|    Mar 27 Mon, 2017 8:18 pm
FLASH NEWS

വളപട്ടണം പാലത്തിലെ കുഴികള്‍; ദേശീയപാതയില്‍ കുരുക്ക്

Published : 10th July 2016 | Posted By: SMR

പുതിയതെരു: മഴ കനത്തതോടെ വളപട്ടണം പാലത്തിലെ കുഴികളുടെ എണ്ണം കൂടി. ഇതോടെ ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയാണ്. പാലത്തിലെ കുഴികളില്‍പെട്ട് വാഹനങ്ങള്‍ ഇഴഞ്ഞുനീങ്ങുകയാണ്. ഇതുകാരണം പാപ്പിനിശ്ശേരി പഞ്ചായത്ത് മുതല്‍ വളപട്ടണം പാലം, പുതിയതെരു, പള്ളിക്കുന്ന് വരെ ഇന്നലെ മണിക്കൂറുകള്‍ നീണ്ട കുരുക്കാണ് അനുഭവപ്പെട്ടത്. പുതിയതെരുവില്‍ ഗതാഗതം ഏറെനേരം സ്തംഭിച്ചു. കാട്ടാമ്പള്ളി റോഡില്‍ നിന്നും വളപട്ടണം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങളും കണ്ണൂരില്‍ നിന്ന് എതിര്‍ദിശയില്‍ വരുന്ന വാഹനങ്ങളും കുരുക്കില്‍പെട്ടു. രാവിലെ മുതല്‍ ഉച്ച വരെ രൂക്ഷമായ കുരുക്കാണ് അനുഭവപ്പെട്ടത്.
ഇതുകാരണം ടൗണിലേക്കും തിരിച്ചും യാത്ര ചെയ്യേണ്ട വിദ്യാര്‍ഥികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരം യാത്രക്കാരുമെല്ലാം ഏറെ ക്ലേശം അനുഭവിച്ചു. ബസ്സുകള്‍ക്ക് റണ്ണിങ് ടൈം പാലിക്കാനാവാത്തതിനാല്‍ പലരും ട്രിപ്പുകള്‍ വെട്ടിച്ചുരുക്കി. പ്രധാനമായും വളപട്ടണം പാലത്തിലെ കുഴികളാണ് കുരുക്കിനു കാരണം. ആറുമാസം മുമ്പ് വളപട്ടണം പാലത്തിലെ കുഴികള്‍ അടച്ചിരുന്നു. എന്നാല്‍ ആ കുഴികളെല്ലാം ഇപ്പോള്‍ പൂര്‍വസ്ഥിതിയിലായി. മഴയുടെ തുടക്കത്തില്‍ തന്നെ ഇത്തരത്തില്‍ കുരുക്കുണ്ടായതോടെ യാത്രക്കാരും ആശങ്കയിലാണ്. പുതിയതെരുവില്‍ നിന്നു കണ്ണൂരിലെത്താന്‍ സാധാരണയായി ബസിനു 15 മിനുട്ട് വേണ്ടിടത്ത് മുക്കാല്‍ മണിക്കൂറും ഒരു മണിക്കൂറും വേണ്ടിവരികയാണ്.
ഇന്നലെ അവധിദിവസമായതിനാല്‍ സ്‌കൂള്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങാതിരുന്നിട്ടും ഗതാഗതം സ്തംഭിച്ചത് ആശങ്ക വര്‍ധിപ്പിക്കുന്നതാണ്. പാലത്തിനു പുറമെ ദേശീയപാതയില്‍ റോഡിലും ദിനേന കുഴികള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുകയാണ്. പൊടിക്കുണ്ട്, ജോണ്‍മില്‍ പരിസരം എന്നിവിടങ്ങളിലെല്ലാം റോഡില്‍ ഗര്‍ത്തം തന്നെ രൂപപ്പെട്ടിട്ടുണ്ട്.
വെള്ളം കെട്ടിനില്‍ക്കുന്ന കുഴികളില്‍ ഇരുചക്രയാത്രികര്‍ വീണ് അപകടം പതിവായി മാറി. ജോണ്‍മില്ലിനു മുന്നില്‍ മഴയ്ക്കു മുമ്പേ ടാറിങ് ഇളകിത്തുടങ്ങിയിരുന്നു. ജല അതോറിറ്റി പൈപ്പിടാനായി റോഡ് കുഴിച്ച ശേഷം ചെയ്ത ടാറിങിലെ അപാകതയാണു കുഴി രൂപപ്പെടാന്‍ കാരണം. അടിയന്തര അറ്റകുറ്റപ്പണി നടത്തിയില്ലെങ്കില്‍ ഇനിയുള്ള ദിവസങ്ങളില്‍ യാത്ര ദുഷ്‌കരമാവും.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day