|    Sep 20 Wed, 2017 12:34 am
FLASH NEWS

വളത്തിനായി മല്‍സ്യകുഞ്ഞുങ്ങള്‍; രണ്ടു ബോട്ടുകള്‍ പിടികൂടി

Published : 20th October 2016 | Posted By: SMR

കൊല്ലം: ഒരിടവേളയ്ക്ക് ശേഷം വളത്തിനായി മല്‍സ്യകുഞ്ഞുങ്ങളെ പിടികൂടുന്നത് വീണ്ടും സജീവമാകുന്നു. ചെറുമല്‍സ്യങ്ങളുമായി രണ്ടു മല്‍സ്യബന്ധനബോട്ടുകള്‍ ശക്തികുളങ്ങര ഹാര്‍ബറില്‍ നിന്നും നീണ്ടകര മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് പിടികൂടി പിഴയിട്ടു. ശക്തികുളങ്ങര കാവിളയില്‍ ബഞ്ചമിന്റെ വരദാനം,നീണ്ടകര സ്വദേശി ടെറന്‍സ് സെബാസ്റ്റ്യന്റെ കാണിക്കമാതാ ബോട്ടുകളില്‍ നിന്നാണ് ചെറുമല്‍സ്യം പിടികൂടിയത്. വരദാനം ബോട്ടില്‍ മൂന്നും കാണിക്കമാതായില്‍ നിന്നും ആറും ബോക്‌സുകളിലായിട്ടായിരുന്നു ചെറുമീനുകള്‍ സൂഷിച്ചിരുന്നത്. ചൊവ്വാഴ്ച പിടികൂടിയ വരദാനം ബോട്ടിനു അരലക്ഷം രൂപ പിഴയിട്ടു. കാണിക്കമാതാ ബോട്ടിനു ഇന്നു പിഴയിടും. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് അസി.ഡയറക്ടര്‍ സുഹൈറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ വില്‍സന്‍ജോയ്,സിവില്‍ പൊലിസ് ഓഫിസര്‍ സുനില്‍ മാര്‍ക്കോസ് എന്നിവരും പങ്കെടുത്തു. കടലിന്റെ ആവാസവ്യവസ്ഥയ്ക്കു ഹാനികരമായ തരത്തില്‍ ചെറുമല്‍സ്യങ്ങളെ പിടികൂടുന്നതായി വ്യാപക പരാതി ഉയര്‍ന്നു വരുന്നതിനിടയിലാണ് ബോട്ടുകള്‍ പിടികൂടിയത്.  മല്‍സ്യബന്ധന ബോട്ടുകളില്‍ വലിയ മല്‍സ്യത്തോടൊപ്പം കയറുന്ന ചെറിയ മല്‍സ്യങ്ങള്‍ കരയിലെത്തിച്ചു വളമാക്കി വിറ്റ് ലോബികള്‍ കോടികള്‍ ലാഭം കൊയ്യുമ്പോള്‍ നഷ്ടമാകുന്നത് കടല്‍ സമ്പത്താണ്. ചെറുമീനുകള്‍ വലയില്‍ കുടുങ്ങിയാല്‍ അതിനെ കടലില്‍ തന്നെ ഉപേക്ഷിക്കുകയായിരുന്നു പതിവ്. എന്നാല്‍ ലാഭക്കൊതി പൂണ്ട ലോബികള്‍ ചെറുമല്‍സ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവയെ പിടികൂടി ഇതരസംസ്ഥാനങ്ങളിലേക്കു കടത്തുകയാണ്.ചെറിയ മല്‍സ്യങ്ങളെ തമിഴ്‌നാട്ടിലുള്ള കമ്പനിയിലെത്തിച്ച്  വളമാക്കി വില്‍ക്കുമ്പോള്‍ കോടികളാണ് കൈയില്‍ വരുന്നത്. ഒരു പെട്ടി വളം മല്‍സ്യത്തിന്  300 മുതല്‍ 500 വരെയാണ് വില. ഇതിനായി നീണ്ടകര ഹാര്‍ബര്‍ കേന്ദ്രീകരിച്ച്  വന്‍ ലോബിതന്നെ പ്രവര്‍ത്തിക്കുന്നതായാണ് സൂചന. സര്‍ക്കാര്‍ പുറപ്പെടുവിച്ച ചെറുമീന്‍ ബന്ധന നിരോധന നിയമം അനുസരിച്ച് ചെറിയ മല്‍സ്യങ്ങളെ പിടികൂടുന്നതിന് വിലക്കുണ്ട്.ചെറുമീനുകള്‍ പിടിക്കുന്നതിലൂടെ മല്‍സ്യങ്ങളുടെ വംശനാശമാണ് സംഭവിക്കുന്നത്. കടലില്‍ മല്‍സ്യസമ്പത്ത് കുറഞ്ഞുവരുന്നതിന്റെ പശ്ചാത്തലത്തിലാണ് ചെറുമല്‍സ്യം പിടിക്കുന്നത് സര്‍ക്കാര്‍ ഉത്തരവിലൂടെ നിരോധനം ഏര്‍പ്പെടുത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക