|    Feb 28 Tue, 2017 11:49 am
FLASH NEWS

വള്ളക്കടവില്‍ സ്ഥാപിച്ച ഹോട്ട് മിക്‌സ് പ്ലാന്റ് മാറ്റണമെന്ന്;ഇന്ന് ജനകീയ കണ്‍വന്‍ഷന്‍

Published : 22nd October 2016 | Posted By: SMR

തിരുവനന്തപുരം: വിമാനത്താവള റണ്‍വേ റീടാറിങ് ചെയ്യുന്നതിന്റെ ഭാഗമായി വള്ളക്കടവില്‍ സ്ഥാപിച്ചിട്ടുള്ള ഹോട്ട് മിക്‌സ് പ്ലാന്റ് പ്രദേശവാസികളുടെ ആരോഗ്യത്തിന് ഭീഷണിയാവുന്നതായി ജനകീയ സമരസമിതി. എന്‍വയോണ്‍മെന്റല്‍ പ്രോട്ടക്ഷന്‍ സ്റ്റാന്‍ഡേര്‍ഡിന് വിരുദ്ധമായാണ് പ്ലാന്റ് സ്ഥാപിച്ചിട്ടുള്ളത്. ഇതിനെതിരെ രൂപികരിക്കപ്പെട്ട ജനകീയ സമിതിയുടെ നേതൃത്വത്തില്‍ നാളെ വൈകിട്ട് 4.30ന് വള്ളക്കടവ് പതിനാറ് കാല്‍ മണ്ഡപത്തില്‍ ബഹുജന കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുമെന്ന് ചെയര്‍മാര്‍ എം നസീര്‍ പറഞ്ഞു. പ്ലാന്റില്‍ നിന്നും വമിക്കുന്ന പുകയില്‍ കാന്‍സര്‍ ജന്യ വിഷ വാതകങ്ങളാണുള്ളത്. പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോ കാര്‍ബണ്‍സ്, ബെന്‍സിന്‍ വാതകങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. ജനസാന്ദ്രത കൂടുതലുള്ളതും ആയിരക്കണക്കിന് കുടുംബങ്ങളിലായി വിവിധപ്രായക്കാരും ദുര്‍ബല വിഭാഗത്തില്‍പ്പെട്ടവരും അധിവസിക്കുന്ന പ്രദേശമാണ് വള്ളക്കടവ്. ഇത്തരം പ്രദേശത്ത് കീല്‍ പ്ലാന്റ് സ്ഥാപിച്ചതിലൂടെ അതീവ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് ഭാവിയില്‍ ഉണ്ടാകുക. പ്ലാന്റില്‍ ഗ്രാവല്‍, മണല്‍ ക്രൂഡ് ഓയില്‍ എന്നിവ കൂട്ടി കലര്‍ത്തിയാണ് കീല്‍ ഉല്‍പ്പാദിപ്പിക്കുന്നത്. നിരവധി രാസപദാര്‍ഥങ്ങള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ട്. വായുമലിനീകരണത്തിന് കാരണമാകുന്ന ആര്‍സനിക്, ബെന്‍സിന്‍, ഫോര്‍മാല്‍ഡിഹൈഡ്, കാഡ്മിയം തുടങ്ങിയവയും മാസംതോറും ഈ പ്ലാന്റ് പുറത്തുവിടുന്നുണ്ട്. ട്രക്കുകളില്‍ കീല്‍ കയറ്റിപോവുമ്പോഴും വിഷപദാര്‍ഥങ്ങള്‍ വായുവില്‍ ലയിക്കുന്നുണ്ട്. ഇതിലൂടെ സ്ത്രീകളിലും കുട്ടികളിലും വൃദ്ധരിലും കാന്‍സര്‍ ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് ഗവേഷണ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. ഇത്തരം പ്ലാന്റുകള്‍ മതിയായ പരിശോധന കൂടാതെ സ്ഥാപിക്കുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. എല്ലാ നിയമങ്ങളും നിബന്ധനകളും പാലിക്കാമെന്ന വ്യവസ്ഥയിലാണ് ഇത്തരം പ്ലാന്റുകള്‍ പലപ്പോഴും സ്ഥാപിക്കപ്പെടുന്നതെങ്കിലും പ്ലാന്റിന്റെ ഉടമസ്ഥര്‍ ഉത്തരവാദിത്തം നിര്‍വഹിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനുള്ള സംവിധാനം നിലവിലില്ല. കൂടുതല്‍ സുരക്ഷിതത്വവും കുറഞ്ഞ ജനസാന്ദ്രതയും ഉള്ള മറ്റൊരിടത്തേക്ക് പ്ലാന്റ് മാറ്റി സ്ഥാപിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ രക്ഷാധികാരി സാജിതാ നാസര്‍, ജനറല്‍ സെക്രട്ടറി ഇ സുധീര്‍, കണ്‍വീനര്‍ അലീം കൈരളി, വനിത കണ്‍വീനര്‍ ഫാത്തിമ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day