|    Nov 17 Sat, 2018 4:15 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

വലിയ വിമാന സര്‍വീസ് ആരംഭിക്കല്‍; കരിപ്പൂരില്‍ എയര്‍ ഇന്ത്യ പരിശോധന നടത്തി

Published : 7th August 2018 | Posted By: kasim kzm

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുന്നതിന്റെ ഭാഗമായി എയര്‍ ഇന്ത്യ സുരക്ഷാ പരിശോധന നടത്തി. എയര്‍ ഇന്ത്യയുടെ ഓപറേഷന്‍ വിഭാഗത്തിലെ ഉന്നത സംഘമാണ് ഇന്നലെ പരിശോധനയ്‌ക്കെത്തിയത്. എംപിമാരായ പി കെ കുഞ്ഞാലിക്കുട്ടി, എം കെ രാഘവന്‍, ഇ ടി മുഹമ്മദ് ബഷീര്‍, എം ഐ ഷാനവാസ്, പി വി അബ്ദുല്‍ വഹാബ് തുടങ്ങിയവര്‍ നേരത്തെ എയര്‍ ഇന്ത്യ ചെയര്‍മാനെ കണ്ട് കരിപ്പൂരില്‍ നിന്ന് സര്‍വീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടു നിവേദനം നല്‍കിയിരുന്നു.
ഇതിനെ തുടര്‍ന്നാണു സുരക്ഷാ പരിശോധനയ്‌ക്കെത്തിയത്. പരിശോധന പൂര്‍ത്തിയാക്കിയ എയര്‍ ഇന്ത്യ സര്‍വീസ് പുനരാംരംഭിക്കാനുള്ള അപേക്ഷ ഡിജിസിഎക്ക് സമര്‍പ്പിക്കും. ഡിജിസിഎയുടെ അനുമതി കേന്ദ്രമന്ത്രിയായിരിക്കും പ്രഖ്യാപിക്കുക. കരിപ്പൂരില്‍ നിന്ന് സൗദി സെക്ടറിലേ—ക്കാണ് എയര്‍ ഇന്ത്യയും സര്‍വീസ് ആരംഭിക്കുന്നത്.
എയര്‍ ഇന്ത്യ കോഡ് ഇ വിഭാഗത്തില്‍പ്പെട്ട 290 പേര്‍ക്കു സഞ്ചരിക്കാവുന്ന ഡ്രീംലൈനര്‍ വിമാനങ്ങളായിരിക്കും സര്‍വീസിനെത്തുക. ജിദ്ദ, റിയാദ് സര്‍വീസ് തന്നെയാണ് എയര്‍ ഇന്ത്യയുടെ ലക്ഷ്യം. അതേസമയം സൗദി എയര്‍ലൈന്‍സ് സുരക്ഷാ പരിശോധന നടത്തി സര്‍വീസ് ആരംഭിക്കാനുള്ള അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. കോഡ് ഇയിലെ 341 പേര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനങ്ങളാണു സൗദി എയര്‍ലെന്‍സ് ജിദ്ദ, റിയാദ് മേഖലയിലേക്കു സര്‍വീസ് ആരംഭിക്കുക.
അനുമതി ലഭിക്കുമെന്ന് ഉറപ്പായതോടെയാണ് സൗദി എയര്‍ലൈന്‍സിന് പിറകെ എയര്‍ ഇന്ത്യയും പരിശോധന നടത്തിയത്. 2015ലാണ് റണ്‍വേ വികസനത്തിന്റെ പേരില്‍ വലിയ വിമാനങ്ങള്‍ പിന്‍വലിച്ചതിനാല്‍ എയര്‍ ഇന്ത്യയും സൗദി എയര്‍ലെന്‍സും സര്‍വീസ് നിര്‍ത്തിയത്. എമിറേറ്റ്‌സ് എയര്‍ സര്‍വീസിനായി ഇതുവരെ രംഗത്തില്ല. മതിയായ വിമാന സീറ്റുകളില്ലാത്തതിനാലാണ് എമിറേറ്റ്‌സ് കരിപ്പൂരിലേ—ക്ക് വരാന്‍ വൈകുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss