|    Jan 25 Wed, 2017 3:08 am
FLASH NEWS

വളപട്ടണം പാലം അറ്റകുറ്റപ്പണി; ഗതാഗതം താറുമാറായി

Published : 1st October 2016 | Posted By: Abbasali tf

കണ്ണൂര്‍: ദേശീയപാതയില്‍ വളപട്ടണം പാലത്തില്‍ നടന്നുവരുന്ന അറ്റകുറ്റപ്പണിയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ഗതാഗതനിയന്ത്രണം കുരുക്കിനിടയാക്കി. ഇന്നലെ പുലര്‍ച്ചെ മുതല്‍ തുടങ്ങിയ ഗതാഗത നിയന്ത്രണം കാരണം വഴിതിരിച്ചുവിട്ട റോഡുകളിലാണ് കുരുക്ക് വര്‍ധിപ്പിച്ചത്. ഇതിനുപുറമെ, ചരക്കുവണ്ടികള്‍ ഉള്‍പ്പെടെയുള്ളവ ചെറിയ റോഡുകളിലൂടെ കടന്നുപോയത് മറ്റു വാഹനങ്ങളെയും ബാധിച്ചു. അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ബസ്സുകള്‍, ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍, ആംബുലന്‍സ്, സ്‌കൂള്‍ വാഹനങ്ങള്‍ എന്നിവ മാത്രമാണ് പാലത്തിലൂടെ കടത്തിവിടുന്നത്. പാലത്തിന് മുകളില്‍ കോണ്‍ക്രീറ്റ് ഗ്രില്ലിങ് പ്രവൃത്തിയാണു നടക്കുന്നത്. ഇതേത്തുടര്‍ന്ന് ഒരു ഭാഗത്തു കൂടി മാത്രമാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്. തളിപ്പറമ്പ്, കണ്ണപുരം, വളപട്ടണം പോലിസ് സ്‌റ്റേഷനുകളിലെ 20ഓളം പോലിസുകാരെ വാഹന നിയന്ത്രണത്തിനും വഴിതിരിച്ചു വിടാനും നിയോഗിച്ചിരുന്നു. തളിപ്പറമ്പ് ചിറവക്ക് ജങ്ഷനിലും പുതിയതെരുവിലും വാഹനങ്ങള്‍ വഴിതിരിച്ചു വിട്ടത് കാരണം ഏറെ നേരം കുരുക്ക് അനുഭവപ്പെട്ടു. പയ്യന്നൂര്‍ ഭാഗത്ത് നിന്ന് കണ്ണൂര്‍, കോഴിക്കോട് ഭാഗങ്ങളിലേക്ക് പോവുന്ന ടാങ്കര്‍ ലോറികള്‍ ഉള്‍പ്പെടെയുള്ള ചരക്ക് വാഹനങ്ങള്‍ തളിപ്പറമ്പ് ചിറവക്കില്‍ നിന്ന് ശ്രീകണ്ഠാപുരം, ചാലോട്, മട്ടന്നൂര്‍, കൂത്തുപറമ്പ് വഴിയാണ് കടത്തിവിട്ടത്. കോഴിക്കോട് ഭാഗങ്ങളില്‍ നിന്ന് പയ്യന്നൂര്‍ ഭാഗത്തേക്ക് പോവുന്ന ചരക്ക് വാഹനങ്ങള്‍ തലശ്ശേരി, കൂത്തുപറമ്പ്, മട്ടന്നൂര്‍, ചാലോട്, ഇരിക്കൂര്‍, ശ്രീകണ്ഠാപുരം വഴി തളിപ്പറമ്പ് ചിറവക്ക് ദേശീയപാതയിലേക്കും തളിപ്പറമ്പ് ഭാഗത്തുനിന്ന് വരുന്ന ബസ്സുകള്‍ ഒഴികെയുള്ള നാലു ചക്രവാഹനങ്ങള്‍ ധര്‍മശാലയില്‍ നിന്ന് തിരിഞ്ഞ് പറശ്ശിനിക്കടവ്, കരിങ്കല്‍ക്കുഴി, കൊളച്ചേരിമുക്ക്, കമ്പില്‍, നാറാത്ത് വഴി പുതിയതെരുവില്‍ പ്രവേശിച്ച് കണ്ണൂരിലേക്കും തിരിച്ച് കണ്ണൂരില്‍ നിന്ന് വരുന്ന ബസ്സുകള്‍ ഒഴികെയുള്ള നാലുചക്ര വാഹനങ്ങള്‍ പുതിയതെരുവില്‍ നിന്ന് കാട്ടാമ്പള്ളി, നാറാത്ത്, കൊളച്ചേരിമുക്ക്, കരിങ്കല്‍കുഴി, പറശ്ശിനിക്കടവ്, ധര്‍മശാല വഴിയുമാണ് തിരിച്ച് വിടുന്നത്. നാറാത്ത്, കമ്പില്‍ റൂട്ടുകളില്‍ ലോഡുമായി പോവുന്ന ചരക്കുവണ്ടികള്‍ പലയിടത്തും മരത്തില്‍ തട്ടിയും വൈദ്യുതി, ടെലഫോണ്‍ ലൈനുകള്‍ മുറിച്ചുമാണ് കടന്നുപോയത്. മാത്രമല്ല, ചില വാഹനങ്ങള്‍ ദേശീയപാതയിലൂടെ പോവുന്ന വേഗതയിലാണു കടന്നുപോയത്. ഇത് പലയിടത്തും അപകടഭീതിയും ഉയര്‍ത്തി. നവംബര്‍ അഞ്ചു വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ ഗതാഗത നിയന്ത്രണം നീട്ടിയേക്കും. പാപ്പിനിശ്ശേരിയില്‍ റെയില്‍വേ മേല്‍പാലം പ്രൃത്തിയുമായുമായി ബന്ധപ്പെട്ടും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ദുരിതം വര്‍ധിച്ചിരിക്കുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 28 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക