|    Nov 17 Sat, 2018 8:26 pm
FLASH NEWS

വലിയ വിമാന സര്‍വീസ്‌കരിപ്പൂരില്‍ എയര്‍ ഇന്ത്യയുടെ സുരക്ഷാ പരിശോധന ഇന്ന്‌

Published : 6th August 2018 | Posted By: kasim kzm

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുന്നതിന്റെ ഭാഗമായി എയര്‍ ഇന്ത്യയുടെ സുരക്ഷാ പരിശോധന ഇന്ന് നടക്കും. എയര്‍ ഇന്ത്യയുടെ ഓപറേഷന്‍ വിഭാഗത്തിലെ ഉന്നത സംഘമാണ് ഇന്ന് പരിശോധനയ്ക്കായി കരിപ്പൂരിലെത്തുന്നത്. എംപിമാരായ പി കെ കുഞ്ഞാലിക്കുട്ടി, എം കെ രാഘവന്‍, ഇ ടി മുഹമ്മദ് ബഷീര്‍, എം ഐ ഷാനവാസ്, പി വി അബ്ദുള്‍ വഹാബ് തുടങ്ങിയവര്‍ നേരത്തെ എയര്‍ഇന്ത്യ ചെയര്‍മാനെ കണ്ട് കരിപ്പൂരില്‍ നിന്ന് സര്‍വീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കിയിരുന്നു.
ഇതേ തുടര്‍ന്നാണ് എയര്‍ഇന്ത്യ സുരക്ഷാ പരിശോധനയ്‌ക്കെത്തുന്നത്. പരിശോധന പൂര്‍ത്തിയാക്കുന്ന എയര്‍ഇന്ത്യ സര്‍വീസ് പുനരാംരംഭിക്കാനുള്ള അപേക്ഷ ഡിജിസിഎക്ക് സമര്‍പ്പിക്കും. കരിപ്പൂരില്‍ നിന്ന് സൗദി സെക്ടറിലേക്കാണ് എയര്‍ ഇന്ത്യയും സര്‍വീസ് ആരംഭിക്കാനിരിക്കുന്നത്. എയര്‍ ഇന്ത്യ കോഡ് ഇ വിഭാഗത്തില്‍പ്പെട്ട 290 പേര്‍ക്ക് സഞ്ചരിക്കാവുന്ന ഡ്രീംലൈനര്‍ വിമാനങ്ങളായിരിക്കും സര്‍വീസിനെത്തിക്കുക. ജിദ്ദ, റിയാദ് സര്‍വീസ് തന്നെയാണ് എയര്‍ഇന്ത്യയുടെ ലക്ഷ്യം. നേരത്തെ സൗദി എയര്‍ലൈന്‍സ് സുരക്ഷാ പരിശോധന നടത്തി സര്‍വീസ് ആരംഭിക്കാനുള്ള അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
കോഡ് ഇയിലെ 341 പേര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനങ്ങളാണ് സൗദി എയര്‍ലെന്‍സ് ജിദ്ദ,റിയാദ് മേഖലയിലേയ്ക്ക് എത്തിക്കുന്നത്. കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങളുടെ അനുമതി അടുത്ത ദിവസം തന്നെ ഉണ്ടാകുമെന്നാണ് സൂചന.
ഡിജിസിഎയുടെ അനുമതി കേന്ദ്രമന്ത്രിയായിരിക്കും പ്രഖ്യാപിക്കുക. അനുമതി നല്‍കുമെന്ന് ഉറപ്പായതോടെയാണ് സൗദി എയര്‍ലെന്‍സിന് പിറകെ എയര്‍ഇന്ത്യയും സര്‍വീസ് ആരംഭിക്കാന്‍ പരിശോധനയ്ക്കായി തിങ്കളാഴ്ച കരിപ്പൂരിലെത്തുന്നത്.
2015 ലാണ് എയര്‍ഇന്ത്യയും സൗദി എയര്‍ലെന്‍സും റണ്‍വേ വികസനത്തിന്റെ പേരില്‍ വലിയ വിമാനങ്ങള്‍ പിന്‍വലിച്ചതിനാല്‍ സര്‍വീസ് നിര്‍ത്തിയത്. വലിയ വിമാനങ്ങളുടെ ശ്രേണിയില്‍ ഉള്‍പ്പെട്ട ദുബയിലേയ്്ക്ക് സര്‍വീസ് നടത്തിയിരുന്ന എമിറേറ്റ്‌സ് എയര്‍ സര്‍വീസിനായി ഇതുവരെ രംഗത്തില്ല. മതിയായ വിമാന സീറ്റുകളില്ലാത്തതിനാലാണ് എമിറേറ്റ്‌സ് അനുമതിക്ക് കരിപ്പൂരിലേയ്ക്കു വരാന്‍ വൈകുന്നത്.

 

 

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss