|    Apr 26 Thu, 2018 11:03 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

വളപട്ടണം ബാങ്ക് ക്രമക്കേട്: മുന്‍ പ്രസിഡന്റ് അടക്കം 14 പേര്‍ അറസ്റ്റില്‍

Published : 12th November 2016 | Posted By: SMR

കണ്ണൂര്‍: യുഡിഎഫ് നിയന്ത്രണത്തിലുള്ള വളപട്ടണം സര്‍വീസ് സഹകരണ ബാങ്കില്‍ സാമ്പത്തിക തിരിമറി നടത്തിയ കേസില്‍ മുന്‍ഭരണസമിതി അംഗങ്ങളും ജീവനക്കാരും ഉള്‍പ്പെടെ 14 പേരെ പോലിസ് അറസ്റ്റ് ചെയ്തു. ബാങ്ക് ഭരണസമിതി മുന്‍ പ്രസിഡന്റും മുസ്‌ലിം ലീഗ് അഴീക്കോട് മണ്ഡലം മുന്‍ പ്രസിഡന്റുമായ ടി സൈഫുദ്ദീന്‍, മുസ്‌ലിംലീഗ് നേതാവ് കണിയറക്കല്‍ ഷുക്കൂര്‍, ബാങ്കിലെ മുന്‍ സെക്രട്ടറിയും അലവിലില്‍ താമസക്കാരനുമായ കയരളം സ്വദേശി എന്‍ പി ഹംസ, എ പി സിദ്ദീഖ്, വി കെ കൃഷ്ണന്‍, കെ എം താജുദ്ദീന്‍, സി വി അംനാസ്, എം പി ഷിബു, കെ ജയശങ്കരന്‍, കെ സന്തോഷ്, ടി വി ജയകുമാര്‍, പി ഇസ്മായില്‍, കെ പി ജംഷീര്‍, കെ വി ഇബ്രാഹിം എന്നിവരെയാണ് കണ്ണൂര്‍ ഡിവൈഎസ്പി പി പി സദാനന്ദന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. തട്ടിപ്പിന്റെ മുഖ്യ സൂത്രധാരനായ ബാങ്ക് മാനേജര്‍ ജസീല്‍ ഒളിവിലാണ്. 2008-2013 കാലയളവില്‍ വായ്പകളില്‍ കൃത്രിമം കാട്ടിയും സാമ്പത്തിക തിരിമറി നടത്തി 10 കോടി 60 ലക്ഷം രൂപ തട്ടിപ്പ് നടത്തിയതായി അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഭൂമിയുടെ മൂല്യം കൂട്ടിക്കാണിച്ച് സെന്റിന് 5000ത്തില്‍ താഴെ വിലവരുന്ന കൈപ്പാട് ഭൂമിക്ക് 15 മുതല്‍ 16 ലക്ഷം രൂപവരെ വിലയിട്ട് 3.60 കോടി രൂപ വായ്പയിനത്തില്‍ മാത്രം തട്ടിപ്പ് നടത്തി. കൂടാതെ ഉപഭോക്താക്കള്‍ പണയംവച്ച സ്വര്‍ണ ഉരുപ്പടികള്‍ മറ്റു ബാങ്കുകളില്‍ മറിച്ചുവച്ച് 1.67 കോടി രൂപയും കൈക്കലാക്കി. അക്കൗണ്ടില്‍ പണമില്ലാത്ത ചെക്കുകള്‍ കലക്ഷനു വന്നാല്‍ പണമുള്ളതായി രേഖപ്പെടുത്തി 1,65,70,000 രൂപയുടെയും തട്ടിപ്പു നടത്തി. സഹകരണ ബാങ്ക് നില്‍ക്കുന്ന പരിധിയിലുള്ള പഞ്ചായത്തുകളില്‍ മാത്രമേ ലോണ്‍ കൊടുക്കാവൂ എന്ന നിര്‍ദേശമുണ്ടായിട്ടും വയനാട് സ്വദേശികള്‍ക്കടക്കം ലോണ്‍ അനുവദിച്ചു. പണയംവച്ച ആധാരങ്ങളുടെ പകര്‍പ്പെടുത്ത് കൃത്രിമ രജിസ്‌ട്രേഷന്‍ നടത്തി ഒരുകോടി രൂപ തട്ടി. സഹകരണവകുപ്പ് നടത്തിയ ഓഡിറ്റിങിലാണ് ഇത്തരത്തില്‍ ബാങ്കിന് ഭീമമായ നഷ്ടമുണ്ടായതായി കണ്ടെത്തിയത്. എന്നാല്‍  പരാതികള്‍ ഉയര്‍ന്നിട്ടും വകുപ്പുതല നടപടി ഉണ്ടായില്ല. വടകര സ്വദേശിനി നൂര്‍ജഹാന്റെ പേരില്‍ വ്യാജമായി ഇവര്‍ ലോണെടുത്തിരുന്നു. മുതലും പലിശയും ഉള്‍പ്പെടെ 50,000 രൂപ തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട് ബാങ്കില്‍ നിന്ന് കഴിഞ്ഞദിവസം നോട്ടീസ് വന്നപ്പോഴാണ് ഇവര്‍ലോണ്‍ വിവരമറിയുന്നത്. തുടര്‍ന്ന് യുവതി പോലിസില്‍ പരാതി നല്‍കുകയായിരുന്നു.  ബുധനാഴ്ച മുതല്‍ ഇന്നലെ പുലര്‍ച്ചെ വരെ നടത്തിയ ഓപറേഷനിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.  തട്ടിപ്പുമായി ബന്ധപ്പെട്ട് നേരത്തെ ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തിയിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss