|    Jan 17 Tue, 2017 12:48 pm
FLASH NEWS

വളര്‍ത്തു മൃഗങ്ങളെ മോഷ്ടിക്കുന്ന സംഘത്തിലെ രണ്ട് യുവാക്കള്‍ പിടിയില്‍; പ്രധാന പ്രതി ഒളിവില്‍

Published : 6th June 2016 | Posted By: SMR

ഓയൂര്‍: ഓയൂര്‍ മേഖലയില്‍ കഴിഞ്ഞ കുറെ നാളുകളായി വളര്‍ത്തു മൃഗങ്ങളെ മോഷ്ടിച്ച് വില്‍പ്പന നടത്തുന്ന സംഘത്തിലെ രണ്ടു പേരെ പൂയപ്പള്ളി പോലിസ് അറസ്റ്റ് ചെയ്തു. മീയ്യന മുളമുക്കില്‍ അനീഷ് (30), നിഷാദ് മന്‍സിലില്‍ നിഷാദ് (29) എന്നിവരാണ് പിടിയിലായത്.

സംഘാംഗങ്ങളില്‍ ഒന്നാം പ്രതി അനീഷിന്റെ ജ്യേഷ്ഠന്‍ വിനേഷ്(32) ഒളിവിലാണ്. ആറ്റൂര്‍ക്കോണം ബ്രദേഴ്‌സ് ഭവനില്‍ മുഹമ്മദ് ബഷീറിന്റെ ഒരു വയസ് പ്രായമുള്ള രണ്ട് ആണാടുകളെ മോഷ്ടിച്ച കേസിലാണ് ഇവര്‍ പിടിയിലായത്. മോഷ്ടിച്ച ആടുകളെ ശാസ്താംകോട്ട് ഭരണിക്കാവ് കോട്ടവയ്യാങ്കരയിലുള്ള കാലിച്ചന്തയില്‍ വിറ്റതായി ഇവര്‍ സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ കുറെ നാളുകളായി ഓയൂരിലും പരിസര പ്രദേശങ്ങളിലും നിരവധി ആടുകള്‍ മോഷണം പോയിരുന്നു. അവസാനമായി മരുതതമണ്‍പള്ളി സ്വദേശി ജോയി എന്നയാളുടെയും പാപ്പാലോട് പുതുവിളവീട്ടില്‍ സൈനുദ്ദീന്റെയും രണ്ട് ആടുകളള്‍ വീതമാണ് മോഷണം പോയത്.
ജോയി പൂയപ്പള്ളി പോലിസില്‍ നല്‍കിയ പരാതിയില്‍ തലേദിവസം ആടിന് വിലപറഞ്ഞയാളെ സംശയുമുള്ളതായി അറിയിച്ചതിനെ തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്തതില്‍നിന്നും ഭരണിക്കാവിലെ കാലിച്ചന്തയില്‍ പ്രതികള്‍ ആടിനെ കച്ചവടം ചെയ്യുന്നത് കണ്ടതായി അദ്ദേഹം വെളിപ്പെടുത്തി.
ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. മോഷ്ടിക്കുന്ന ആടുകളെ അഞ്ചല്‍, ആറ്റിങ്ങല്‍ മാമം, പാരിപ്പള്ളി, ഭരണിക്കാവ്, പരുത്തിയറ എന്നിവിടങ്ങളിലെ ചന്തകളിലാണ് വില്‍പ്പന നടത്തുന്നത്. ആടുകളെ അനീഷിന്റെ ഓട്ടോയിലും ബിനീഷിന്റെ കാറിലുമായാണ് കൊണ്ടുപോകുന്നത്. ഒന്നാം പ്രതി അനീഷ് ഓയൂര്‍ ചുങ്കത്തറ ഓട്ടോ സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറാണ്. രണ്ടാം പ്രതി വിനീഷ് മെഡിക്കല്‍ റെപ്രസന്റേറ്റീവാണ്. മൂന്നാം പ്രതി നിഷാദ് പാചകത്തൊഴിലാളിയാണ്. പ്രദേശത്ത് നിന്നും കഴിഞ്ഞ കുറേ മാസങ്ങളായി 25-ല്‍പ്പരം ആടുകള്‍ മോഷണം പോയിട്ടുണ്ട്.
കൂടുതല്‍ ആളുകള്‍ സംഘത്തിലുണ്ടോ എന്നതിനെ ക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് പോലിസ് അറിയിച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പാപ്പാലോട് പുതുവിളവീട്ടില്‍ സൈനുദ്ദീന്റെ വീട്ടില്‍നിന്നും മരുതമണ്‍പള്ളി സ്വദേശി ജോയിയുടെ വീട്ടില്‍നിന്നും മോഷണം പോയ ആടുകളെക്കുറിച്ചും പാപ്പാലോട് നജീം മന്‍സിലില്‍ അബ്ദുല്‍ വാഹിദിന്റെ പശുവിനെ കളിയിലില്‍നിന്നും അഴിച്ചിറക്കി കടത്താന്‍ ശ്രമിച്ചവരെയും കണ്ടെത്താന്‍ പോലിസിന് കഴിഞ്ഞിട്ടില്ല. പ്രദേശത്ത് വ്യാപകമായ കോഴിമോഷണ പ്രതികളെയും പോലിസ് ഇനിയും കണ്ടെത്തേണ്ടതുണ്ട്.
കൊട്ടാരക്കര ഡിവൈഎസ്പി അശോകന്റെ നിര്‍ദ്ദേശപ്രകാരം എഴുകോണ്‍ സിഐ ജോണിന്റെ മേല്‍നോട്ടത്തില്‍ പൂയപ്പള്ളി എസ്‌ഐ ഫറോസ്, എസ്‌സിപിഒ ശ്രീലാല്‍, സിപിഒ വിനോദ് കുമാര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 43 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക