|    Sep 20 Thu, 2018 4:12 am
FLASH NEWS
Home   >  Editpage  >  Lead Article  >  

വളര്‍ച്ചാനിരക്ക് മേലോട്ടോ താഴോട്ടോ?

Published : 29th December 2017 | Posted By: kasim kzm

പ്രഫ. കെ അരവിന്ദാക്ഷന്‍

സാധാരണഗതിയില്‍, നാലു മാസത്തിലൊരിക്കല്‍ ഔദ്യോഗികമായി പുറത്തുവിടുന്ന സാമ്പത്തിക  വളര്‍ച്ചാനിരക്കി(ജിഡിപി)ല്‍ അസാധാരണത്വമൊന്നും ആരും കാണാറില്ല. എന്നാല്‍, ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ സമീപകാലത്ത് ഇതല്ല സ്ഥിതി. ഏറ്റവുമൊടുവില്‍ ലഭിക്കുന്ന വിവരമനുസരിച്ച് ജിഡിപി വളര്‍ച്ചാനിരക്ക് തൊട്ടുമുമ്പുള്ള പാദത്തില്‍ 5.7 ശതമാനമായിരുന്നത് ഇപ്പോള്‍ 6.3 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. അതേസമയം, പിന്നിട്ട ഒരു ധനകാര്യ വര്‍ഷത്തിനിടയില്‍ ഇത് 7 ശതമാനം വരെയായിരുന്നു എന്നതും ഓര്‍ക്കേണ്ടതുണ്ട്. മോദി സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ജിഡിപിയില്‍ കാണുന്ന ഈ നേരിയ വര്‍ധന ആശ്വാസകരമായി തോന്നുന്നതിലും തെറ്റില്ല. കാരണം, 12 മാസക്കാലയളവിലായിരുന്നല്ലോ സമ്പദ്‌വ്യവസ്ഥയ്ക്ക് തുടര്‍ച്ചയായി രണ്ടു ഷോക്കുകള്‍ ഏല്‍ക്കേണ്ടിവന്നത്.  സാമ്പത്തിക വളര്‍ച്ചയില്‍ അനുഭവപ്പെട്ടിരിക്കുന്ന ഈ നാമമാത്രമായ വര്‍ധനയില്‍ ആശ്വാസം കണ്ടെത്തുമ്പോള്‍ തന്നെ, മോദി സര്‍ക്കാരിനു മുമ്പില്‍ ഉയരുന്നൊരു ചോദ്യമുണ്ട്. ഇനിയെന്ത് എന്നതാണ് ആ ചോദ്യം. ലളിതമായ ഭാഷയില്‍ ഇതിനു നല്‍കാവുന്ന ഉത്തരം, ജിഡിപി വളര്‍ച്ചാനിരക്ക് ഇനിയും ഉയരേണ്ടതുണ്ട് എന്നുതന്നെയാണ്.  ഇതിനു വ്യത്യസ്ത കാരണങ്ങളാണുള്ളത്. ഒന്ന്: ധനമന്ത്രാലയം പുറത്തുവിടുന്ന വ്യക്തമായ സൂചന എന്തു വില നല്‍കേണ്ടിവന്നാലും ധനകമ്മി ജിഡിപിയുടെ 3.2 ശതമാനം എന്നതില്‍ യാതൊരുവിധ വര്‍ധനയും ഉണ്ടാവരുത് എന്നാണ്. നികുതിയേതര വരുമാനത്തില്‍ ഉണ്ടായിരിക്കുന്ന ഇടിവ് ഈ ലക്ഷ്യത്തില്‍ നിന്നു വ്യതിചലിക്കാന്‍ ഇടയാവരുത് എന്നുമാണ്. നടപ്പു ധനകാര്യ വര്‍ഷത്തിന്റെ ആദ്യപകുതിയായപ്പോള്‍ തന്നെ ധനകമ്മി അനുവദനീയമായ ഉപരിപരിധിയുടെ 96.1 ശതമാനം വരെ എത്തിനില്‍ക്കുകയാണ്.  രണ്ട്: ധനകമ്മി നിയന്ത്രിക്കാതിരുന്നാല്‍ പണപ്പെരുപ്പവും വിലക്കയറ്റവും കുത്തനെ ഉയരും. ഇക്കാരണത്താല്‍ സാമ്പത്തിക നിക്ഷേപവര്‍ധനയ്ക്ക് ഉത്തേജനമാവേണ്ട വിധത്തില്‍ വായ്പാ പലിശനിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്കിന് കഴിയാതെ വരുമെന്ന് ഉറപ്പാണല്ലോ. അതുകൊണ്ടുതന്നെ ജിഡിപി നിരക്കുവര്‍ധന അസാധ്യമാവുകയായിരിക്കും ഫലത്തില്‍ നടക്കുക. മൂന്ന്: ആഗോള വിപണിയില്‍ എണ്ണവില ക്രമേണ പുതിയ ഉയരങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. പിന്നിട്ട രണ്ടു വര്‍ഷക്കാലത്തിനിടയില്‍ ഉണ്ടായിരിക്കുന്ന വര്‍ധന 40 ശതമാനം വരെയാണ്. നിലവില്‍ ഒരു ബാരല്‍ എണ്ണവില 63-65 ഡോളര്‍ വരെയായി ഉയര്‍ന്നിരിക്കുന്നു. ഈ സാഹചര്യം തുടരാനാണ് സാധ്യത തെളിയുന്നതെന്ന് ആഗോള രാഷ്ട്രീയ സംഭവവികാസങ്ങള്‍ വ്യക്തമാക്കുന്നുമുണ്ട്. നാല്: നാലു മാസം കൂടുമ്പോള്‍ പുറത്തുവരുന്ന ജിഡിപി കണക്കുകള്‍ വ്യക്തമാക്കുന്നത് ജിഡിപിയുടെ ഭാഗമെന്ന നിലയില്‍ നിക്ഷേപനിരക്കില്‍ ക്രമേണ ഇടിവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നാണ്. മുകളില്‍ സൂചിപ്പിച്ച സാഹചര്യങ്ങള്‍ നിലവിലുണ്ടെങ്കില്‍ തന്നെയും ധനകാര്യ വര്‍ഷത്തിലെ ശേഷിക്കുന്ന പാദങ്ങളില്‍ ജിഡിപി വളര്‍ച്ചാനിരക്ക് 7 ശതമാനത്തിലെങ്കിലും തുടരാന്‍ സാധ്യതയുണ്ടെന്നാണ് കരുതപ്പെടുന്നത്. ഇതിനുള്ള പ്രധാന കാരണം അടിസ്ഥാനപാദത്തില്‍ വളരെ താണ വളര്‍ച്ചാനിരക്കാണ് ഉണ്ടായിരുന്നത് എന്നുതന്നെയാണ്- 5.7 ശതമാനം. ഉല്‍പാദന-കയറ്റുമതി മേഖലകള്‍ സാമാന്യം മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവച്ചിട്ടുള്ളതെന്നതും കേന്ദ്രഭരണകൂടത്തിന് ആശ്വാസത്തിന് ഇടനല്‍കുന്നുണ്ട്.  ഉല്‍പാദന മേഖലയുടെ മെച്ചപ്പെട്ട പ്രകടനം പരാമര്‍ശവിധേയമാക്കുമ്പോള്‍ ശ്രദ്ധിക്കപ്പെടേണ്ടൊരു കാര്യമുണ്ട്. ഈ മേഖല പൊടുന്നനെയുള്ള വളര്‍ച്ചയാണ് ഹ്രസ്വകാലത്തിനിടയില്‍ കൈവരിച്ചത്. 1.2 ശതമാനത്തില്‍ നിന്ന് 7 ശതമാനത്തിലേക്കായിരുന്നു ഈ വളര്‍ച്ച. മൊത്തം മൂല്യത്തിന്റെ അടിസ്ഥാനത്തിലുള്ള കണക്കാണിത്. അതേസമയം ഈ കണക്കാണെങ്കില്‍ വ്യവസായ ഉല്‍പാദന സൂചിക സംബന്ധമായി കേന്ദ്ര സ്ഥിതിവിവരക്കണക്കുകള്‍ തയ്യാറാക്കുന്ന സംഘടന (സിഎസ്ഒ) പുറത്തുവിട്ട കണക്കുമായി പൊരുത്തപ്പെടുന്നില്ല. രണ്ടാം പാദത്തിലെ വ്യവസായ ഉല്‍പാദന സൂചിക ഇതനുസരിച്ച് 2.2 ശതമാനമാണെന്നു കാണുന്നു. കണക്കുകള്‍ തമ്മില്‍ എന്തെല്ലാമോ തിരിമറികള്‍ നടന്നിരിക്കാമെന്നാണ് ഊഹിക്കാനാവുക. ഇതിലൊന്ന്, ഉല്‍പാദന മേഖലാ വളര്‍ച്ചയുടെ 70 ശതമാനത്തോളം, സ്വകാര്യ കോര്‍പറേറ്റ് കമ്പനികള്‍ അവര്‍ തന്നെ സ്വന്തം നിലയില്‍ തയ്യാറാക്കി നല്‍കിയ കണക്കുകളെ അടിസ്ഥാനമാക്കി ആയിരിക്കണം. ഇക്കാരണത്താല്‍ തന്നെ, ഉല്‍പാദന മേഖലയുടെ സാമ്പത്തിക ആരോഗ്യത്തില്‍ ഉണ്ടായ ഈ വളര്‍ച്ച ഒരു പരിധിവരെ കൃത്രിമമാണെന്ന നിഗമനത്തില്‍ നാം എത്തേണ്ടിവരും. ഏതായാലും ഒരു കാര്യത്തില്‍ സംശയമില്ല: നിലവിലുള്ള 6.3 ശതമാനം ജിഡിപി വളര്‍ച്ചാനിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തുക മാത്രമല്ല, അത് കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കുന്നതും എളുപ്പമാവില്ല. ഉദാഹരണം കാര്‍ഷിക മേഖല നേരിടുന്ന തളര്‍ച്ച തന്നെയാണ്. കാലവര്‍ഷം സാധാരണ നിലയിലാണെന്നിരിക്കെ മല്‍സ്യമേഖലയും വനംമേഖലയുമടക്കമുള്ള ഈ മേഖല കൈവരിക്കാനിടയുള്ള മൂല്യവര്‍ധന ആദ്യപാദത്തെ അപേക്ഷിച്ച് രണ്ടാംപാദത്തില്‍ 2.3 ശതമാനത്തില്‍ നിന്ന് 1.7 ശതമാനത്തിലേക്ക് ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു വര്‍ഷം മുമ്പ് ഇതേ കാലയളവില്‍ ഈ നിരക്ക് 4.1 ശതമാനമായിരുന്നു എന്നതും ശ്രദ്ധേയമാണ്. കാര്‍ഷിക മേഖലയാണ് ഗ്രാമീണവരുമാനത്തിന്റെയും ഉപഭോഗത്തിന്റെയും സിംഹഭാഗവും സംഭാവന ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഈ പ്രാഥമിക വികസന മേഖല നേരിടുന്ന പ്രതിസന്ധി സമ്പദ്‌വ്യവസ്ഥയെ മൊത്തത്തില്‍ പ്രതികൂലമായി ബാധിക്കുമെന്നതും അവഗണിക്കാന്‍ പാടില്ല. ഇതിലേറെ ആശങ്കയുളവാക്കുന്നൊരു സാഹചര്യമാണ് ഭക്ഷ്യോല്‍പാദനത്തില്‍ ഉണ്ടായിരിക്കുന്ന കുത്തനെയുള്ള ഇടിവ്. ഒരു വര്‍ഷക്കാലത്തിനിടയില്‍ ഭക്ഷ്യോല്‍പാദനം 10.7 ശതമാനത്തില്‍ നിന്ന് 2.8 ശതമാനത്തിലേക്കാണ് ഇടിവു രേഖപ്പെടുത്തിയിരിക്കുന്നത്. ഇതേത്തുടര്‍ന്ന് പണപ്പെരുപ്പ പ്രവണത കൂടുതല്‍ ശക്തമാകുമെന്നതില്‍ സംശയമില്ല. റിസര്‍വ് ബാങ്ക്  പണനയത്തിലൂടെ വായ്പാ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യതയില്ലാതാവുന്നത് പണപ്പെരുപ്പം ഉയര്‍ത്തുന്ന ഭീഷണിയുടെ പശ്ചാത്തലത്തിലാണെന്ന് നാം തിരിച്ചറിയാതിരുന്നുകൂടാ. ആഗോള റേറ്റിങ് ഏജന്‍സികളായ മൂഡീസും സ്റ്റാന്‍ഡേര്‍ഡ് ആന്റ് പവറും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ജിഡിപി നിരക്കുവര്‍ധന സ്ഥിരമായ ഒന്നായിരിക്കുമെന്നും വളര്‍ച്ച പുതിയ മാനങ്ങളിലേക്ക് ഉയരുമെന്നും അഭിപ്രായപ്പെട്ടതിന്റെ ചുവടുപിടിച്ച് പ്രധാനമന്ത്രി മോദിയും ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും, ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ഡിമോണിറ്റൈസേഷനും ജിഎസ്ടിയും ഉളവാക്കിയ അസ്ഥിരത തരണം ചെയ്തിരിക്കുന്നു എന്ന് അവകാശപ്പെട്ടപ്പോള്‍ നിഷ്പക്ഷ സാമ്പത്തിക വിദഗ്ധന്‍മാരാരും തന്നെ അതിനോട് യോജിക്കുകയുണ്ടായില്ല. തൊട്ടടുത്ത നാള്‍ തന്നെ, മറ്റൊരു പ്രമുഖ ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ ഫിച്ച്, കേന്ദ്രസര്‍ക്കാരിനും സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന ഏജന്‍സികള്‍ക്കും വ്യക്തികള്‍ക്കും തിരിച്ചടി നല്‍കിക്കൊണ്ടുള്ള പ്രതികരണവുമായി രംഗത്തെത്തുന്നത്. ജിഡിപി വളര്‍ച്ചാനിരക്ക് 2017ലെ ആദ്യപാദത്തില്‍ 5.7 ശതമാനം നിരക്ക് രണ്ടാംപാദത്തില്‍ 6.3 ശതമാനമായി ഉയര്‍ന്നിട്ടുണ്ടെങ്കിലും തുടര്‍ന്നുള്ള പാദങ്ങളില്‍ മൂഡീസിന്റെയും എസ് ആന്റ് പിയുടെയും നിഗമനങ്ങള്‍ തള്ളിക്കൊണ്ട് ഫിച്ച് അഭിപ്രായപ്പെടുന്നത്, ജിഡിപി വളര്‍ച്ചാനിരക്കിന്റെ ഗതി താഴോട്ടായിരിക്കുമെന്നാണ്. ജിഎസ്ടി ഉളവാക്കിയെന്ന് മോദി ഭരണകൂടം അവകാശപ്പെടുന്ന അനുകൂല ആഘാതം തുടര്‍ന്നും ഉണ്ടാവാനിടയില്ലെന്നതിന്റെ അടിസ്ഥാനത്തിലാണ് ഫിച്ചിന്റെ പുതിയ നിഗമനം. ചുരുക്കത്തില്‍, വരാനിരിക്കുന്ന 2017-18 ധനകാര്യവര്‍ഷത്തിന്റെ ഹ്രസ്വകാലയളവ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സംബന്ധിച്ചിടത്തോളം തീര്‍ത്തും ആശങ്കാകുലമായിരിക്കും.                       ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss