|    Dec 15 Sat, 2018 12:39 am
FLASH NEWS

വളാഞ്ചേരിയില്‍ മോഷണശ്രമത്തിനിടെ വൃദ്ധദമ്പതികള്‍ക്ക് വെട്ടേറ്റു

Published : 4th January 2018 | Posted By: kasim kzm

വളാഞ്ചേരി: മോഷണശ്രമത്തിനിടെ  വൃദ്ധ ദമ്പതികള്‍ക്ക് വെട്ടേറ്റു. കൃത്യം നടത്തി രക്ഷപ്പെട്ട പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടി. ചൊവ്വാഴ്ച രാത്രി  കാവുംപുറത്താണ് സംഭവം. കാവുംപുറം കോതോള്‍ ദര്‍ശനയില്‍ കുഞ്ഞന്‍ നായര്‍ (72), ഭാര്യ സുലോചന (67) എന്നിവര്‍ക്കാണ് വെട്ടേറ്റത്.
സംഭവത്തില്‍ നാട്ടുകാരനായ പ്രതി കാവുംപുറം കോതോള്‍ പാറയില്‍ വീട്ടില്‍ പ്രമോദിനെ (42) വളാഞ്ചേരി പോ ലിസ് അറസ്റ്റ് ചെയ്തു. വൃദ്ധ ദമ്പതികള്‍ മാത്രം താമസിക്കുന്ന വീട്ടില്‍ നാട്ടുകാരനായ പ്രതിയാണ് മുഖംമൂടി ധരിച്ച് അതിക്രമിച്ച് കയറിയത്. തുടര്‍ന്ന് സുലോചനയുടെ കഴുത്തില്‍ വെട്ടുകത്തി വച്ച് ആഭരണങ്ങള്‍ ഊരി നല്‍കാന്‍ ആവശ്യപ്പെട്ടു. ആഭരണങ്ങള്‍ നല്‍കാന്‍ സുലോചന വിസമ്മതിച്ചതോടെ കഴുത്തിന് നേരെ വെട്ടുകത്തി വീശിയെങ്കിലും ചുമലിലാണ് വെട്ടേറ്റത്. അക്രമം തടയാനെത്തിയപ്പോള്‍ കുഞ്ഞന്‍ നായരുടെ കൈക്കും വെട്ടേറ്റു. ദമ്പതികള്‍ നിലവിളിച്ചതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ സംഭവം നടന്ന വീടിന്റെ അര കിലോമീറ്റര്‍ അകലെ നിന്നും വെട്ടുകത്തി കണ്ടെത്തി.
ജീന്‍സ് പാന്റും ടീഷര്‍ട്ടും ധരിച്ചയാളാണ് അക്രമം നടത്തിയതെന്ന ദമ്പതികളുടെ മൊഴിയാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്. പ്രതിയെ സംഭവത്തിന് മുന്‍പ് നാട്ടുകാര്‍ കണ്ടിരുന്നു. പ്രതിയെ അന്വേഷിച്ച് പോലിസ് അയാളുടെ വീട്ടിലെത്തിയെങ്കിലും ഏറെ നേരത്തെ തെരച്ചിലിനൊടുവില്‍ ബാത്ത് റൂമില്‍ നിന്നും പിടികൂടി. ആദ്യം പ്രതി കുറ്റം നിഷേധിച്ചെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടാണ് പ്രതിയെ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പോലിസ് പറഞ്ഞു. പരിക്കേറ്റ സുലോചന 15 പവനോളം വരുന്ന ആഭരണം സ്ഥിരമായി ധരിക്കാറുള്ളത് പ്രതി ശ്രദ്ധിച്ചിരുന്നു. കൃത്യത്തിന് മൂന്നു ദിവസം മുമ്പ് വളാഞ്ചേരിയിലെ ഒരു കടയില്‍ നിന്ന് ഇയാള്‍ വെട്ടുകത്തി വാങ്ങിയതായി പോലി സ് കണ്ടെത്തി. സംഭവസമയത്ത് പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങള്‍ തൊട്ടടുത്ത കുളത്തില്‍ ഉപക്ഷിച്ചിരുന്നു. ഇവയും കണ്ടെടുത്തു. വളാഞ്ചേരി സിഐ എന്‍ കെ കൃഷ്ണന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ ബഷീര്‍ സി ചിറക്കല്‍, വി പി ശശി, എഎസ്‌ഐ ശംസുദ്ധീന്‍, എസ്‌സിപിഒമാരായ സുരേഷ്, മജീദ്, സിപിഒമാരായ അബ്ദുറഹ്മാന്‍, ശ്രീജിത്ത്, ഡിവൈഎസ്പിയുടെ സ്‌ക്വാഡ് അംഗങ്ങളായ ജയപ്രകാശ്, അബ്ദുള്‍ അസീസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.  പ്രതിയെ ഇന്ന് തിരൂര്‍ കോടതിയില്‍ ഹാജരാക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss