|    Mar 21 Wed, 2018 10:21 pm
FLASH NEWS
Home   >  Editpage  >  Readers edit  >  

വലിയ ദുരന്തങ്ങള്‍ വിളിച്ചുവരുത്തുന്നു

Published : 15th May 2016 | Posted By: SMR

slug-enikku-thonnunnathuഅസ്‌ലം അലി, ഈരാറ്റുപേട്ട

മണ്ണിനോടാവട്ടെ, മരങ്ങളോടാവട്ടെ, മഴയോടാവട്ടെ, പുഴയോടാവട്ടെ, നാം അവയോട് എങ്ങനെ ഇടപെടുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു അവയുടെ പ്രതികരണങ്ങള്‍. ജഗന്നിയന്താവിനല്ലാതെ മറ്റാര്‍ക്കും പ്രകൃതിയുടെ താളത്തെ നിര്‍ണയിക്കാനോ നിയന്ത്രിക്കാനോ കഴിയുകയില്ല. മനുഷ്യന്‍ ദൈവത്തിന്റെ പ്രതിനിധിയാണ്. ദൈവം പ്രവര്‍ത്തനസ്വാതന്ത്ര്യം നല്‍കുകയും കല്‍പിക്കുകയും ചെയ്തതിന് പുറത്തുകടക്കാനും പ്രകൃതിനിയമങ്ങളില്‍ കൈകടത്താനും ശ്രമിച്ചപ്പോഴൊക്കെ പ്രകൃതിയുടെ താളംതെറ്റുകയും വിപത്തുകള്‍ക്ക് മനുഷ്യന്‍ ഇരയാവുകയും ചെയ്യേണ്ടിവന്നിട്ടുണ്ട്.
മനുഷ്യന്റെ ആര്‍ത്തിയാണ് സര്‍വനാശങ്ങളുടെയും നിദാനം. വറ്റിവരണ്ട് ആസന്നമൃതിയിലെത്തിനില്‍ക്കുന്ന പുഴകളും തടാകങ്ങളും പാറക്കെട്ടുകളും മാത്രമുള്ള മലനിരകളും ശുഷ്‌കിച്ചുപോവുന്ന വനാന്തരങ്ങളുമൊക്കെ മര്‍ത്യന്റെ അത്യാര്‍ത്തിയുടെ ദൃഷ്ടാന്തങ്ങളാണ്. വ്യവസായശാലകള്‍ പുറന്തള്ളുന്ന കാര്‍ബണ്‍ഡയോക്‌സൈഡും പെട്രോള്‍, ഡീസല്‍, ഗ്യാസ് തുടങ്ങിയ ഫോസില്‍ ഇന്ധനങ്ങളുടെ നിയന്ത്രണമില്ലാത്ത ഉപയോഗവുമാണ് ആഗോള താപനത്തിന്റെ പ്രധാന ഹേതു. ചില വാതകങ്ങള്‍ ഓസോണ്‍ പാളിക്ക് വിള്ളല്‍ വീഴ്ത്തുകയും കാലാവസ്ഥാവ്യതിയാനത്തിന് കാരണമാവുകയും ചെയ്യുന്നുണ്ടെന്നു നമുക്കറിയാം. ഉല്‍പാദനരീതിയില്‍ മാറ്റംവരുത്തുന്നതു വഴി മാത്രമേ താപനം കുറയ്ക്കാന്‍ പറ്റൂ. അതിനു തയ്യാറാവാത്തപക്ഷം നാം വലിയ ദുരന്തങ്ങളെ ക്ഷണിച്ചുവരുത്തുകയാണ്. പ്രകൃതി വരുംതലമുറയ്ക്കുകൂടിയുള്ളതാണ്. മനുഷ്യന്‍ അതിരുകടന്നപ്പോഴൊക്കെ പ്രപഞ്ചം കലിതുള്ളിയത് നാമെത്ര കണ്ടതാണ്. മണ്ണും വിണ്ണും മഴയും മരവും മര്‍ത്യനും മൃഗവും വെയിലും വേനലും കാറ്റും വെളിച്ചവുമെല്ലാം കരുണക്കടലായ പ്രപഞ്ചനാഥന്റെ വരദാനങ്ങളാണ്. ”മര്‍ത്യനും മൃഗവുമീവൃക്ഷവും നക്ഷത്രവും പട്ടുനൂലൊന്നില്‍ കോര്‍ക്കപ്പെട്ടുള്ള മുത്തുമണികളാം; ക്ഷിപ്രമിച്ചരാചരമൊന്നായി തകര്‍ന്നുപോം ഇപ്രപഞ്ചത്തിന്നാഡീഞരമ്പൊന്നറുക്കുകില്‍” എന്നാണ് കവി പാടുന്നത്.
ഒരര്‍ഥത്തില്‍ ഭൂമിയില്‍നിന്നുയര്‍ന്നുപൊങ്ങുന്ന മനുഷ്യന്റെ പാപക്കറകളാണ് അന്തരീക്ഷത്തെ ഇത്രമേല്‍ മലീമസമാക്കുന്നതും ജീവദാഹത്തിന്റെ അമൃതധാരകളെ ബന്ധനസ്ഥയാക്കുന്നതും. ഭൂമിയിലെ സകല ജീവജാലങ്ങള്‍ക്കും വേണ്ടിയുള്ള വിഭവങ്ങള്‍ ഇവിടെ സുലഭമാണ്. എന്നാല്‍, ദുരമൂത്ത മനുഷ്യന്‍ തനിക്ക് അവകാശപ്പെട്ടതിനുമപ്പുറം വെട്ടിപ്പിടിക്കാന്‍ ശ്രമിക്കുന്നു. അതു മറ്റൊരുവന്റെ അവകാശത്തിന്‍മേലുള്ള കൈകടത്തലാണ്. അതൊരു കുറ്റകൃത്യമാണ്. മാനുഷികമൂല്യങ്ങള്‍ അസ്തമിച്ചുപോവുകയും എല്ലാം സ്വാര്‍ഥതയ്ക്ക് വഴിമാറുകയും ചെയ്യുന്ന അവസ്ഥയുണ്ടാവുന്നത് അങ്ങനെയാണ്. തദവസരത്തില്‍ മനുഷ്യനെ നിയന്ത്രിക്കുന്നത് പരസ്പര സ്‌നേഹമോ കരുണയോ അല്ലായിരിക്കും. മറിച്ച് സ്വാര്‍ഥതയായിരിക്കും.
മനസ്സ് മലിനമാവുമ്പോള്‍ അന്തരീക്ഷം മലിനമാവുന്നതില്‍ എന്തദ്ഭുതം! അന്തരംഗവും അന്തരീക്ഷവും മനസ്സും മാനവും തമ്മിലുള്ള അഭേദ്യമായ ബന്ധം നന്മകളില്‍ മാത്രമല്ല, തിന്മകളിലും പ്രകടമാവുമെന്നു സാരം. മനുഷ്യന് ഈ ദുരന്തങ്ങളൊക്കെ വന്നുഭവിച്ചത് സ്വന്തം കര്‍മങ്ങളുടെ അനന്തരഫലമായിട്ടാണെന്നറിയാം. പക്ഷേ, അവര്‍ അറിവില്ലായ്മ നടിക്കുന്നു. ഉപഭോഗശീലങ്ങളില്‍ മാറ്റംവരുത്തുന്നതിനു പകരം ചൂടിനെ പ്രതിരോധിക്കാന്‍വേണ്ടി എയര്‍കണ്ടീഷന്‍ ഉപയോഗിക്കുന്നു. എരിതീയില്‍ എണ്ണയൊഴിക്കുന്നതരത്തിലുള്ള അപക്വമായ പ്രതിരോധമാര്‍ഗങ്ങളാണതൊക്കെ. വരുംതലമുറകളുടെ കാര്യം തീരെ ഗൗനിക്കാതെയുള്ള നടപടികളാണത്.
ഹൃദയം വറ്റിവരണ്ട മര്‍ത്യന്‍ വീട്ടുമുറ്റത്തെ കിണറും കുളവും പുഴയും അരുവികളും കാട്ടാറുകളുമെല്ലാം നിറഞ്ഞുകിടക്കണമെന്ന് അഭിലഷിക്കുന്നത് അല്‍പത്തരമാണ്. ആദ്യം ഹൃദയത്തെ സഹജീവിസ്‌നേഹംകൊണ്ടും പ്രകൃതിയോടുള്ള പ്രണയംകൊണ്ടും നിറയ്ക്കട്ടെ!

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss