|    Oct 17 Wed, 2018 3:44 pm
FLASH NEWS

വളപട്ടണത്ത് കണ്ടല്‍ക്കാട് നശിപ്പിച്ചും മണല്‍ക്കടത്ത്‌

Published : 12th September 2017 | Posted By: fsq

 

വളപട്ടണം: മണല്‍ക്കടത്തിനു വേണ്ടി കണ്ടല്‍ക്കാടുകള്‍ നശിപ്പിക്കുന്നത് അറിയിച്ചും അധികൃതര്‍ക്കു അനക്കമില്ല. വളപട്ടണം റെയില്‍വേ പാലത്തിനു ഭീഷണിയാവുന്ന വിധത്തില്‍ പാലത്തിന്റെ തൂണിനു അടിയില്‍ നിന്നു പോലും മണലെടുത്ത് സംഭരിക്കുന്നതാവട്ടെ കണ്ടല്‍ക്കാട് നശിപ്പിച്ച സ്ഥലത്ത്. പാപ്പിനിശ്ശേരി പഞ്ചായത്ത് നിയന്ത്രണത്തിലുള്ള കടവുകളാണ് വ്യപകമായി കണ്ടല്‍ക്കാടുകള്‍ നശിപ്പിച്ചും ഹരിത ട്രൈബ്യൂണല്‍ നിയമത്തെ വെല്ലുവിളിച്ചും പ്രവര്‍ത്തിക്കുന്നത്. ഇതിനെതിരേ പരാതിയുമായി അഴീക്കല്‍ പോര്‍ട്ട് അധികൃതരെ സമീപിച്ചപ്പോള്‍ ഉദ്യോഗസ്ഥരും നിയമ നടപടിയെടുക്കുന്നില്ലെന്നാണ് പരാതി. അഴീക്കല്‍ പോര്‍ട്ട് പരിധിയിലെ കടവുകളില്‍ നിന്നുള്ള മണല്‍ക്കടത്ത് സഹകരണ സംഘങ്ങളില്‍ നിന്നു മാറി പഞ്ചായത്തുകളെ ഏല്‍പ്പിച്ചെങ്കിലും അനധികൃത മണല്‍ക്കടത്തിനു ശമനമില്ലെന്നാണു തെളിവുകള്‍ വ്യക്തമാക്കുന്നത്.  റെയില്‍വേ പാലലത്തിന്റെ പടിഞ്ഞാറ് 500 മീറ്റര്‍ അകലെ മണല്‍ക്കടത്തുകാര്‍ കടക്കാതിരിക്കാന്‍പോലിസ് സ്ഥാപിച്ച അടയാളം നോക്കുകുത്തിയായി മാറിയിരിക്കുകയാണ്. അഴീക്കല്‍ തുറമുഖ പരിധിയുടെ കീഴിലുള്ള അഴീക്കോട്, വളപട്ടണം, പാപ്പിനിശ്ശേരി, കല്യാശ്ശേരി, മാട്ടൂല്‍ പഞ്ചായത്തുകള്‍ക്ക് നിശ്ചിത കടവുകളില്‍ നിന്ന് മണലെടുത്ത് വിപണനം ചെയ്യാനാണ് തുറമുഖ വകുപ്പ് അനുമതി നല്‍കിയിരുന്നത്. ഇതുപ്രകാരം മണലെടുക്കുന്നവരാണ് കണ്ടല്‍ക്കാട് നശിപ്പിച്ച് സ്ഥാപിച്ച ടവറിന്റെ തറയിലും പരിസരത്തുമായി മണല്‍ സംഭരിക്കുന്നത്. സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതല്‍ കണ്ടല്‍വനമുള്ള പ്രദേശത്ത് നേരത്തേ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സംഘം കണ്ടല്‍പാര്‍ക്ക് തുടങ്ങിയപ്പോള്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പറഞ്ഞ് അടച്ചുപൂട്ടിയിരുന്നു. ഇതുപോലെ തന്നെ കണ്ടലുകള്‍ക്ക് നാശമുണ്ടാക്കുന്ന പ്രവൃത്തിയാണ് മണല്‍ക്കടത്തുകാര്‍ ചെയ്യുന്നത്.  അഴീക്കോട് പഞ്ചായത്ത് ഖനനം ചെയ്യുന്ന മണലാണ് ഇപ്പോള്‍ വില്‍പ്പന നടത്തുന്നത്. കല്യാശ്ശേരി പഞ്ചായത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. പാപ്പിനിശ്ശേരി, മാട്ടൂല്‍, വളപട്ടണം പഞ്ചായത്തുകളിലും മണല്‍ വിപണനം നിയമപ്രകാരം തുടങ്ങിയിട്ടില്ല. എന്നാല്‍ മണല്‍ ശേഖരിക്കുന്ന സ്ഥലങ്ങള്‍ അഴീക്കല്‍ തുറമുഖ പരിധിക്ക് പുറത്തുള്ള കേന്ദ്രങ്ങളിലാണെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. പരിസ്ഥിതി സംഘടനകള്‍ ഉള്‍പ്പെടെയുള്ളവര്‍ ജില്ലാ കലക്്ടര്‍ക്കും തുറമുഖ ഓഫിസര്‍ക്കും പരാതികള്‍ നല്‍കിയിട്ടും നടപടിയെടുത്തില്ലെന്നും പരാതിയുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss