|    Oct 16 Tue, 2018 8:18 pm
FLASH NEWS
Home   >  Editpage  >  Article  >  

വലിയ ഇടയനും റോഹിന്‍ഗ്യരും

Published : 7th December 2017 | Posted By: kasim kzm

ഇ ജെ ദേവസ്യ

ബുദ്ധനല്ല, ബുദ്ധ ഭൂരിപക്ഷം പ്രകോപിപ്പിക്കപ്പെടുമെന്നതിനാല്‍ മ്യാന്‍മറിലെത്തിയ മാര്‍പാപ്പ, നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ റോഹിന്‍ഗ്യരെ കല്ലെറിയുക എന്നു സൈനിക ജനറല്‍ മിന്‍ ഉങ് ലൈങിനോടു പറഞ്ഞില്ല; നൊബേല്‍ സമ്മാനമല്ല, ലോകം മുഴുവന്‍ നേടിയാലും ആത്മാവ് നഷ്ടപ്പെട്ടാല്‍ പിന്നെന്തെന്ന് സ്‌റ്റേറ്റ് കൗണ്‍സിലര്‍ ഓങ്‌സാന്‍ സൂച്ചിയോടു ചോദിച്ചില്ല. സര്‍വ സൗഭാഗ്യങ്ങളും അനുഭവിക്കുന്ന തൊള്ളായിരത്തിതൊണ്ണൂറ്റിഒമ്പതിനെയും അവിടവിടെ വിട്ട് എല്ലാം നഷ്ടപ്പെട്ട ഒരു ജനതയുടെ അടുത്തേക്ക് ആ വലിയ ഇടയന്‍ ഓടിയെത്തിയപ്പോള്‍ ഹൃദയം തുടിച്ചുപോയ, ഭൂമിയില്‍ സന്മനസ്സുള്ള സമാധാനകാംക്ഷികള്‍ക്കും ലോക മനുഷ്യാവകാശ സംഘടനകള്‍ക്കും തെറ്റി. മ്യാന്‍മറിലെ ഭൂരിപക്ഷത്തിന്റെ കുരിശേറ്റുവാങ്ങാന്‍ നില്‍ക്കാതെ ആത്മീയതയ്ക്ക് അന്യമായൊരു മെയ്‌വഴക്കത്തോടെ പോപ്പ് ഫ്രാന്‍സിസ് ക്രിസ്മസ് നോമ്പിന്റെ വ്രതവിശുദ്ധിയിലേക്കു മടങ്ങി.

കൈകഴുകുന്നത് ഇങ്ങനെ വേണമെന്നു ക്രിസ്തു പഠിപ്പിച്ചിട്ടില്ല. സൂച്ചിയെ ആ പാഠം പഠിപ്പിച്ചയാളുടെ പേര് പിലാത്തോസ് എന്നാണ്. ദൈവത്തിന്റെ സാന്നിധ്യത്തെ ഇന്നു റോഹിന്‍ഗ്യരെന്നു വിളിക്കപ്പെടുന്നുവെന്ന് പോപ്പ് പറയേണ്ടിയിരുന്നത് മ്യാന്‍മറില്‍ വച്ചുതന്നെയായിരുന്നു; അല്ലാതെ ബംഗ്ലാദേശില്‍ ചെന്നിട്ടായിരുന്നില്ല. തന്റെ രാജ്യത്തെ 16 കോടിയോളം പൗരന്‍മാര്‍ക്കു ഭക്ഷണം നല്‍കാന്‍ കഴിയുമെങ്കില്‍ ഏഴു ലക്ഷം റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ക്കു കൂടി അതു പങ്കുവയ്ക്കാനാവുമെന്നു പറഞ്ഞ് അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ ഊട്ടിക്കുന്നതെങ്ങനെയെന്ന് ലോകത്തിനു കാണിച്ചുകൊടുത്ത ബംഗ്ലാദേശ് പ്രധാനമന്ത്രി ശെയ്ഖ് ഹസീനയ്ക്കു മാര്‍പാപ്പയുടെ ശുദ്ധിപത്രത്തിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. കാരണം, അവരതു ചെയ്യുന്നത് നിങ്ങളില്‍ എളിയവര്‍ക്കായി നിങ്ങള്‍ ചെയ്യുന്നത് എനിക്കു വേണ്ടിയാണെന്ന സണ്‍ഡേ സ്‌കൂള്‍ വചനസന്ദേശം പഠിച്ചിട്ടോ വത്തിക്കാന്‍ നാളെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചേക്കുമെന്നു പ്രതീക്ഷിച്ചോ അല്ല. മറിച്ച്, തീര്‍ത്തും മാനുഷിക പരിഗണനയാലാണ് സാധ്യമായതെല്ലാം ചെയ്യാന്‍ തന്റെ ജനതയോട് ആവശ്യപ്പെട്ടിട്ടുള്ളതെന്ന് ശെയ്ഖ് ഹസീന നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.മ്യാന്‍മറുകാരല്ലെന്ന എക്കാലത്തെയും ഭരണകൂട നിലപാടുകള്‍ക്കിടെ 1982ല്‍ പട്ടാളഭരണകൂടം പൗരത്വം കൂടി എടുത്തുകളഞ്ഞതോടെ പിറന്ന മണ്ണില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട്, ലോകത്തൊരിടത്തും അഭയമില്ലാതെ അലയുന്നതിനിടെ മരണത്തെ മാത്രമേ അവര്‍ മുഖാമുഖം കണ്ടിട്ടുള്ളൂ. അതുകൊണ്ട് മാര്‍പാപ്പ ആരെന്ന് റോഹിന്‍ഗ്യരില്‍ പലര്‍ക്കും അറിയില്ല; അറിയേണ്ട കാര്യവുമില്ല. എന്നാല്‍, റോഹിന്‍ഗ്യര്‍ ആരെന്ന് പോപ്പിന് അറിയാം; അറിയുകയും വേണം. എട്ടാം നൂറ്റാണ്ട് മുതല്‍ മ്യാന്‍മര്‍വാസികളായിരുന്നിട്ടും ഈ ജനവിഭാഗത്തിന് ഇന്നു ഭൂമുഖത്തെവിടെയും പൗരത്വമില്ല. സമാധാന നൊബേല്‍ ജേതാവ് ഓങ്‌സാന്‍ സൂച്ചി ഭരണത്തില്‍ വന്നപ്പോള്‍ ഏറെ പ്രത്യാശിച്ചതാണവര്‍. എന്നാല്‍ പിന്നീടിങ്ങോട്ട് നരകത്തെയും തോല്‍പിക്കുന്നതായി അവരുടെ ജീവിതം. റാഖൈന്‍ സംസ്ഥാനത്തെ അവരുടെ ഗ്രാമങ്ങള്‍ പട്ടാളം അഗ്നിക്കിരയാക്കുന്നു; കൂട്ടക്കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുന്നു. പെണ്ണായി കണ്ണില്‍ക്കണ്ടതിനെയെല്ലാം ക്രൂരമായി ബലാല്‍സംഗം ചെയ്തു കൊല്ലുന്നു. കുഞ്ഞുങ്ങളെ കഴുത്തറുക്കുകയും യുവാക്കളെ മുളങ്കുടിലിനുള്ളില്‍ ബന്ദികളാക്കി ചുട്ടെരിക്കുകയും ചെയ്യുന്നു. പ്രാണനും മാനത്തിനും വേണ്ടിയുള്ള ചെറുത്തുനില്‍പ്പുകള്‍ക്കു മേല്‍ തീവ്രവാദക്കുറ്റം ചാര്‍ത്തുന്നു. ജീവനുംകൊണ്ടുള്ള പലായനത്തിനിടയില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തതനുസരിച്ച് 10,000 പേരും അല്ലാതെ 40,000ലധികം പേരും ഇന്ത്യയിലും 6,20,000 പേര്‍ ബംഗ്ലാദേശിലും അഭയംതേടി. ആയിരങ്ങള്‍ കടലിലും കരയിലുമായി അപകടങ്ങളിലോ ആക്രമണങ്ങളിലോ വിശന്നു തളര്‍ന്നോ മരിച്ചുവീണു. കഴിഞ്ഞ 92 വര്‍ഷത്തിനിടയില്‍ ആ രാജ്യത്തു നിന്നു പലായനം ചെയ്തവരുടെ എണ്ണം 38 ലക്ഷം വരുമെന്നറിയുമ്പോള്‍ അവരില്‍ ഇല്ലായ്മ ചെയ്യപ്പെട്ടവരുടെ എണ്ണം ഊഹിക്കാവുന്നതാണ്. ഇന്ത്യയിലെത്തിയവരെ കെട്ടുകെട്ടിക്കാന്‍ ഭരണകൂടം തീരുമാനിച്ചുകഴിഞ്ഞു. 31 വര്‍ഷം മുമ്പ് പോപ്പ് ജോണ്‍പോള്‍ രണ്ടാമന്‍ മ്യാന്‍മര്‍ സന്ദര്‍ശിച്ചപ്പോഴുള്ള സംവേദനക്ഷമതയല്ല ഇന്നത്തെ മാധ്യമങ്ങള്‍ക്കും മനുഷ്യനുമുള്ളത്. റോഹിന്‍ഗ്യരെ സംരക്ഷിക്കാന്‍ ആവശ്യമായതെല്ലാം തങ്ങള്‍ ചെയ്യുന്നുണ്ടെന്നും പ്രചരിക്കുന്ന വാര്‍ത്തകളും ചിത്രങ്ങളും തെറ്റാണെന്നും സൂച്ചിയുടെ ഓഫിസ് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത് ഒരു കുഞ്ഞും ഇന്നു വിശ്വസിക്കുന്നില്ല. മ്യാന്‍മര്‍ സൈന്യം നടത്തുന്നത് പച്ചയായ വംശഹത്യയാണെന്നത് ലോകത്തിനു മുഴുവന്‍ ബോധ്യപ്പെട്ടതാണ്. മുസ്‌ലിം ന്യൂനപക്ഷമായ റോഹിന്‍ഗ്യരെ നശിപ്പിക്കാന്‍ മ്യാന്‍മറിന് ആയുധവും പ്രേരണയും നല്‍കുന്നത് യുഎസും ഇസ്രായേലുമാണെന്ന യാഥാര്‍ഥ്യവും പകല്‍പോലെ വ്യക്തമായിട്ടുണ്ട്. എന്നിട്ടോ? നാഴികയ്ക്കു നാല്‍പതുവട്ടം ഐക്യരാഷ്ട്ര രക്ഷാസമിതിയും അതിന്റെ മനുഷ്യാവകാശ കമ്മീഷനും റോഹിന്‍ഗ്യന്‍ വിഷയത്തില്‍ യോഗം ചേരുകയും പ്രമേയം പാസാക്കുകയും ആശങ്ക പ്രകടിപ്പിക്കുകയും, വംശഹത്യ തന്നെയെന്ന് സെക്രട്ടറി ജനറല്‍ അന്തോണിയോ ഗുത്തേറഷിനെപ്പോലുള്ളവര്‍ ആണയിടുകയും ചെയ്യുന്നതല്ലാതെ നാളിതുവരെ നടപടി എന്ന നിലയില്‍ ഒരു ചുക്കും ഉണ്ടായില്ലെന്നു മാത്രം. ആരോപണങ്ങള്‍ സമ്മതിക്കുംവിധം സപ്തംബര്‍ 20ന് നടന്ന യുഎന്‍ സമ്മേളനത്തില്‍ സൂച്ചി പങ്കെടുക്കാതിരുന്നിട്ടുപോലും അന്താരാഷ്ട്ര കടമ നിറവേറ്റാന്‍ ആരുടെയും ചെറുവിരലനങ്ങിയില്ല. ഒരുഭാഗത്ത്, ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് ഉയരുന്ന പ്രതിഷേധങ്ങളെ അടക്കിനിര്‍ത്താന്‍ ഇപ്പോള്‍ നടപടി ഉണ്ടാവുമെന്ന നിലയില്‍ യുഎന്‍ പോലുള്ള കേന്ദ്രങ്ങളില്‍ നിന്നു ചില പ്രസ്താവനകള്‍ മാത്രം; മറുഭാഗത്ത്, യുഎസ് അച്ചുതണ്ടായി ഇസ്രായേലും ഇന്ത്യയും മ്യാന്‍മറും ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ വംശീയ ഭരണകൂടങ്ങള്‍ മുസ്‌ലിം-ന്യൂനപക്ഷ ജനവിഭാഗങ്ങളെ പൊതു ഇടങ്ങളില്‍ വരെ കൊന്നുതീര്‍ക്കുകയും പൊതുജീവിതത്തില്‍ നിന്നു ഭ്രഷ്ടരാക്കുകയും ചെയ്യുന്നു. അന്താരാഷ്ട്ര ബന്ധങ്ങള്‍ വരെ വംശീയ ധ്രുവീകരണത്തിന്റെ കുടക്കീഴിലാക്കുന്ന രാഷ്ട്രീയനീക്കങ്ങള്‍. ആക്രമിക്കപ്പെടുന്നത് മുസ്‌ലിം ജനവിഭാഗങ്ങളാണെന്ന തുറന്ന ന്യായീകരണങ്ങളോളം എത്തിനില്‍ക്കുന്ന ചരിത്രസന്ധിയിലാണ് പോപ്പ് ഫ്രാന്‍സിസ് മ്യാന്‍മറിലെത്തിയത്. അദ്ദേഹം അവിടെ റോഹിന്‍ഗ്യകളെക്കുറിച്ചു പറയുന്നത് ലോകത്തെ പീഡിപ്പിക്കപ്പെടുന്ന മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും വേണ്ടിയാവുന്ന ചരിത്രസന്ദര്‍ഭമായിരുന്നു അത്. എന്നിട്ടും റോഹിന്‍ഗ്യരെ കാണാനും അവരോട് ലോകത്തിന്റെ പാപങ്ങള്‍ക്കു മാപ്പുചോദിക്കാനും പാപ്പയ്ക്കു ബംഗ്ലാദേശില്‍ എത്തേണ്ടിവന്നു. അവര്‍ വേട്ടയാടപ്പെടുന്ന, അവരുടെ പിറന്ന മണ്ണായ മ്യാന്‍മറിലെത്തിയപ്പോള്‍ വലിയ പിതാവിന്റെ ആത്മാഭിമാനത്തിനു മേല്‍ ഭൂരിപക്ഷ കല്‍പനകളുടെ മുള്‍ക്കിരീടമായിരുന്നു. അതുകൊണ്ട് മ്യാന്‍മര്‍ റോഹിന്‍ഗ്യരുടെ ഏദന്‍തോട്ടമാണെന്ന സത്യം സൂച്ചിയോട് മാര്‍പാപ്പയ്ക്കു പറയാന്‍ കഴിയുമായിരുന്നില്ല! ഫലം തരാത്ത അത്തിമരത്തോടെന്നപോലെയോ ദേവാലയത്തിലെ കരിഞ്ചന്തക്കാരോടെന്നപോലെയോ മ്യാന്‍മര്‍ ഭരണകൂടത്തോട് ആ ജ്ഞാനവാര്‍ധക്യം കൊടുമപ്പെട്ട ചിലതു പറഞ്ഞുപോയേക്കുമെന്നു വരെ ഒരുവേള ലോകം സന്ദേഹിച്ചു. എന്നാല്‍ ഒന്നുമുണ്ടായില്ല.    പിറ്റേന്ന് ബംഗ്ലാദേശിലെ ധക്ക ആര്‍ച്ച് ബിഷപ് ഹൗസില്‍ തന്നെ കാണാനെത്തിയ റോഹിന്‍ഗ്യന്‍ അഭയാര്‍ഥിയായ ഒരു വനിതയ്ക്കു മുമ്പില്‍ പാപ്പ കൈക്കുമ്പിളുമായി തലകുമ്പിട്ട് കുമ്പസാരക്കൂട്ടിലെന്നപോലെ നില്‍ക്കുന്ന ദൃശ്യം കണ്ടപ്പോള്‍, ആ സ്ത്രീ അങ്ങ് എന്റെ മകളെ കണ്ടോ, മകനെ കണ്ടോ, ആങ്ങളയെയോ അമ്മയെയോ അച്ഛനെയോ കണ്ടോ എന്ന് ഒരുനിമിഷം മുഖമുയര്‍ത്തി ചോദിച്ചുപോവുമോ എന്ന് ലോകത്തിനു തോന്നിപ്പോയിട്ടുണ്ടാവും. പക്ഷേ, അതുണ്ടായില്ല. പകരം, മുഷിഞ്ഞതെങ്കിലും അച്ചടക്കത്തോടെ ധരിച്ച കറുത്ത ശിരോവസ്ത്രത്തിനു താഴെ കുനിഞ്ഞ മുഖത്തെ കണ്ണുകള്‍ പിതാവിന്റെ കാല്‍പാദങ്ങളിലേക്കയച്ച്, ഇനിയും താണ്ടിത്തീര്‍ക്കാനുള്ള ദൂരത്തെക്കുറിച്ചു മാത്രം ചിന്തിക്കുന്നതുപോലെ നിസ്സംഗതയോടെ നിന്നു. ഒരുപക്ഷേ, അവളുടെ മനസ്സ് അപ്പോള്‍ ഏലീ.. ഏലീ, ലമാ സബക്താനി (എന്റെ ദൈവമേ, എന്റെ ദൈവമേ നീയും എന്തുകൊണ്ടെന്നെ കൈവെടിഞ്ഞു) എന്നു ചോദിച്ചുപോയിട്ടുണ്ടാവുമോ?      ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss