|    Jan 23 Mon, 2017 8:11 am

വള്ളങ്ങള്‍ക്ക് ലക്ഷം രൂപ വീതം നഷ്ടപരിഹാരം; തകര്‍ന്ന വള്ളങ്ങള്‍ കരയ്‌ക്കെത്തിക്കാന്‍ സര്‍ക്കാര്‍ സംവിധാനമില്ല

Published : 4th August 2016 | Posted By: SMR

അമ്പലപ്പുഴ: പുന്നപ്ര വിയാനി കടല്‍ത്തീരത്തുണ്ടായ കടല്‍ക്ഷോഭത്തില്‍ തകര്‍ന്നടിഞ്ഞ വള്ളങ്ങള്‍ കരയ്‌ക്കെത്തിക്കാന്‍ സര്‍ക്കാര്‍ സംവിധാനമൊരുക്കാത്തതിനെതിരേ പ്രതിഷേധം. ഇന്നലെ പുലര്‍ച്ചെ ആറുമുതല്‍ നൂറുകണക്കിന് മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ അപകടത്തില്‍പ്പെട്ടു കിടന്ന വള്ളങ്ങളും വലകളും കരയ്‌ക്കെത്തിക്കാന്‍ ശ്രമമാരംഭിച്ചു. ആവശ്യമായ സന്നാഹങ്ങളൊരുക്കാന്‍ ഉദ്യോഗസ്ഥരാരും ഇവിടെ എത്താത്തതില്‍ പ്രതിഷേധമുയര്‍ന്നു.
കടല്‍ക്ഷോഭത്തില്‍ നാശനഷ്ടം സംഭവിച്ച വള്ളങ്ങളുടെ ഗ്രൂപ്പുകള്‍ക്ക് ഓരോ ലക്ഷം രൂപവീതം അടിയന്തരമായി നല്‍കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായതായി മന്ത്രി ജി സുധാകരന്‍ അറിയിച്ചു. ഇപ്പോള്‍ 28 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചത്. രണ്ട് കോടിരൂപയുടെ നാശനഷ്ടമാണു തിട്ടപ്പെടുത്തിയിരിക്കുന്നത്. റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബാക്കി തുക അനുവദിക്കാനാണു നീക്കം.
ചൊവ്വാഴ്ച പുലര്‍ച്ചെ പുന്നപ്ര ചള്ളിക്കടപ്പുറത്തുണ്ടായ കടലാക്രമണത്തില്‍പ്പെട്ട് കരയിലുണ്ടായിരുന്ന 27 വള്ളങ്ങളാണു തകര്‍ന്നത്. ഉച്ചയോടെ കായംകുളത്തുനിന്ന് ഫിഷറീസ് ബോട്ട് എത്തിച്ചെങ്കിലും കടല്‍ പ്രക്ഷുബ്ധമായതിനാല്‍ യാതൊരു രക്ഷാപ്രവര്‍ത്തനവും നടത്താനാവാതെ ഇവര്‍ മടങ്ങി. ഇന്നലെ രക്ഷാപ്രവര്‍ത്തനം നടത്താന്‍ ഒരു എക്‌സ്‌കവേറ്റര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇപ്രകാരം നാല് വള്ളങ്ങള്‍ മാത്രമാണ് ഇന്നലെ കരയ്‌ക്കെത്തിക്കാന്‍ സാധിച്ചത്. എക്‌സ്‌കവേറ്ററില്‍ കയറു കെട്ടിയാണ് വലകള്‍ കരയ്‌ക്കെത്തിച്ചത്. കൂടുതല്‍ എക്‌സ്‌കവേറ്ററുകള്‍ ആവശ്യമായിരുന്നുവെങ്കിലും ഇത് ഏര്‍പ്പെടാക്കാന്‍ ഉദ്യോഗസ്ഥരാരും സ്ഥലത്തെത്തിയിരുന്നില്ല.
ഇതിനിടെ വള്ളവും വലയും തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്നതിനിടെ കയര്‍ പൊട്ടി ഒമ്പതു മല്‍സ്യത്തൊഴിലാളികള്‍ക്കു പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇന്നലെ രാവിലെ പത്തു മണിയോടെയാണ് പുന്നപ്ര ചള്ളിക്കടപ്പുറത്ത് അപകടമുണ്ടായത്. ഇവരെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുന്നപ്ര വില്ലേജ് ഓഫിസിലെ രണ്ട് ജീവനക്കാരും ആലപ്പുഴ സൗത്ത് സിഐ കെ എന്‍ രാജേഷിന്റെ നേതൃത്വത്തില്‍ പോലിസും അഗ്നിശമന സേനാ യൂനിറ്റും മാത്രമാണു സ്ഥലത്തുണ്ടായിരുന്നത്. പുന്നപ്രയില്‍ ഉള്‍പ്പെടെ കേരളതീരത്ത് കഴിഞ്ഞ ദിവസം രൂപപ്പെട്ടതു കള്ളക്കടല്‍(വേവ് സര്‍ജ്) പ്രതിഭാസമാണെന്നാണ് ഈ രംഗത്തുള്ളവരുടെ വിശദീകരണം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക