|    Jan 21 Sat, 2017 11:11 pm
FLASH NEWS

വളഞ്ഞവഴി- എ.കെ.എഫ്. റോഡ് വെള്ളത്തിനടിയിലായി

Published : 9th October 2015 | Posted By: swapna en

അമ്പലപ്പുഴ: അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 12, എട്ട് വാര്‍ഡുകളെ ബന്ധിപ്പിക്കുന്ന വളഞ്ഞവഴി- എ.കെ.എഫ്. റോഡ് വന്‍ കുഴി രൂപപ്പെട്ട് വെള്ളത്തിനടിയിലായത്. ഇരുവാര്‍ഡുകളിലെയും പരിധിയില്‍ ഗ്രാവല്‍ വിതറി ഉയര്‍ത്തിയെങ്കിലും 100 മീറ്ററോളം ഭാഗം താഴ്ന്നതാണ് ഇവിടെ വെള്ളക്കെട്ടിന് കാരണം. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി, സ്‌കൂള്‍, കോളജ്, ദേശീയപാത, മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് പോവുന്നവരുടെ ഏക മാര്‍ഗമാണ് ഈ റോഡ്. സമീപത്ത് ഒരു എല്‍.പി. സ്‌കൂളും സ്ഥിതി ചെയ്യുന്നുണ്ട്. റോഡ് തോടായി മാറിയതോടെ വെളിമ്പറമ്പ് പ്രദേശവാസികളാണ് ഏറെ ദുരിതത്തിലായത്. അപകടം പതിവായതോടെ കുട്ടികളെ ഒറ്റയ്ക്ക് സ്‌കൂളില്‍ അയക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് രക്ഷകര്‍ത്താക്കള്‍. റോഡില്‍ വെള്ളം നിറഞ്ഞുനില്‍ക്കുന്നതിനാല്‍ കുഴിയറിയാതെ വാഹനങ്ങള്‍ നിയന്ത്രണം തെറ്റി അപകടത്തില്‍പ്പെടുന്നത് പതിവാണ്. ഇരുചക്രവാഹനത്തിലെത്തുന്നവരാണ് ഏറെയും അപകടത്തില്‍പ്പെടുന്നത്. അടുത്തിടെ സൈക്കിളില്‍ പോയ വിദ്യാര്‍ഥി കുഴിയില്‍വീണ് അപകടമുണ്ടായെങ്കിലും അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. രണ്ട് ദിവസം മുമ്പ് കൈക്കുഞ്ഞുമായി ഒരു കുടുംബം ഓട്ടോയില്‍ സഞ്ചരിക്കവെ വണ്ടി കുഴിയില്‍ വീണ് കുട്ടി തെറിച്ച് വെള്ളത്തില്‍ വീണെങ്കിലും രക്ഷപ്പെടുകയായിരുന്നു. ഇരു വാര്‍ഡുകളിലെയും പഞ്ചായത്ത് അംഗങ്ങള്‍ ഇടതും വലതും വിഭാഗത്തില്‍പ്പെട്ടതിനാലാണ് റോഡിന്റെ അറ്റകുറ്റപ്പണി തീര്‍ക്കാത്തതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇവരുടെ പിടിവാശിയും അധികാരവടം വലിയുമാണ് ഇത്തരം ദുരവസ്ഥക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വാര്‍ഡംഗങ്ങള്‍ രണ്ടായി അനുവദിച്ച ഫണ്ട് ഒന്നായി ചെലവഴിച്ചിരുന്നെങ്കില്‍ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാമായിരുന്നുവെന്നും പ്രദേശവാസികള്‍ പറയുന്നു. പലതവണ ഈ ആവശ്യവുമായി വാര്‍ഡ് അംഗങ്ങളുടെയടുത്ത് നാട്ടുകാര്‍ ചെന്നെങ്കിലും ഫണ്ടില്ലെന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു. റോഡിന്റെ ദുരവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് തദ്ധേശസ്വയംഭരണ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രദേശവാസികള്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 58 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക