|    Jun 18 Mon, 2018 11:06 pm

വലിയ നോട്ടുകള്‍ അസാധുവാക്കിയ നടപടി ; ജില്ലയിലെ മലയോര, ആദിവാസി ഗ്രാമങ്ങള്‍ പട്ടിണിയിലേക്ക്

Published : 14th November 2016 | Posted By: SMR

പത്തനംതിട്ട: 500, 1000 നോട്ടുകള്‍ അസാധുവായതോടെ ജില്ലയിലെ മലയോര, ആദിവാസി മേഖലകളിലെ ജനങ്ങള്‍ പട്ടിണിയിലേക്ക്. നിലവിലുള്ള സ്ഥിതി തുടരുകയാണെങ്കില്‍ രണ്ട് ദിവസത്തിനകം കൈയ്യില്‍ കരുതിയിരുന്ന ഭക്ഷണം തീരുമെന്ന ആശങ്കയാണ് ഇവര്‍ പങ്ക് വയ്ക്കുന്നത്. ബാങ്കുകളുടെ അഭാവവും കൈമാറ്റം ചെയ്യാവുന്ന നോട്ടുകളുമില്ലാത്തതാണ് ഇവരുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുന്നത്. ദൈനംദിനം അഷ്ടിക്കുള്ള വക കണ്ടെത്തിയിരുന്ന മലയോര, ആദിവാസി സമൂഹത്തിന് പലചരക്ക് വ്യാപാരശാലകളില്‍ നിന്നു സാധനങ്ങള്‍ ലഭിക്കാത്തതും പട്ടിണിയിലേക്കുള്ള ഇവരുടെ യാത്രയ്ക്ക് ആക്കം കൂട്ടി. നോട്ട് പിന്‍വലിക്കല്‍ നടപടിയിലൂടെ ഗ്രാമീണമേഖലയില്‍ വലിയ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് പന്തളം സുധാകരന്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരമൊരു നടപടിയുടെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ ആവശ്യമായ മുന്നൊരുക്കമില്ലാത്ത നടപടിമൂലം തകര്‍ന്നത് ഗ്രാമീണമേഖലയെയാണ്. ഗ്രാമീണ ബാങ്കുകളിലും നോട്ടുകള്‍ മാറാന്‍ സൗകര്യമൊരുക്കിയില്ലെങ്കില്‍ അത് ജനങ്ങളെ കലാപത്തിലേക്കും കൊള്ളയിലേക്കും നയിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. പരസ്പരം പഴി ചാരാതെ പ്രശ്‌നത്തില്‍ ഇടപെടാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഏകോപനം ഉണ്ടാവണം. ചെറുകിട കച്ചവടക്കാര്‍ വലിയ പ്രതിസന്ധിയെയാണ് നേരിടുന്നത്. വന്‍കിട കുത്തക കച്ചവടക്കാരെ സഹായിക്കുക എന്ന ഗൂഢലക്ഷ്യം ഇതിനു പിന്നിലുണ്ട്. കാര്‍ഡ് സംവിധാനം ഉപയോഗിക്കുന്നവര്‍ മാത്രം വിപണികളെ ആശ്രയിച്ചാല്‍ മതി എന്നു പറയുന്നതിലൂടെ മാളുകളെ സുരക്ഷിക്കുവാനുള്ള ശ്രമമാണ്് നടക്കുന്നത്. ചില്ലറ ക്ഷാമം രൂക്ഷമായതോടെ നിത്യകൂലിക്കു ജോലി ചെയ്യുന്ന നിരവധി ആളുകള്‍ക്കാണ് കൂലി കിട്ടാതെ പോവുന്നത്. തൊഴില്‍ ചെയ്തും സമ്പാദിച്ചും സ്വരൂപിച്ച പണം മണിക്കൂറുകള്‍ ക്യൂ നിന്ന് വാങ്ങണം എന്നു പറയുന്നത് ലജ്ജാകരമാണെന്നും പന്തളം സുധാകരന്‍ പറഞ്ഞു. ഇതിനിടയില്‍ 2000, 1000, 500 നോട്ടുകളുമായി ഇന്ധനം നിറയ്ക്കാനെത്തുന്നവര്‍ കൈയില്‍ ചെറിയപാത്രങ്ങളും കരുതിക്കൊള്ളണം. അതില്‍ കൂടി ഇന്ധനം നല്‍കിവിടാം. അല്ലാതെ ബാക്കി ചോദിക്കരുത്. ഇത് അടൂരിലെ ഒരു പെട്രോള്‍ പമ്പില്‍ എഴുതി വച്ചിട്ടുള്ളതാണ്. ചില്ലറ നല്കുന്നതിന് പണം ഇല്ലാത്തതിനാലാണ് ഇത്തരത്തില്‍ എഴുതിവച്ചതെന്നാണ് പമ്പുകാര്‍ നല്‍കുന്ന മറുപടി. ഇതേ പോലെയാണ് ഹോട്ടലുകളിലും ബേക്കറികളിലും മറ്റു വ്യാപാര സ്ഥാപനങ്ങളിലും. എല്ലാ ആളുകളും ഇപ്പോള്‍ വലിയ നോട്ടുകളുമായിട്ടാണ് വരുന്നത്. ബാക്കി നല്‍കുന്നതിന് ചില്ലറ ബാങ്കുകളില്‍നിന്നു പോലുംകിട്ടുന്നില്ല. അടൂരിലെ ഒരു ബാങ്കില്‍നിന്ന് 500ന്റെ നോട്ടുകള്‍ മാറി നല്‍കിയത് 2000 രൂപാ നോട്ടുകളായിട്ടാണ്. ഈ കിട്ടിയ നോട്ടുമായി കുറെ ആളുകള്‍ മാനേജരുടെ കാബിനില്‍ എത്തി പറഞ്ഞത് അരി വാങ്ങുന്നതിനെങ്കിലും ചില്ലറ തരണമെന്നാണ്. വ്യാപാര മേഖലയും കടുത്ത പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. ജില്ലയിലെ ഗ്രാമീണ മേഖലയില്‍ വ്യാപാര ശാലകള്‍ പലതും ഇന്നലെ പ്രവര്‍ത്തിച്ചത് ഒന്നോ, രേേണ്ടാ മണിക്കൂറുകള്‍ മാത്രമാണ്. സ്വകാര്യ ബാങ്കുകളില്‍ ഭൂരിപക്ഷവും ഇന്നലെയും പ്രവര്‍ത്തിച്ചില്ല. നാളെ മുതല്‍ അനശ്ചിതകാല കടയടപ്പ് സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജനം ഇന്ന് എങ്ങനെ പ്രതികരിക്കുമെന്ന് കണ്ടറിയുകതന്നെ വേണം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss