|    Nov 18 Sun, 2018 2:22 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

വല്‍സന്‍ തില്ലങ്കേരി നുഴഞ്ഞുകയറി ആചാരലംഘനം നടത്തിയെന്ന് ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍

Published : 11th November 2018 | Posted By: kasim kzm

കൊച്ചി: ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരിയും ചിലയാളുകളും ശബരിമലയിലെ നിയന്ത്രിത മേഖലയിലേക്ക് നുഴഞ്ഞു കയറി ഇരുമുടിക്കെട്ടില്ലാതെ 18ാം പടി കയറിയെന്നു ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ എം മനോജ് ഹൈക്കോടതിയെ അറിയിച്ചു. വല്‍സന്‍ തില്ലങ്കേരിയടക്കമുള്ളവര്‍ 18ാം പടിയില്‍ കൂട്ടം കൂടുകയും അവിടെ നിന്നു വല്‍സന്‍ തില്ലങ്കേരി പ്രസംഗിക്കുകയും ചെയ്തു. ഇരുമുടിക്കെട്ടില്ലാതെ ഇവര്‍ 18ാം പടി ചവിട്ടിയത് ആചാരലംഘനമാണ്. പ്രതിഷേധത്തെത്തുടര്‍ന്ന് 10 മിനിറ്റോളം തീര്‍ത്ഥാടകര്‍ക്ക് പടി ചവിട്ടാനായില്ല. കുറച്ചു സമയത്തിനു ശേഷം ഇവര്‍ 18ാം പടിയില്‍ നിന്നു പിരിഞ്ഞുപോയി. ആചാരം ലംഘിച്ചതും 18ാം പടിയില്‍ പ്രസംഗിച്ചതും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. 18ാം പടിയുടെ പവിത്രത കാത്തുസൂക്ഷിക്കാന്‍ ബന്ധപ്പെട്ടവരും രാഷ്ട്രീയ, സാംസ്‌കാരിക സംഘടനകളും ജാഗ്രത കാട്ടണമെന്നും റിപോര്‍ട്ട് പറയുന്നു.
ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രിംകോടതി വിധിക്കെതിരേ രംഗത്തുള്ള രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ പ്രതിഷേധത്തില്‍ നിന്ന് മാറി അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കണമെന്നും റിപോര്‍ട്ടില്‍ ആവശ്യമുണ്ട്. ചിത്തിര ആട്ടത്തിരുനാളിനായി ശബരിമല നട തുറന്നതിനു ശേഷമുള്ള സംഭവവികാസങ്ങള്‍ വ്യക്തമാക്കി സമര്‍പ്പിച്ച റിപോര്‍ട്ടിലാണ് ഈ ആവശ്യമുള്ളത്. ചിത്തിര ആട്ടത്തിരുനാള്‍ മഹോല്‍സവത്തിനായി നവംബര്‍ അഞ്ചിന് വൈകീട്ട് അഞ്ചിന് നട തുറന്നു. തീര്‍ത്ഥാടകര്‍ക്ക് ടോയ്‌ലെറ്റ് സൗകര്യവും കുടിവെള്ള സൗകര്യവും ലഭ്യമാക്കിയില്ലെന്നു ചില കോണുകളില്‍ നിന്നു പരാതിയുയര്‍ന്നു. ടോയ്‌ലെറ്റുകളെല്ലാം പൂട്ടിയിട്ടിരിക്കുന്നുവെന്ന പരാതി അടിസ്ഥാനരഹിതമാണെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയതെന്ന് റിപോര്‍ട്ട് പറയുന്നു.
സന്നിധാനത്തെ ശുദ്ധജല കിയോസ്‌കുകളും പ്രവര്‍ത്തനക്ഷമമായിരുന്നു. കുടിവെള്ളം ലഭ്യമാക്കിയില്ലെന്നും ടോയ്‌ലെറ്റ് സൗകര്യങ്ങള്‍ നിഷേധിച്ചെന്നുമുള്ള പരാതികള്‍ യഥാര്‍ഥമല്ലെന്നു സ്വതന്ത്രമായ വിലയിരുത്തലില്‍ മനസ്സിലായി. ഒരു ദിവസത്തേക്കാണ് നട തുറന്നതെന്നതിനാല്‍ ചില അസൗകര്യങ്ങള്‍ ഉണ്ടായിട്ടുണ്ടാവാം. പ്രതിഷേധക്കാര്‍ തീര്‍ത്ഥാടകരുടെ വേഷത്തില്‍ ഇരുമുടിക്കെട്ടുമായി സന്നിധാനത്തെ ത്തി ക്യാംപ് ചെയ്യുമെന്ന റിപോ ര്‍ട്ടുകളുള്ളതിനെത്തുടര്‍ന്ന് ആര്‍ക്കും താമസിക്കാന്‍ റൂം സൗകര്യം നല്‍കിയില്ല. നവംബര്‍ ആറിന് രാവിലെ 7.15ന് 18ാം പടിയിലേക്കുള്ള വഴിയില്‍ 52 വയസ്സുള്ള ലളിതയെന്ന സ്ത്രീയെ പ്രതിഷേധക്കാര്‍ തടഞ്ഞു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ബന്ധു മൃദുല്‍ കുമാറിനെ സംഘം ക്രൂരമായി മര്‍ദിച്ചു. സന്നിധാനത്തിന്റെ പല ഭാഗങ്ങളിലായി തീര്‍ത്ഥാടകരുടെ വേഷത്തിലുണ്ടായിരുന്ന പ്രതിഷേധക്കാര്‍ കോപാകുലരായി നടപ്പന്തലിലേക്ക് ഓടിയെത്തി. ഇതോടെ വലിയ ബഹളമായി. പോലിസ് സംരക്ഷണവലയം തീര്‍ത്താണ് ലളിതയെയും മൃദുല്‍ കുമാറിനെയും പ്രതിഷേധക്കാരുടെ അക്രമത്തില്‍ നിന്നു രക്ഷിച്ചത്.
ശബരിമലയില്‍ ഗൂഢലക്ഷ്യത്തോടെ സാഹചര്യം ചൂഷണം ചെയ്യാനെത്തുന്ന സാമൂഹികവിരുദ്ധ ശക്തികളെ കരുതിയിരിക്കണമെന്നും റിപോര്‍ട്ട് പറയുന്നു.
മണ്ഡല മകരവിളക്ക് മഹോല്‍സവം നവംബര്‍ 16ന് തുടങ്ങും. പ്രതിദിനം ഒരു ലക്ഷത്തോളം തീര്‍ത്ഥാടകര്‍ ശബരിമലയിലെത്തും. ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരേ രാഷ്ട്രീയപ്പാര്‍ട്ടികളും പ്രതിഷേധക്കാരും ഇതേ നില തുടര്‍ന്നാല്‍ മണ്ഡല മകരവിളക്ക് സമയത്തെ തീര്‍ത്ഥാടനത്തെ ബാധിക്കും. ശബരിമലയിലെ സമാധാനാന്തരീക്ഷം തകര്‍ത്ത് തീര്‍ത്ഥാടകര്‍ക്ക് ദോഷമുണ്ടാക്കി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനൊരുങ്ങുന്ന സാമൂഹികവിരുദ്ധ ശക്തികളുടെ കൈകളിലെ പാവകളായി പ്രതിഷേധക്കാര്‍ മാറുമോയെന്നതില്‍ ആശങ്കയുണ്ടെന്നും റിപോര്‍ട്ട് പറയുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss