|    Nov 21 Wed, 2018 7:07 am
FLASH NEWS
Home   >  Editpage  >  Lead Article  >  

വലിച്ചും വലിക്കാതെയും താഴെയിടല്‍ പരിപാടി

Published : 2nd November 2018 | Posted By: kasim kzm

മധ്യമാര്‍ഗം  –  പരമു

ജനങ്ങള്‍ വോട്ട് ചെയ്ത് അധികാരത്തില്‍ കയറ്റിയിരുത്തിയ കേരള സര്‍ക്കാരിനെ വലിച്ചു താഴെയിടുമെന്ന ബിജെപി അധ്യക്ഷന്‍ അമിത്ഷായുടെ പ്രഖ്യാപനം വന്നിട്ട് ചൂടാറിയിട്ടില്ല. നേതാവിന്റെ വാക്കുകള്‍ അക്ഷരംപ്രതി നടപ്പാക്കാന്‍ അണികള്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുകയാണ്. തിരഞ്ഞെടുക്കപ്പെട്ട പല സര്‍ക്കാരുകളെയും താഴെയിടുന്നതില്‍ പ്രത്യേക പ്രാവീണ്യം നേടിയ പ്രസിഡന്റ് പറഞ്ഞാല്‍ അണികള്‍ക്ക് നോക്കിയിരിക്കാന്‍ പറ്റുമോ?
ശബരിമലയില്‍ റിപോര്‍ട്ടര്‍മാരെ മര്‍ദിച്ചതിലും കാമറകളും വാഹനങ്ങളും തല്ലിത്തകര്‍ത്തതിലും പ്രതികാരത്തിന് കാത്തിരിക്കുകയാണല്ലോ മാധ്യമങ്ങള്‍. തിരഞ്ഞെടുപ്പിലൂടെ ഭരണത്തെ വിശ്വാസികള്‍ താഴെയിറക്കുമെന്ന് പ്രസിഡന്റ് പറഞ്ഞത് വലിച്ചു താഴെയിറക്കുമെന്ന് ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നതാവാമെന്നാണ് ചില നേതാക്കള്‍ ഫോണിലൂടെയും വാട്‌സ്ആപ്പിലൂടെയും പ്രചരിപ്പിച്ചത്. അതാണു തുടക്കത്തില്‍ ഒരു സംശയം ജനിച്ചത്. അമിത്ഷാ അവര്‍കളുടെ അടുപ്പക്കാരനായ അല്‍ഫോണ്‍സ് കണ്ണന്താനം മാത്രമാണ് പരസ്യമായ പ്രതികരണം നടത്തിയത്. വലിച്ചു താഴെയിടുമെന്ന് പ്രസിഡന്റ് പ്രസംഗിച്ചിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. പക്ഷേ, അതിനു നിമിഷങ്ങളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. പ്രസംഗം തര്‍ജമ ചെയ്ത ഹിന്ദി പണ്ഡിറ്റും ബിജെപിയുടെ കേരളത്തിലെ സമുന്നത നേതാവുമായ വി മുരളീധരന്‍ എംപി അങ്ങനെത്തന്നെയാണ് ഷാ അവര്‍കള്‍ പ്രസംഗിച്ചതെന്ന് വെട്ടിത്തുറന്നു പറഞ്ഞു. അതോടെ കേന്ദ്രമന്ത്രി കണ്ണന്താനം കിട്ടിയ വിമാനത്തില്‍ ഡല്‍ഹിയിലേക്കു പറന്നു.
വലിച്ചു താഴെയിടുന്നതിനെപ്പറ്റി തന്നെയാണ് നേതാവു പറഞ്ഞതെന്ന് ബോധ്യമായപ്പോള്‍ പിന്നെ മുന്‍പിന്‍ ചിന്തിച്ചില്ല. വലിച്ചു താഴെയിടുക തന്നെ! ബിജെപിയും സംഘപരിവാരവും ഒരു കാര്യം തീരുമാനിച്ചാല്‍ അതു നടപ്പാക്കിയിട്ടേ അടങ്ങൂ. അനുഭവം അതാണല്ലോ. വെട്ടാന്‍ പറഞ്ഞാല്‍ വെട്ടും, കൊല്ലാന്‍ പറഞ്ഞാല്‍ കൊല്ലും. വലിച്ചു താഴെയിടുന്നതിനെപ്പറ്റി വലിയ പിടിപാടില്ലാത്ത നേതാക്കള്‍ അമിത്ഷായോട് തന്നെ ഉപദേശം തേടുകയാണ് ഉണ്ടായത്. അദ്ദേഹം ആവിഷ്‌കരിച്ച പദ്ധതി ഇപ്രകാരമാണ്: ശബരിമലയുടെ പേരില്‍ നാമജപ പ്രക്ഷോഭം ശക്തിപ്പെടുത്തി വിശ്വാസികളെ വശത്താക്കുക. അക്രമങ്ങള്‍ വിപുലപ്പെടുത്തുക. പെണ്ണുങ്ങള്‍ വന്നാല്‍ തടയല്‍ തുടരണം. അവരുടെ വീടുകള്‍ തല്ലിത്തകര്‍ക്കണം. മാധ്യമങ്ങളുടെ വാഹനങ്ങള്‍ കണ്ടാല്‍ കല്ലെടുത്ത് എറിയണം. രക്തച്ചൊരിച്ചില്‍ ഉണ്ടാവണം. ഇതു കേട്ടപ്പോള്‍ ഒരു നേതാവ് ചോദിച്ചത്രേ, ഇവിടെ നിയമവും സര്‍ക്കാരുമൊക്കെ ഉണര്‍ന്നിരിക്കുമ്പോള്‍ രക്തച്ചൊരിച്ചില്‍ എളുപ്പം നടത്താന്‍ കഴിയുമോ എന്ന്. ചോദ്യം കേട്ട് കോപാകുലനായ പ്രസിഡന്റ് പറഞ്ഞു: നിയമം നിയമത്തിന്റെ വഴിക്കു പോവും. സര്‍ക്കാര്‍ സര്‍ക്കാരിന്റെ വഴിക്കും. രക്തച്ചൊരിച്ചില്‍ വേറൊരു വഴിക്കും പോവട്ടെ.
ഒരുഭാഗത്ത് രക്തച്ചൊരിച്ചില്‍ അരങ്ങേറുമ്പോള്‍ സെക്രട്ടേറിയറ്റിലേക്ക് പാഞ്ഞുകയറണം. വിശ്വാസികളായ വിശ്വാസികള്‍ മുഴുവന്‍ ശബരിമലയില്‍ പ്രാര്‍ഥിക്കാനും തമ്പടിക്കാനും ആക്രമിക്കാനും നില്‍ക്കുന്ന അവസരത്തില്‍ ആളെ കിട്ടാന്‍ കുറച്ച് പ്രയാസപ്പെടും. അതുകൊണ്ട് ശബരിമലയില്‍ പോവാന്‍ കഴിയാതെ വീട്ടില്‍ വെറുതെയിരിക്കുന്ന 10 വയസ്സിനും 50 വയസ്സിനുമിടയിലുള്ള സ്ത്രീകളെ വിളിച്ചുകൊണ്ടുപോവണം. വലിച്ചു താഴെയിടാന്‍ എന്നു കേട്ടാല്‍ മതി അവര്‍ കൂട്ടംകൂട്ടമായി പിന്നാലെ വന്നുകൊള്ളും. ആദ്യം മുഖ്യമന്ത്രി പിണറായി വിജയന്റെ രണ്ടു കൈകളും പിടിച്ച് കസേരയില്‍ നിന്നു താഴേക്കു വലിച്ചിടണം. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ കമ്പക്കയറുകൊണ്ട് കെട്ടിവലിക്കണം. റിവ്യൂ ഹരജി കൊടുക്കില്ലെന്നു നാഴികയ്ക്കു നാല്‍പതുവട്ടം പ്രഖ്യാപിക്കുന്ന നിയമമന്ത്രി എ കെ ബാലനെ കനത്തിലുള്ള കമ്പികൊണ്ടാണ് പെരുമാറേണ്ടത്. ശബരിമലയെ കുറിച്ച് അനാവശ്യ പ്രസംഗങ്ങള്‍ നടത്തുന്ന പൊതുമരാമത്ത് മന്ത്രി സുധാകരനെ ഉറപ്പുള്ള കയറുകൊണ്ട് കെട്ടിവരിഞ്ഞ് കഴുതയെക്കൊണ്ട് വലിപ്പിക്കണം. ഘടകകക്ഷിയായ സിപിഐ മന്ത്രിമാരായ നാലുപേരെയും ഒരുമിച്ച് ഒറ്റവലിക്ക് താഴെയിടണം. ബാക്കിയുള്ള മന്ത്രിമാരെ ഇങ്ങനെ ഓരോതരത്തില്‍ വലിച്ചു താഴെയിടുക- ഇതാണു പദ്ധതി.
നാമജപങ്ങളും പത്രസമ്മേളനങ്ങളും മുറയ്ക്ക് നടക്കുന്നുണ്ടെങ്കിലും ബിജെപിക്കും സംഘപരിവാരത്തിനും രക്തച്ചൊരിച്ചിലിന് ഒരു സ്‌കോപ്പും കാണുന്നില്ല. ശബരിമല നടതുറന്നാല്‍ തീര്‍ത്ഥാടകരേക്കാള്‍ അധികം പോലിസുകാരുണ്ടാവും. ഒരുദിവസത്തില്‍ കൂടുതല്‍ സന്നിധാനത്തില്‍ തമ്പടിക്കാനും കഴിയില്ല. ആദ്യത്തെ തടയലിന്റെ പേരില്‍ ആക്രമണത്തില്‍ പ്രത്യേകം നൈപുണി നേടിയ 3500ഓളം പേര്‍ വിവിധ കേസുകളിലും പെട്ടു. അതില്‍ തന്നെ പകുതിയോളം പേര്‍ റിമാന്‍ഡില്‍ കഴിയുകയാണ്. കേസുകളില്‍ അകപ്പെടുമെന്നു പേടിച്ച് പണ്ടത്തെപ്പോലെ മക്കളെ ശബരിമലയിലേക്കു വിടാന്‍ രക്ഷിതാക്കള്‍ തയ്യാറാവുന്നുമില്ല. ഇതിനിടയില്‍ ഹൈക്കോടതിയില്‍ നിന്ന് അനുകൂലമായ വിധികളൊന്നും വന്നില്ല. ഇതോടെ നേതാവിന്റെ ലക്ഷ്യം നിറവേറ്റുക അത്ര എളുപ്പമല്ലെന്ന് ബിജെപിക്കാര്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. പദ്ധതിയിലെ ആദ്യ ഇനമായ രക്തച്ചൊരിച്ചിലുകള്‍ തന്നെ നടപ്പാക്കാന്‍ പറ്റില്ല. എന്നിട്ടല്ലേ വലിച്ചു താഴെയിടല്‍. ഇതു മാറ്റി പകരം മറ്റെന്തെങ്കിലും സമരപരിപാടികളെക്കുറിച്ച് ആലോചിക്കുമ്പോഴാണ് ഗുജറാത്തില്‍ നിന്നൊരു വാര്‍ത്ത കേള്‍ക്കുന്നത്. അടുക്കളയടപ്പ് സമരം. ഗുജറാത്തിലെ 70 ഗ്രാമങ്ങളിലാണ് ജനങ്ങള്‍ സ്വന്തം വീടുകളിലെ അടുക്കള അടച്ച് സര്‍ക്കാരിനോട് പ്രതിഷേധം അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാരാഷ്ട്രീയത്തിനെതിരായിരുന്നു ആ സമരം. ആദിവാസികളുടെയും മറ്റു പിന്നാക്കവിഭാഗങ്ങളുടെയും താല്‍പര്യങ്ങളൊക്കെ അവഗണിച്ച് കോടിക്കണക്കിനു രൂപ ചെലവഴിച്ച് പട്ടേല്‍ പ്രതിമ നിര്‍മിച്ചതിനെതിരായ പ്രതിഷേധം.
കേരളത്തില്‍ സംസ്ഥാന വ്യാപകമായി അടുപ്പ് കത്തിച്ച് സമരം നടന്നിരുന്നു. എന്നാല്‍, അടുക്കള അടച്ച് സമരം നടന്നിട്ടില്ല. പക്ഷേ, എന്തുചെയ്യാം. ഭാവനാപരമായ ഈ സമരം ബിജെപി ഭരിക്കുന്ന സംസ്ഥാനത്തായിപ്പോയി. പിന്നെ മധ്യപ്രദേശിലാണ് മറ്റൊരു മുന്നേറ്റം. ബിജെപി എംഎല്‍എമാര്‍ ഉള്‍പ്പെടെ കൂട്ടം കൂട്ടമായി നാമജപം ജപിച്ച് കോണ്‍ഗ്രസ്സിലേക്കു പോവുന്ന പരിപാടി. കേരളത്തിലാണെങ്കില്‍ ബിജെപിക്ക് ആകെ ഒരു എംഎല്‍എയേ ഉള്ളൂ. അദ്ദേഹത്തെയാണെങ്കില്‍ സ്വന്തം പാര്‍ട്ടി പരിപാടികളില്‍ തന്നെ അപൂര്‍വമായേ കാണാറുള്ളു.
ഇനി ഡല്‍ഹിയിലേക്കു നോക്കിയാല്‍ കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞു കിടക്കുന്നു. നരേന്ദ്രമോദി സര്‍ക്കാരിനെതിരായി ജനങ്ങള്‍ പ്രക്ഷോഭരംഗത്താണ്. അനുദിനം മോദി സര്‍ക്കാരിന്റെ ജനപിന്തുണ കുറയുന്നു. അഴിമതിയിലും ജനവിരുദ്ധ നടപടിയിലും മുങ്ങിനില്‍ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഇന്ത്യയിലെ ജനങ്ങള്‍ മോദി സര്‍ക്കാരിനെ താഴെയിടാന്‍ ഒരുങ്ങിക്കഴിഞ്ഞു. അതായത് വലിക്കാതെ താഴെയിടാന്‍. ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss