|    Oct 23 Tue, 2018 6:16 am
FLASH NEWS

വളര്‍ത്തുനായകളെ അശ്രദ്ധമായി തുറന്നുവിട്ടാല്‍ കര്‍ശന നടപടി

Published : 8th February 2018 | Posted By: kasim kzm

കല്‍പ്പറ്റ: വളര്‍ത്തുനായകളെ അശ്രദ്ധമായി തുറന്നുവിടുന്നവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ഇതിനായി നിയമനിര്‍മാണം നടത്തും. വൈത്തിരിയില്‍ വളര്‍ത്തുനായകളുടെ കടിയേറ്റ് തൊഴിലുറപ്പ് തൊഴിലാളി മരിച്ച സംഭവത്തില്‍ സി കെ ശശീന്ദ്രന്‍ എംഎല്‍എ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. മരിച്ച രാജമ്മയുടെ കുടംബത്തിന് അഞ്ചുലക്ഷം രൂപ നല്‍കുന്നതു സര്‍ക്കാര്‍ പരിഗണിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വൈത്തിരി ചാരിറ്റി അംബേദ്കര്‍ കോളനിയിലെ രാജമ്മ രാവിലെ വിറക് ശേഖരിക്കാന്‍ പോവുമ്പോഴാണ് കാരിക്കല്‍ ജോസ് എന്നയാളുടെ വളര്‍ത്തുനായകള്‍ ആക്രമിച്ചത്. സാരമായി പരിക്കേറ്റ ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചയോടെ മരിച്ചു. സംഭവം നടന്ന ഉടന്‍ തന്നെ നായകളുടെ ഉമസ്ഥനെതിരേ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ വളര്‍ത്തുനായകള്‍ക്ക് നിയമപ്രകാരമുള്ള ലൈസന്‍സ് ഇല്ലെന്നും നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്നും കണ്ടെത്തി. തുടര്‍ന്നാണ് നരഹത്യയ്ക്കു കേസെടുത്തത്. നായകളെ പരിശോധനയ്ക്ക് പൂക്കോട് വെറ്ററിനറി കോളജിലേക്ക് മാറ്റിയിട്ടുണ്ട്. രാജമ്മയുടെ കുടുംബത്തിന് അടിയന്തരമായി കലക്ടറുടെ ഫണ്ടില്‍നിന്ന് 5000 രൂപ അനുവദിച്ചു. കുടുംബത്തിന് അഞ്ചു ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിക്കുന്ന കാര്യം പരിഗണിക്കും. ഇത്തരം സംഭവങ്ങളില്‍ പിഴ മാത്രമാണ് ശിക്ഷ. ഇതിനു മാറ്റംവരുത്താന്‍ സമഗ്രമായ നിയമനിര്‍മാണം സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss