റി ചെയര്‍മാന്‍ ഡോ.എന്‍ ആര്‍ ഗ്രാമപ്രകാശ്, ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ കലാമണ്ഡലം പ്രഭാകരന്‍ എന്നിവര്‍ പ്രശസ്തി പത്രം വായിച്ചു. മുന്‍ നിയമസഭ സ്പീക്കര്‍ കെ രാധാകൃഷ്ണന്‍ വിശിഷ്ടാതിഥിയായി. ഡോ.പി കെ ബിജു എംപി മുഖ്യപ്രഭാഷണം നടത്തി. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി രാധാകൃഷ്ണന്‍, വള്ളത്തോള്‍ നഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പത്മജ, കലാമണ്ഡലം ഭരണസമിതിയംഗങ്ങളായ വാസന്തിമേനോന്‍, പി വി വിജയകുമാര്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss