|    Jan 17 Tue, 2017 12:23 pm
FLASH NEWS

വളര്‍ത്തുനായകള്‍ക്ക് ലൈസന്‍സ് പദ്ധതി; 18 വര്‍ഷമായിട്ടും നടപ്പായില്ല

Published : 24th August 2016 | Posted By: SMR

എ പി വിനോദ്

കാസര്‍കോട്: സംസ്ഥാനത്തെ പേവിമുക്തമാക്കാന്‍ 18 വര്‍ഷം മുമ്പ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതികള്‍ ഇപ്പോഴും ചുവപ്പുനാടയില്‍. സംസ്ഥാന വെറ്ററിനറി അസോസിയേഷന്റെയും സര്‍ക്കാരിന്റെയും നേതൃത്വത്തില്‍ കേരളത്തെ സമ്പൂര്‍ണ പേവിമുക്ത സംസ്ഥാനമാക്കാനുള്ള പദ്ധതികളാണ് ലക്ഷ്യം കാണാതെ പോയത്.
കണ്ണൂര്‍ ജില്ലയിലെ പെരിങ്ങോം-വയക്കര പഞ്ചായത്തിനെ സമ്പൂര്‍ണ പേവിമുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. തെരുവുനായ്ക്കളെ കൊന്നൊടുക്കുന്നതിനു പുറമേ വളര്‍ത്തുപട്ടികള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പെടുത്താനും പദ്ധതി വിഭാവനം ചെയ്തിരുന്നു.
വളര്‍ത്തുനായകള്‍ക്ക് പ്രതിരോധ കുത്തിവയ്പ് ഏര്‍പ്പെടുത്തുക, ലൈസന്‍സില്ലാതെ നായ്ക്കളെ വളര്‍ത്തുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കുക തുടങ്ങിയവ ഈ പദ്ധതിയുടെ ലക്ഷ്യങ്ങളില്‍ പ്രധാനമായിരുന്നു. വളര്‍ത്തുനായകള്‍ക്ക് അസുഖം പിടിക്കുമ്പോഴും കൂടുതല്‍ കുട്ടികള്‍ ഉണ്ടാവുമ്പോഴും തെരുവില്‍ ഉപേക്ഷിക്കുന്നതാണ് നിലവില്‍ അലഞ്ഞുതിരിയുന്ന നായ്ക്കള്‍ വര്‍ധിക്കാനിടയാക്കിയത്. തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിന് സംസ്ഥാനതലത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോഴും വളര്‍ത്തുനായകളുടെ കാര്യത്തില്‍ മൗനം അവലംബിക്കുകയാണ്. കേരളത്തില്‍ എത്ര വളര്‍ത്തുനായകള്‍ ഉണ്ടെന്ന കണക്ക് മൃഗസംരക്ഷണവകുപ്പിനുപോലും ലഭ്യമല്ല. 10 വര്‍ഷം മുമ്പ് വീട്ടില്‍ പട്ടികളെ വളര്‍ത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ലൈസന്‍സ് നിര്‍ബന്ധമായിരുന്നു. എന്നാ ല്‍, ഇന്ന് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനവും ഇക്കാര്യത്തി ല്‍ ജാഗ്രതപാലിക്കുന്നില്ല.
വളര്‍ത്തുനായകള്‍ക്ക് പഞ്ചായത്ത് ബെല്‍റ്റ് കൊടുക്കുന്ന സമ്പ്രദായം നിലവിലുണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ ഇതും നിലച്ചിരിക്കുകയാണ്. സംസ്ഥാനത്ത് 2.5 ലക്ഷം തെരുവുനായ്ക്കള്‍ ഉണ്ടെന്നാണ് സര്‍ക്കാരിന്റെ കണക്ക്. എന്നാല്‍, വളര്‍ത്തുനായകളുടെ കണക്ക് ഇപ്പോഴും അവ്യക്തമാണ്.
വര്‍ഷംതോറും വെറ്ററിനറി ആശുപത്രികളില്‍ പേവിഷബാധയ്‌ക്കെതിരേ കുത്തിവയ്‌പെടുക്കുന്ന പട്ടികളുടെ കണക്ക് മാത്രമാണ് അധികൃതരുടെ പക്കലുള്ളത്. 2015 ജനുവരി ഒന്നു മുതല്‍ ജൂലൈ 12 വരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ നായയുടെ കടിയേറ്റ് ചികില്‍സയ്‌ക്കെത്തിയവ ര്‍ 1,074 ആണ്. 75.6 ശതമാനവും വളര്‍ത്തുനായകളുടെ കടിയേറ്റ് എത്തിയവരാണ്. സംസ്ഥാനത്ത് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനവും കഴിഞ്ഞ കുറേ വ ര്‍ഷങ്ങളായി വളര്‍ത്തുനായകള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ നടപടി സ്വീകരിച്ചിട്ടില്ല. സംസ്ഥാനത്ത് ആദ്യമായി കാസര്‍കോട് ജില്ലയില്‍ തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിന് എബിസി പദ്ധതി ആവിഷ്‌കരിച്ചപ്പോഴും വളര്‍ത്തുനായകളുടെ നിയന്ത്രണത്തിന് സംവിധാനം ഏര്‍പ്പെടുത്തിയിട്ടില്ല. അറവുശാലകളുടെ പരിസരങ്ങളിലും പാതയോരങ്ങളിലും ഉപേക്ഷിക്കുന്ന വളര്‍ത്തുപട്ടികളുടെ കുട്ടികള്‍ തെരുവുനായകളായി അലഞ്ഞുതിരിയുകയാണ്. ഇതാണ് ജനങ്ങളുടെ ജീവന് ഭീഷണിയായിത്തീരുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 47 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക