|    Jul 16 Mon, 2018 10:32 am

വളപട്ടണം സഹകരണ ബാങ്കിലെ ക്രമക്കേട് : മുന്‍ മാനേജര്‍ കസ്റ്റഡിയിലെന്നു സൂചന

Published : 14th September 2017 | Posted By: fsq

 

വളപട്ടണം: യുഡിഎഫ് നിയന്ത്രണത്തിലുള്ള വളപട്ടണം സര്‍വീസ് സഹകരണ ബാങ്കില്‍ കോടികളുടെ  ക്രമക്കേട് നടത്തിയ കേസില്‍ ഒളിവിലായിരുന്ന മുഖ്യപ്രതി പോലിസ് പിടിയിലായതായി സൂചന. ബാങ്കിന്റെ മന്ന ശാഖ മുന്‍ മാനേജരായിരുന്ന കെ പി മുഹമ്മദ് ജസീലിനെയാണ് പോലിസ് പിടികൂടിയതെന്നാണു വിവരം. എന്നാല്‍, ഇക്കാര്യം പോലിസ് സ്ഥിരീകരിച്ചിട്ടില്ല. 2008-2013 കാലയളവില്‍ പ്രസിഡന്റ്, സെക്രട്ടറി, മാനേജര്‍ എന്നിവരടക്കം ഭരണസമിതി അംഗങ്ങള്‍ ചേര്‍ന്ന് 10 കോടി 60 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്നായിരുന്നു ആരോപണം. കേസില്‍ ഭരണസമിതി മുന്‍ അംഗങ്ങളും ജീവനക്കാരും ഉള്‍പ്പെടെ 14 പേരെ 2016 നവംബറില്‍ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ബാങ്ക് ഭരണസമിതി മുന്‍ പ്രസിഡന്റും മുസ്‌ലിം ലീഗ് അഴീക്കോട് മണ്ഡലം മുന്‍ പ്രസിഡന്റുമായ ടി സൈഫുദ്ദീന്‍, മുസ്‌ലിംലീഗ് നേതാവ് കണിയറക്കല്‍ ഷുക്കൂര്‍, ബാങ്കിലെ മുന്‍ സെക്രട്ടറിയും അലവിലില്‍ താമസക്കാരനുമായ കയരളം സ്വദേശി എന്‍ പി ഹംസ, എ പി സിദ്ദീഖ്, വി കെ കൃഷ്ണന്‍, കെ എം താജുദ്ദീന്‍, സി വി അംനാസ്, എം പി ഷിബു, കെ ജയശങ്കരന്‍, കെ സന്തോഷ്, ടി വി ജയകുമാര്‍, പി ഇസ്മായില്‍, കെ പി ജംഷീര്‍, കെ വി ഇബ്രാഹിം എന്നിവരെയാണ് കണ്ണൂര്‍ ഡിവൈഎസ്പി പി പി സദാനന്ദന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. മുഹമ്മദ് ജസീലിന്റെ ഭാര്യയും തളിപ്പറമ്പ് സര്‍സയ്യിദ് കോളജിലെ സുവോളജി വിഭാഗം അസിസ്റ്റന്റ് പ്രഫസറുമായ നാറാത്ത് ആലിങ്കീല്‍ സ്വദേശിനി പി വി മുംതാസിനെ 2017 മെയ് 10നും പിടികൂടി. വിദേശത്തേക്കു കടന്ന ജസീലിനെ കണ്ടെത്താന്‍ പോലിസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കുകയും ഇ ന്റര്‍പോളിന്റെ സഹായം തേടുകയും ചെയ്യുകയും ചെയ്തിരുന്നു. 2008-2013 കാലയളവില്‍ വായ്പകളില്‍ കൃത്രിമം കാട്ടിയും സാമ്പത്തിക തിരിമറി നടത്തിയും 10 കോടി 60 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായി സഹകരണ വകുപ്പ് കണ്ണൂര്‍ യൂനിറ്റ് ഇന്‍സ്‌പെക്ടര്‍ കെ വി ജയേഷിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ സ്‌പെഷ്യല്‍ ഓഡിറ്റ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇടപാടുകാരുടെ പണയസ്വര്‍ണങ്ങള്‍ സുഹൃത്തുകളുടെയും ബന്ധുക്കളുടെയും പേരില്‍ മറ്റു ബാങ്കുകളില്‍ പണയപ്പെടുത്തി ഒരുകോടിയിലേറെ രൂപ അപഹരിച്ചെന്നു കണ്ടെത്തിയതോടെയാണ് അന്വേഷണം തുടങ്ങിയത്. വടകര സ്വദേശിനി നൂര്‍ജഹാന്റെ പേരില്‍ പ്രതികള്‍ വ്യാജമായി ലോണെടുത്തത് മുതലും പലിശയും ഉള്‍പ്പെടെ 50,000 രൂപ തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് ബാങ്കില്‍നിന്ന് നോട്ടീസ് വന്നപ്പോഴാണ് വിവരം പുറത്തായത്. യുവതി പോലിസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നു സഹകരണനിയമം 65ാം വകുപ്പ് പ്രകാരം സഹകരണ വകുപ്പ് ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. കണ്ണൂര്‍ ഡിവൈഎസ്പി പി പി സദാനന്ദനാണ് കേസന്വേഷിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss