|    Dec 17 Mon, 2018 10:21 am
FLASH NEWS
Home   >  Editpage  >  Lead Article  >  

വലതു തീവ്രവാദത്തിനു തിരിച്ചടി

Published : 21st November 2018 | Posted By: kasim kzm

എന്‍ പി ചെക്കുട്ടി

കര്‍ണാടകയിലെ ഉപതിരഞ്ഞെടുപ്പു വിവരങ്ങള്‍ പുറത്തുവന്ന വേളയില്‍ തന്നെയാണ് അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പ് ഫലവും പുറത്തുവന്നത്. അതിനു തൊട്ടുമുമ്പാണ് ബ്രസീലിലെ തിരഞ്ഞെടുപ്പില്‍ അന്നാട്ടിലെ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയെ തോല്‍പിച്ച് തീവ്ര വലതുപക്ഷക്കാരനായ മുന്‍ സൈനികന്‍ ജയ്ര്‍ ബോള്‍സനാരോ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വിവരവും പുറത്തുവന്നത്.
എന്താണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പു വിധികള്‍ തമ്മിലെ ബന്ധം എന്നാണു ചോദ്യമെങ്കില്‍, പുറമെ കാണുന്നതിനേക്കാള്‍ ആഴത്തിലുള്ള സാമൂഹിക-രാഷ്ട്രീയ മാറ്റങ്ങളുടെ ദിശാസൂചകങ്ങളാണ് ഈ ജനവിധി എന്നുതന്നെയാണ് ഉത്തരം. ആധുനികമായ ഒരു ദര്‍ശനത്തിന്റെ അടിത്തറയായി വര്‍ത്തിക്കുന്ന ഒരു ചിന്ത, ആമസോണിലെ പൂമ്പാറ്റയുടെ ചിറകടി ദക്ഷിണ ചൈനാക്കടലിലെ വന്‍തിരമാലയുടെ രൂപത്തിലാണു പ്രത്യക്ഷപ്പെടുക എന്നാണ്. കാലദേശങ്ങള്‍ക്കിടയില്‍ ഒരുപാട് പാരസ്പര്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതു പ്രകൃതിയുടെ സ്വാഭാവിക പ്രതിഭാസമാണ്. മനുഷ്യസമൂഹവും അതിന്റെ ഭാഗമായ രാഷ്ട്രീയവ്യാപാരങ്ങളും ഇത്തരത്തിലുള്ള ആഴത്തിലുള്ള ദാര്‍ശനിക സമസ്യകളില്‍ നിന്നു വിമുക്തമല്ലതന്നെ.
ഇന്നത്തെ ആഗോളവല്‍കൃത കാലത്ത് ലോകമെങ്ങും സഞ്ചരിക്കുന്ന വന്‍തിരമാലകള്‍ പോലെയാണ് സാമൂഹിക മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ലോകത്തിന്റെ ഏതുഭാഗത്തെ ചെറുചലനങ്ങളും മറ്റു പ്രദേശങ്ങളില്‍ അതിന്റെ അനുരണനങ്ങള്‍ സൃഷ്ടിക്കും. അതിനു കാരണം ഇന്ന് ലോകം പരസ്പരബന്ധിതമായ ഒരു ആഗോള ശൃംഖലയില്‍ പരസ്പരാശ്രിതമായി നിലനില്‍ക്കുന്നു എന്നതുതന്നെ. ആഗോളവല്‍ക്കരണവും ലോക ഫിനാന്‍സ് മൂലധനത്തിന്റെ സ്വഭാവവും ഇതു വ്യക്തമാക്കുന്നുണ്ട്. പക്ഷേ, ഇത് പുതിയൊരു പ്രതിഭാസമല്ല. നൂറ്റാണ്ടുകളായി ഇത്തരം കൊടുക്കല്‍ വാങ്ങലുകളും പരസ്പര ബന്ധങ്ങളും നിലനില്‍ക്കുന്നുണ്ട്.
ആശയമണ്ഡലത്തില്‍ ഈ പാരസ്പര്യം വളരെ വ്യക്തമാണ്. ആധുനിക ജനായത്തസമൂഹത്തിന്റെ അടിസ്ഥാന ശിലയായ സങ്കല്‍പങ്ങളും സ്ഥാപനങ്ങളും ഇംഗ്ലണ്ടിലെ പ്രഭുക്കന്‍മാര്‍ രാജാവിന്റെ തലവെട്ടിയ കാലത്ത് ആരംഭിച്ച് അമേരിക്കന്‍ കോളനികളുടെ വിമോചനപ്പോരാട്ടത്തിലൂടെ ഫ്രഞ്ച് വിപ്ലവത്തിലെത്തി പിന്നീട് 19ാം നൂറ്റാണ്ടിലെയും 20ാം നൂറ്റാണ്ടിലെയും നിരവധി പോരാട്ടങ്ങളിലൂടെ ഉയര്‍ന്നു വ്യാപിച്ചു വന്നതാണ്. അതിനാല്‍ ജനാധിപത്യസമൂഹങ്ങളില്‍ സാധാരണ ജനങ്ങളെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ എന്ത് എന്നു നോക്കുമ്പോള്‍ അവരുടെ പ്രാദേശിക പശ്ചാത്തലവും പ്രശ്‌നങ്ങളും മാത്രം വിശകലനവിധേയമാക്കിയാല്‍ പോരാ. മറിച്ച് അതിന്റെ ആഗോള പശ്ചാത്തലവും വിശകലനത്തില്‍ പ്രധാനമാണ്.
അങ്ങനെ നോക്കുമ്പോള്‍ അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പു ഫലങ്ങളും കര്‍ണാടകയിലെ ജനവിധിയും കാറ്റ് എങ്ങോട്ടാണ് മറിഞ്ഞുവീശാന്‍ തുടങ്ങിയിരിക്കുന്നത് എന്നതിന്റെ സൂചന തന്നെയായി കാണണം. കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടായി ആഗോളരംഗത്ത് ഒരു കൊടുങ്കാറ്റായി ആഞ്ഞടിക്കുകയും ജനാധിപത്യസമൂഹങ്ങള്‍ക്ക് കടുത്ത ഭീഷണി ഉയര്‍ത്തുകയും ചെയ്ത തീവ്ര വലതുപക്ഷ, ഫാഷിസ്റ്റ് ആശയങ്ങള്‍ക്ക് തിരിച്ചടി ലഭിക്കാന്‍ ആരംഭിച്ചിരിക്കുന്നു എന്നതിന്റെ സൂചനയാണ് അമേരിക്കന്‍ തിരഞ്ഞെടുപ്പു ഫലം. അവിടെ 2016ല്‍ ഒരു കൊടുങ്കാറ്റുപോലെയാണ് ഡോണള്‍ഡ് ട്രംപിന്റെ ജനവിരുദ്ധവും അക്രമാസക്തവുമായ വംശീയരാഷ്ട്രീയം വിജയം നേടിയെടുത്തത്. ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായ സാമൂഹിക-സാമ്പത്തിക മാറ്റങ്ങളില്‍ അസ്വസ്ഥരായ വെള്ളക്കാരുടെ വംശീയവും വര്‍ഗീയവുമായ രാഷ്ട്രീയ നിലപാടുകളുടെ വിജയമാണ് ട്രംപിന്റെ മുന്നേറ്റം വ്യക്തമാക്കിയത്. മുസ്‌ലിം വിരുദ്ധതയും വംശീയ ന്യൂനപക്ഷങ്ങളോടുള്ള വിരോധവുമായിരുന്നു ട്രംപിന്റെ പ്രചാരണത്തിന്റെ കാതല്‍. അത്തരം ആശയങ്ങള്‍ രാഷ്ട്രീയ ആയുധമാക്കി ഉപയോഗിച്ചത് തീവ്ര വലതുപക്ഷക്കാരനായ സ്റ്റീഫന്‍ ബാനോനിനെ പോലുള്ള പത്രപ്രവര്‍ത്തകരും ചിന്തകരുമാണ്. ബാനോന്‍ ഒരിക്കല്‍ അവകാശവാദം ഉന്നയിച്ചത് തന്റെ ആഗ്രഹങ്ങളും രാഷ്ട്രീയ നിലപാടുകളും ജനങ്ങള്‍ക്കിടയിലേക്ക് എത്തിക്കാനുള്ള ഒരു പട്ടം മാത്രമാണ് ട്രംപ് എന്നായിരുന്നു. ഇപ്പോള്‍ ബാനോന്‍ യൂറോപ്പില്‍ അതേതരത്തിലുള്ള തീവ്ര വലതുപക്ഷ പ്രസ്ഥാനങ്ങളുടെ ഐഡിയലോഗ് എന്ന നിലയിലാണു പ്രവര്‍ത്തിക്കുന്നത്. കിഴക്കന്‍ യൂറോപ്പില്‍ ഹംഗറിയിലും പോളണ്ടിലും അത്തരം തീവ്ര വലതുപക്ഷ നിലപാടുകാരാണു ഭരണം പിടിച്ചെടുത്തിരിക്കുന്നത്. ഹംഗറിയിലെ വിക്ടര്‍ ഒര്‍ബാന്‍ ഈ മുന്‍കാല കമ്മ്യൂണിസ്റ്റ് രാജ്യത്തെ ഏതാണ്ട് ഒരു അര്‍ധ ഫാഷിസ്റ്റ് രാജ്യമാക്കി ഇതിനകം മാറ്റിയെടുത്തിരിക്കുന്നു. സമീപകാലത്ത് ഇറ്റലിയിലും ജര്‍മനിയിലും നടന്ന തിരഞ്ഞെടുപ്പുകളിലും വലതുപക്ഷം വലിയ നേട്ടമുണ്ടാക്കി. യൂറോപ്പിലും അമേരിക്കയിലും ഇത്തരത്തിലുള്ള കടുത്ത ജനവിരുദ്ധ ആശയങ്ങള്‍ പിടിമുറുക്കുന്നതാണു കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടിലെ പ്രധാന കാഴ്ച. അമേരിക്കയില്‍ ട്രംപ് പ്രതിനിധാനം ചെയ്യുന്ന ആശയങ്ങള്‍ ഈ ഫാഷിസ്റ്റ് അനുകൂല പ്രസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ കരുത്തു പകരുകയാണ്.
ഏഷ്യയിലും അതുതന്നെയായിരുന്നു സ്ഥിതി. ഇന്ത്യയില്‍ 2014ലെ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ കോര്‍പറേറ്റുകളുടെ കണ്ണിലുണ്ണിയായ നരേന്ദ്രമോദിയെ മുന്നില്‍ നിര്‍ത്തിയാണ് ഫാഷിസ്റ്റ് രാഷ്ട്രീയശക്തികള്‍ അധികാരം പിടിച്ചെടുത്തത്. അത് ഇന്ത്യയില്‍ മാത്രം സംഭവിച്ച കാര്യമായിരുന്നില്ല. പാകിസ്താനില്‍ ഇംറാന്‍ഖാന്‍ അവിടത്തെ സൈനിക നേതൃത്വവുമായും തീവ്ര വലതുപക്ഷ മതാധിഷ്ഠിത പ്രസ്ഥാനങ്ങളുമായും കൂടിയോജിച്ചുകൊണ്ടാണ് അധികാരം നേടിയെടുത്തത്. ഫിലിപ്പീന്‍സില്‍ നടന്ന തിരഞ്ഞെടുപ്പില്‍ വിജയം നേടിയതും അതേ നിലപാടുകള്‍ പിന്തുടരുന്ന ഒരു മുന്‍ സിനിമാനടനാണ്. ന്യൂനപക്ഷങ്ങള്‍, ഭിന്നശേഷിക്കാരായ ജനങ്ങള്‍, ആദിവാസി സമൂഹങ്ങള്‍, മറ്റു പാര്‍ശ്വവല്‍കൃത വിഭാഗങ്ങള്‍- എല്ലാം അവരുടെ കണ്ണിലെ കരടാണ്. അത്തരക്കാരെ നിയമത്തെ തൃണവല്‍ഗണിച്ചുകൊണ്ട് ഇല്ലായ്മ ചെയ്യാന്‍ അവര്‍ക്കു മടിയില്ല. ഫിലിപ്പീന്‍സില്‍ മയക്കുമരുന്നു കച്ചവടക്കാരുടെ നേരെയുള്ള വേട്ടയുടെ പേരില്‍ ആയിരക്കണക്കിനു സാധാരണ ജനങ്ങളെയാണ് കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ ഏകപക്ഷീയമായ കടന്നാക്രമണങ്ങളിലൂടെ അവിടത്തെ പോലിസും സ്വകാര്യ വലതുപക്ഷ സേനകളും കൊന്നൊടുക്കിയത്. അതേ നയങ്ങള്‍ പിന്തുടരുമെന്നു പ്രഖ്യാപിച്ചുകൊണ്ടാണ് ബോള്‍സനാരോ ബ്രസീല്‍ തിരഞ്ഞെടുപ്പില്‍ ജനവിധി തേടിയത്. ബ്രസീല്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി നേതാവ് ലൂല ഡിസില്‍വയും പിന്നീട് ദില്‍മ റൂസഫും നയിച്ച വര്‍ക്കേഴ്‌സ് പാര്‍ട്ടിയെയാണ് അദ്ദേഹം തോല്‍പിച്ചത്.
ചുരുക്കത്തില്‍ ഈ വലതു തീവ്രവാദ മുന്നേറ്റം സമീപകാലത്തെ ഒരു ആഗോള പ്രതിഭാസമായിരുന്നു. അതേസമയം, അതിനെതിരായി ജനകീയ മുന്നേറ്റങ്ങള്‍ തൃണമൂലതലത്തില്‍ ലോകമെങ്ങും വികസിച്ചുവരുന്നുമുണ്ട്. അതില്‍ ഏറ്റവും വലിയ വിജയം നേടിയത് അമേരിക്കയിലെ പ്രതിപക്ഷ പ്രവര്‍ത്തകരാണ് എന്ന് ഈയിടെ നടന്ന തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ ജനപ്രതിനിധിസഭയില്‍ നേടിയ ഉജ്ജ്വല വിജയം തെളിയിക്കുന്നു. ജനപ്രതിനിധിസഭയില്‍ 31 പുതിയ സീറ്റുകളാണ് അവര്‍ പിടിച്ചെടുത്തത്. ആ കൂട്ടത്തില്‍ ന്യൂയോര്‍ക്കില്‍ നിന്നുള്ള സോഷ്യലിസ്റ്റ് ചിന്താഗതിക്കാരിയായ അലക്‌സാന്‍ഡ്രിയ കോര്‍ടസ് മുതല്‍ നിരവധി സ്ത്രീകളും ന്യൂനപക്ഷ വിഭാഗക്കാരും കറുത്തവരും ഇന്ത്യന്‍ വംശജരും എല്ലാം ഉള്‍പ്പെടുന്നു. ജനാധിപത്യത്തിന്റെ ഒരു മഴവില്‍സഖ്യത്തിന്റെ വിജയമായാണ് അതു വ്യാഖ്യാനിക്കപ്പെടുന്നത്.
ബിജെപിക്ക് കനത്ത തിരിച്ചടിയേറ്റ കര്‍ണാടകയിലെ തിരഞ്ഞെടുപ്പു ഫലങ്ങളെ വിലയിരുത്തേണ്ടത് ഈയൊരു പശ്ചാത്തലത്തിലാണ്. കോണ്‍ഗ്രസ്സും സോഷ്യലിസ്റ്റ് ജനതാദളും വ്യത്യസ്തമായ സ്വഭാവവും രാഷ്ട്രീയ പശ്ചാത്തലവും പ്രവര്‍ത്തനരീതിയുമുള്ള രാഷ്ട്രീയകക്ഷികളാണ്. അവര്‍ എത്രയോ അകലംപാലിക്കുന്ന കൂട്ടരുമാണ്. പക്ഷേ, നിലനില്‍ക്കുന്ന ഇന്ത്യന്‍ രാഷ്ട്രീയ പശ്ചാത്തലത്തില്‍ ജനാധിപത്യമൂല്യങ്ങള്‍ക്കും സാമൂഹിക സുരക്ഷയ്ക്കും ഇന്ത്യയുടെ പരമ്പരാഗത നയസമീപനങ്ങള്‍ക്കും കടകവിരുദ്ധവും അങ്ങേയറ്റം ആപല്‍ക്കരവുമായ തീവ്ര വലതുപക്ഷ വ്യതിയാനമാണ് മോദി ഭരണത്തില്‍ നടക്കുന്നത് എന്ന് ജനങ്ങള്‍ക്ക് പൂര്‍ണ ബോധ്യമുണ്ട്. അവര്‍ തങ്ങളുടെ ജീവിതാനുഭവങ്ങളിലൂടെ ഇത്തരം തീവ്ര വലതുപക്ഷ നയങ്ങളുടെ ജനവിരുദ്ധസ്വഭാവം മനസ്സിലാക്കിയിട്ടുണ്ട്. അത് ഇന്ത്യയിലെ ദലിത് ജനവിഭാഗങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും സ്ത്രീകള്‍ക്കും ആദിവാസികള്‍ക്കും കൃഷിക്കാര്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും തൊഴിലാളികള്‍ക്കും കണ്ഠകോടാലിയാവുന്ന നയങ്ങളാണ് ആവിഷ്‌കരിച്ചു നടപ്പാക്കുന്നതെന്ന് അവര്‍ അനുഭവത്തിലൂടെ അറിയാന്‍ തുടങ്ങിയിട്ടുണ്ട്. നോട്ടുനിരോധനം പോലുള്ള ഭ്രാന്തന്‍ നയങ്ങളുടെ ആഘാതം രണ്ടുവര്‍ഷത്തിനുശേഷവും സാധാരണ ജനങ്ങളെ പീഡിപ്പിക്കുകയാണ് എന്ന് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് പറഞ്ഞത് യാഥാര്‍ഥ്യമാണെന്ന് ഇന്നു ജനങ്ങള്‍ക്കറിയാം. രണ്ടുവര്‍ഷം മുമ്പ് മന്‍മോഹന്‍സിങ് ഇന്ത്യന്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ പ്രവചിച്ച ദീര്‍ഘകാല ഫലങ്ങള്‍ തന്നെയാണ് ഇപ്പോള്‍ രാജ്യം അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
ജനങ്ങള്‍ക്ക് എന്താണ് മോദി ഭരണകൂടം കഴിഞ്ഞ വര്‍ഷങ്ങളില്‍ നല്‍കിയത്? പ്രതിവര്‍ഷം രണ്ടുകോടി തൊഴിലവസരം സൃഷ്ടിക്കുമെന്നും കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നുമൊക്കെ വീമ്പടിച്ച ഈ ഭരണകൂടം ആകെ നല്‍കിയത് അറബിക്കടല്‍ തീരത്ത് തിരയെണ്ണാന്‍ സൗകര്യത്തിനു കൂറ്റന്‍ പട്ടേല്‍ പ്രതിമയും നാട്ടിലെ പല റെയില്‍വേ സ്റ്റേഷനുകള്‍ക്കും പുതിയ ചില പേരുകളുമാണ്. അലഹബാദിന്റെ പേര് പ്രയാഗ്‌രാജ് എന്നു മാറ്റിയാല്‍ ആര്‍ക്കെന്തു നേട്ടം? ഫൈസാബാദിന്റെ പേര് അയോധ്യ എന്നു മാറ്റുമ്പോള്‍ ഇന്ത്യയുടെ ചരിത്രത്തിലെ ആയിരം വര്‍ഷങ്ങളെയാണ് അവര്‍ തമസ്‌കരിക്കാന്‍ ശ്രമിക്കുന്നത്. ഇത്തരം ചപ്പടാച്ചികള്‍ ജനം സ്വീകരിക്കണമെങ്കില്‍ ഏറ്റവും ചുരുങ്ങിയത് ഭരണകൂടം അവര്‍ക്ക് ഒരുനേരത്തെ ഭക്ഷണത്തിനുള്ള വകയെങ്കിലും ഒരുക്കിക്കൊടുക്കാന്‍ കഴിയുന്ന ഒന്നാവണം. 1930കളില്‍ ഹിറ്റ്‌ലര്‍ ജര്‍മനിയില്‍ അധികാരം പിടിച്ചെടുത്തതും അതു നിലനിര്‍ത്തിയതും സാമ്പത്തികരംഗത്തുണ്ടാക്കിയ നേട്ടങ്ങളിലൂടെയാണ്. ആ പരിമിതമായ മേഖലയിലും മോദി ഭരണകൂടം പരാജയമാണ്.
ഇതെല്ലാം ചൂണ്ടിക്കാണിക്കുന്നത് 2019ല്‍ ഇന്ത്യയില്‍ വരാനിരിക്കുന്ന മാറ്റങ്ങള്‍ക്ക് ആഴത്തിലുള്ള പശ്ചാത്തലം ഒരുങ്ങിക്കഴിഞ്ഞു എന്നുതന്നെയാണ്. വലതുപക്ഷത്തിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്ര മേധാവിത്വത്തെ ചോദ്യംചെയ്യാനും അതിനെ ചെറുത്തുതോല്‍പിക്കാനും സാധാരണ ജനങ്ങളുടെ പ്രസ്ഥാനങ്ങള്‍ക്ക് ട്രംപിന്റെ നാട്ടില്‍ കഴിഞ്ഞുവെങ്കില്‍ മോദിയുടെ നാട്ടിലും പുതിയൊരു സൂര്യോദയം അധികം വൈകാനിടയില്ല എന്നുതന്നെയാണു പ്രതീക്ഷിക്കേണ്ടത്. കര്‍ണാടകയ്ക്കു മുമ്പ് ഗുജറാത്തിലും ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും ഒക്കെ നടന്ന തിരഞ്ഞെടുപ്പുകളിലും ഉപതിരഞ്ഞെടുപ്പുകളിലും ജനങ്ങളുടെ കടുത്ത അസംതൃപ്തി പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോള്‍ നടക്കുന്ന രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് തുടങ്ങിയ സംഘപരിവാര നിയന്ത്രണത്തിലുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിലും അതേ ജനകീയ പ്രതിരോധം തന്നെയാണ് അലയടിക്കുക എന്നു ന്യായമായും പ്രതീക്ഷിക്കാവുന്നതു തന്നെ. ഇതിനര്‍ഥം മോദിയെ തൂത്തെറിയുക എന്നത് ക്ഷിപ്രസാധ്യമായ കാര്യമാണെന്നല്ല. സംഘപരിവാരം അതിന്റെ ആവനാഴിയിലെ അവസാനത്തെ ആയുധവും പ്രയോഗിച്ചുകൊണ്ട് അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ ശ്രമിക്കും. അതിനായി ജനാധിപത്യവിരുദ്ധ മാര്‍ഗങ്ങള്‍ പ്രയോഗിക്കാന്‍ അവര്‍ ഒരു മടിയും കാണിക്കുകയില്ല. സിബിഐ പോലുള്ള ഉന്നതമായ ദേശീയ അന്വേഷണ ഏജന്‍സിയില്‍ ദേശീയ സുരക്ഷാ ഉപദേശകനെ മുന്‍നിര്‍ത്തി അവര്‍ നടത്തിയ കടന്നാക്രമണത്തിന്റെ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവരുകയാണ്. ശക്തമായ സംഘപരിവാര വിരുദ്ധ രാഷ്ട്രീയത്തിന്റെ വക്താവായ ലാലുപ്രസാദ് യാദവിനെ കള്ളക്കേസില്‍ കുടുക്കി ജയിലിലടയ്ക്കാന്‍ സിബിഐയിലെ ഉന്നതരുമായി ചേര്‍ന്ന് അവര്‍ ഗൂഢാലോചന നടത്തിയതിന്റെ വിവരങ്ങള്‍ ഇതിനകം പുറത്തുവന്നുകഴിഞ്ഞു. അതേപോലെ ആശങ്കാജനകമാണ് റിസര്‍വ് ബാങ്കില്‍ ആര്‍എസ്എസുകാരനായ എസ് ഗുരുമൂര്‍ത്തിയെ ഉപയോഗിച്ചു നടത്താന്‍ ശ്രമിക്കുന്ന അട്ടിമറികളും. പക്ഷേ, അത്തരം കുതന്ത്രങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോള്‍ തീവ്ര വര്‍ഗീയ-വലതുപക്ഷ നയങ്ങള്‍ക്കെതിരേ ശക്തമായ ജനകീയ പ്രതിരോധം ഉയര്‍ന്നുവരുന്നുണ്ട്. അമേരിക്കയില്‍ പ്രകടമായ ഈ പ്രതിഭാസം അടുത്ത വര്‍ഷം ഇന്ത്യയില്‍ ഒരു സുനാമിതിരപോലെ ആഞ്ഞടിക്കും എന്നു പ്രതീക്ഷിക്കുക. ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss