|    Sep 24 Mon, 2018 1:16 am
FLASH NEWS
Home   >  Editpage  >  Middlepiece  >  

വളഞ്ഞ ഗതാഗതവകുപ്പിനു നേര്‍വഴി പദ്ധതി

Published : 19th August 2016 | Posted By: SMR

slug-madhyamargamഗതാഗതവകുപ്പിനു ശാപമോക്ഷം! ഇനിയങ്ങോട്ട് സഞ്ചാരം നേര്‍വഴിക്ക്. കേരളത്തിനാകെ ആശ്വാസമാകുന്ന ഈ പരിഷ്‌കാരം ഒറ്റയടിക്കാണ് നടപ്പാവുന്നത്. വകുപ്പുമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും നേര്‍വഴിക്കു വേണ്ടി കഠിനാധ്വാനം ചെയ്യുന്നു.
മോട്ടോര്‍ വാഹന വകുപ്പ് നേര്‍വഴിപദ്ധതി തന്നെ മന്ത്രി ആവിഷ്‌കരിച്ചു. പദ്ധതി പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്ത് അംഗീകാരം വാങ്ങി. അദ്ദേഹത്തിന്റെ പാര്‍ട്ടിയായ എന്‍സിപി രാജ്യത്ത് പ്രതിരോധം, വ്യോമയാനം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്ത പാര്‍ട്ടിയായതിനാല്‍ സംസ്ഥാന ഘടകത്തിന്റെ ആ തീരുമാനം നേര്‍വഴിക്കുതന്നെയായിരിക്കും എന്നതില്‍ സംശയമില്ല.
നേര്‍വഴി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കഴിഞ്ഞു. ജില്ലാതലങ്ങളില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഈ മേളകള്‍ വളരെയധികം പ്രയോജനം ചെയ്യുന്നുണ്ട്. ഓരോ ജില്ലയിലും വാഹനാപകടങ്ങളില്‍ മരണപ്പെട്ടവരുടെയും അപകടങ്ങളില്‍ പരിക്കേറ്റവരുടെയും കണക്കുകള്‍ ഇവിടെ ലഭിക്കും. വിവരാവകാശ നിയമപ്രകാരം പത്തു രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച് അപേക്ഷ സമര്‍പ്പിച്ച് കാത്തിരിക്കണമെന്നില്ല.
വകുപ്പിനുള്ളില്‍ നടക്കുന്ന അഴിമതികളും ക്രമക്കേടുകളും കൃത്യമായി നേര്‍വഴിക്കു പോകുന്നതുകൊണ്ട് മന്ത്രിക്കോ പാര്‍ട്ടിക്കോ ഇക്കാര്യത്തില്‍ യാതൊരു പ്രശ്‌നങ്ങളുമില്ല. മുഖ്യമന്ത്രിക്കോ മറ്റു മന്ത്രിമാര്‍ക്കോ മുന്നണിയിലെ ഘടകകക്ഷികള്‍ക്കോ ഇക്കാര്യത്തില്‍ പരാതികളുമില്ല. കേരളത്തില്‍ പണ്ടേക്കുപണ്ടേ ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്നുവെന്ന ബഹുമതി ഈ വകുപ്പിന് അവകാശപ്പെട്ടതാണ്. അഴിമതിയില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്നത് ആര്‍ടിഒ ഓഫിസുകളാണ്. മന്ത്രിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും ഇതൊക്കെ അറിയാമെന്നാണ് ഏവരും ധരിക്കുക. നേര്‍വഴി പോയിട്ട് ഇവിടെ ഒരു വെറുംവഴിയെങ്കിലും വെട്ടിത്തെളിയിക്കാന്‍ മന്ത്രിക്കും വകുപ്പിനും കഴിയുമോ?
നേര്‍വഴി പദ്ധതിയില്‍ ഉള്‍പ്പെട്ടില്ലെങ്കിലും മന്ത്രിയും പാര്‍ട്ടിയും ഒരു കാര്യം തീരുമാനിച്ചത് ചര്‍ച്ചയായിട്ടുണ്ട്. വകുപ്പിലെ ഏറ്റവും ഉയര്‍ന്ന തസ്തികയായ ഗതാഗത കമ്മീഷണറെ മാറ്റണമെന്ന തീരുമാനമാണത്. മന്ത്രിക്ക് ഗതാഗതവകുപ്പ് കിട്ടിയപ്പോള്‍ ഒരു ഗതാഗത കമ്മീഷണറെയും കിട്ടിയിരുന്നു. മറ്റു മന്ത്രിമാര്‍ ഉദ്യോഗസ്ഥരെയും മുഖ്യമന്ത്രി ഉപദേശകരെയും തേടിനടക്കുമ്പോള്‍ ഗതാഗതമന്ത്രിക്ക് താന്‍ പോലും അറിയാതെ കമ്മീഷണറെ ലഭിച്ചു!
സാധാരണഗതിയില്‍ ഒരു ഉദ്യോഗസ്ഥനെ നിയമിക്കാനും മാറ്റാനും അതത് മന്ത്രിമാര്‍ക്ക് അധികാരവും അവകാശവുമുണ്ട്. ഇവിടെ സ്ഥിതി അതല്ല. മന്ത്രിയേക്കാളും ഒരുപടി മുകളില്‍ ഇരിക്കുന്ന ആളാണ് കമ്മീഷണര്‍. സീനിയര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ്, സംഗീതജ്ഞനാണ്. അനധികൃത സ്വത്തുസമ്പാദന കേസില്‍ ഉള്‍പ്പെടെ പല കേസുകളിലും പ്രതിയാണ്. കഴിഞ്ഞ ഭരണകാലത്ത് ഏറെക്കാലം പുറത്തിരുന്ന വിവാദപുരുഷനാണ്. അദ്ദേഹത്തെ മാറ്റാന്‍ പോയിട്ട് ഒന്നു കണ്ണുരുട്ടാനുള്ള ധൈര്യം പോലും വകുപ്പുമന്ത്രിക്ക് ഇപ്പോഴില്ല. അതുകൊണ്ടാണ് അദ്ദേഹം പാര്‍ട്ടിയെ കൂട്ടുപിടിച്ചത്.
തന്നോട് ആലോചിക്കാതെ കമ്മീഷണര്‍ തീരുമാനങ്ങള്‍ എടുക്കുന്നു എന്നതാണ് മന്ത്രിയുടെ മുഖ്യ പരാതി. അതില്‍ രണ്ടു വിഷയങ്ങള്‍ മന്ത്രിക്ക് ദേഷ്യവും സങ്കടവും ഉണ്ടാക്കിയത്രേ. ഹെല്‍മറ്റ് ധരിക്കാത്തവര്‍ക്ക് പമ്പുകളില്‍ നിന്ന് പെട്രോള്‍ നല്‍കരുതെന്ന കമ്മീഷണറുടെ ഉത്തരവാണ് മന്ത്രിയെ ചൊടിപ്പിച്ചത്. ജന്മദിനത്തിനു ജീവനക്കാര്‍ക്ക് മധുരം വിതരണം ചെയ്തതും മന്ത്രിക്ക് സങ്കടമുണ്ടാക്കി.
രണ്ടു വിഷമങ്ങളിലും കമ്മീഷണര്‍ തിരുത്തലും ഖേദപ്രകടനവും നടത്തിനോക്കി. എന്നിട്ടും മന്ത്രിയുടെ കോപവും സങ്കടവും ശമിച്ചില്ല. പാര്‍ട്ടിയാണെങ്കില്‍ അപമാനത്താല്‍ തലതാഴ്ത്തുന്നു. കമ്മീഷണറാണെങ്കില്‍ ചടങ്ങുകളിലും പത്രങ്ങളിലും ചാനലുകളിലും നിറഞ്ഞുനില്‍ക്കുന്നു. തന്നെ അനുസരിക്കാത്ത കമ്മീഷണര്‍ വേറെയാരെയോ അനുസരിക്കുന്നു എന്നതാണ് മന്ത്രിയുടെ നേര്‍വഴിക്കുള്ള പരാതി. പക്ഷേ, അതു പുറത്തുപറയാനുള്ള ചങ്കൂറ്റം മന്ത്രിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കുമില്ല. വല്ലവിധേനയും പറഞ്ഞുപോയാല്‍ മന്ത്രിപദവിയാണ് നഷ്ടപ്പെടുക.
വകുപ്പുമന്ത്രിയെ അനുസരിക്കാത്ത കമ്മീഷണറെ നിയന്ത്രിക്കുന്ന ശക്തിയെക്കുറിച്ച് ചിലരൊക്കെ അടക്കംപറയുന്നുണ്ട്. അടുപ്പത്തിന്റെ കഥകളും അങ്ങാടിപ്പാട്ടാണ്. പക്ഷേ, മന്ത്രിക്കും പാര്‍ട്ടിക്കും ഇതൊക്കെ വിളിച്ചുപറയാന്‍ നാവു പൊന്തുന്നില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss