|    Sep 26 Wed, 2018 10:46 am
FLASH NEWS

വളപട്ടണം ബാങ്കിലെ സാമ്പത്തിക ക്രമക്കേട് : മുന്‍ മാനേജരുടെ ഭാര്യ അറസ്റ്റില്‍

Published : 11th May 2017 | Posted By: fsq

 

വളപട്ടണം: യുഡിഎഫ് നിയന്ത്രണത്തിലുള്ള വളപട്ടണം സര്‍വീസ് സഹകരണ ബാങ്കില്‍ കോടികളുടെ സാമ്പത്തിക തിരിമറി നടത്തിയ കേസില്‍ മുഖ്യപ്രതിയുടെ ഭാര്യ അറസ്റ്റില്‍. തളിപ്പറമ്പ് സര്‍സയ്യിദ് കോളജില്‍ സുവോളജി വിഭാഗം അസി. പ്രഫസറായിരുന്ന നാറാത്ത് ആലിങ്കീല്‍ സ്വദേശിനി പി വി മുംതാസി(30)നെയാണ് കണ്ണൂര്‍ ഡിവൈഎസ്പി പി പി സദാനന്ദന്‍ അറസ്റ്റ് ചെയ്തത്. വളപട്ടണം സര്‍വീസ് സഹകരണ ബാങ്ക് മുന്‍ ബ്രാഞ്ച് മാനേജര്‍ മുഹമ്മദ് ജസീലിന്റെ ഭാര്യയാണ് മുംതാസ്. 10.60 കോടിയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് ജസീല്‍ പോലിസ് കേസെടുത്തതോടെ വിദേശത്തേക്കു കടക്കുകയായിരുന്നു. പോലിസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കുകയും ഇന്റര്‍പോളിന്റെ സഹായം തേടുകയും ചെയ്‌തെങ്കിലും ഇതുവരം പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. സംഭവത്തില്‍ ബാങ്ക് മുന്‍ഭരണസമിതി അംഗങ്ങളും ജീവനക്കാരും ഉള്‍പ്പെടെ 14 പേരെ നേരത്തേ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ബാങ്ക് ഭരണസമിതി മുന്‍ പ്രസിഡന്റും മുസ്‌ലിം ലീഗ് അഴീക്കോട് മണ്ഡലം മുന്‍ പ്രസിഡന്റുമായിരുന്ന ടി സൈഫുദ്ദീന്‍, മുസ്‌ലിംലീഗ് നേതാവ് കണിയറക്കല്‍ ഷുക്കൂര്‍ ഹാജി, ബാങ്കിലെ മുന്‍ സെക്രട്ടറിയും അലവിലില്‍ താമസക്കാരനുമായ കയരളം സ്വദേശി എന്‍ പി ഹംസ, എ പി സിദ്ദീഖ്, വി കെ കൃഷ്ണന്‍, കെ എം താജുദ്ദീന്‍, സി വി അംനാസ്, എം പി ഷിബു, കെ ജയശങ്കരന്‍, കെ സന്തോഷ്, ടി വി ജയകുമാര്‍, പി ഇസ്മായില്‍, കെ പി ജംഷീര്‍, കെ വി ഇബ്രാഹീം എന്നിവരെയാണ് മുമ്പ് അറസ്റ്റ് ചെയ്തിരുന്നത്. 2008-2013 കാലയളവില്‍ വായ്പകളില്‍ കൃത്രിമം കാട്ടിയും സാമ്പത്തിക തിരിമറി നടത്തി 10 കോടി 60 ലക്ഷം രൂപ തട്ടിപ്പ് നടത്തിയെന്നാണു അന്വേഷണത്തില്‍ കണ്ടെത്തിയത്. ഭൂമിയുടെ മൂല്യം കൂട്ടിക്കാണിച്ച് സെന്റിന് 5000ത്തില്‍ താഴെ വിലവരുന്ന കൈപ്പാട് ഭൂമിക്ക് 15 മുതല്‍ 16 ലക്ഷം രൂപവരെ വിലയിട്ട് 3.60 കോടി രൂപ വായ്പയിനത്തില്‍ തട്ടിപ്പ് നടത്തിയിരുന്നു. ഇതിനുപുറമെ ഉപഭോക്താക്കള്‍ പണയംവച്ച സ്വര്‍ണ ഉരുപ്പടികള്‍ മറ്റു ബാങ്കുകളില്‍ മറിച്ചുവച്ച് 1.67 കോടി രൂപയും കൈക്കലാക്കി. അക്കൗണ്ടില്‍ പണമില്ലാത്ത ചെക്കുകള്‍ കലക്്ഷനു വന്നാല്‍ പണമുള്ളതായി രേഖപ്പെടുത്തി 1,65,70,000 രൂപയുടെയും തട്ടിപ്പു നടത്തി. സഹകരണ ബാങ്ക് നില്‍ക്കുന്ന പരിധിയിലുള്ള പഞ്ചായത്തുകളില്‍ മാത്രമേ ലോണ്‍ കൊടുക്കാവൂ എന്ന നിര്‍ദേശമുണ്ടായിട്ടും വയനാട് സ്വദേശികള്‍ക്കടക്കം ലോണ്‍ അനുവദിച്ചു. പണയംവച്ച ആധാരങ്ങളുടെ പകര്‍പ്പെടുത്ത് കൃത്രിമ രജിസ്‌ട്രേഷന്‍ നടത്തി ഒരുകോടി രൂപ തട്ടിയെടുത്തു തുടങ്ങിയവയാണ് സഹകരണവകുപ്പ് നടത്തിയ ഓഡിറ്റിങില്‍ കണ്ടെത്തിയത്. വടകര സ്വദേശിനി നൂര്‍ജഹാന്റെ പേരില്‍ വ്യാജമായി ഇവര്‍ ലോണെടുത്തതിനെ തുടര്‍ന്നു തിരിച്ചടവ് നോട്ടീസ് ലഭിച്ചതോടെ പരാതിയുമായെത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്. ഇതുമായി ബന്ധപ്പെട്ട് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss