|    Apr 27 Thu, 2017 2:53 am
FLASH NEWS

വലതുപക്ഷ മുന്നേറ്റം അപകടകരം

Published : 16th June 2016 | Posted By: SMR

വംശവെറിക്ക് തീക്കൊളുത്തിക്കൊണ്ട് തിരഞ്ഞെടുപ്പ് ജയിക്കാന്‍ വലതുപക്ഷ വിഭാഗങ്ങള്‍ നടത്തുന്ന ശ്രമങ്ങള്‍ക്കു കൂടുതല്‍ സ്വീകാര്യത കിട്ടുന്നതിന്റെ തെളിവുകളാണ് സമീപകാലത്തായി പല രാഷ്ട്രങ്ങളിലും കാണുന്നത്. ഒര്‍ലാന്‍ഡോയില്‍ ഉമര്‍ മതീന്‍ എന്ന അമേരിക്കന്‍ പൗരന്‍ നടത്തിയ കൂട്ടക്കൊല പ്രചാരണായുധമാക്കിക്കൊണ്ടാണ് റിപബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപ് ഒരു പരിഷ്‌കൃത സമൂഹത്തിനു ചേരാത്ത വിധമുള്ള പദങ്ങള്‍ ഉപയോഗിച്ചു മുസ്‌ലിംകളെ അധിക്ഷേപിക്കുന്നത്. അമേരിക്കന്‍ ജനസംഖ്യയില്‍ നന്നെ ചെറിയൊരു ശതമാനമാണ് മുസ്‌ലിംകള്‍. അവരില്‍ തന്നെ വലിയൊരു വിഭാഗം നല്ല വിദ്യാഭ്യാസം ലഭിച്ച പ്രഫഷനലുകളും. പക്ഷേ, അതൊന്നും ട്രംപിനു വിഷയമല്ല. ഉമര്‍ മതീനെപോലുള്ള മനോരോഗികള്‍ പ്രസിഡന്റ് ബറാക് ഒബാമ സൂചിപ്പിക്കുന്നതു പോലെ പരോക്ഷമായി മുസ്‌ലിം വിരുദ്ധ പ്രചാരണത്തിനു വഴിവയ്ക്കുന്നുവെങ്കിലും പല സമൂഹങ്ങളിലും ഒളിച്ചു കഴിയുന്ന കടുത്ത പരവംശ വിരോധം പുറത്തേക്കു പൊട്ടിയൊഴുകുന്നതാണ് യഥാര്‍ഥ പ്രശ്‌നം.
ഇത് അമേരിക്കയില്‍ മാത്രം കാണുന്ന പ്രശ്‌നമല്ല. കൊച്ചു യൂറോപ്യന്‍ രാഷ്ട്രമായ ഓസ്ട്രിയയില്‍ ഈയിടെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ വലതുപക്ഷ സ്ഥാനാര്‍ഥി നേരിയ വോട്ടിനാണ് പരാജയപ്പെട്ടത്. രാജ്യത്ത് ന്യൂനാല്‍ ന്യൂനപക്ഷമാണ് മുസ്‌ലിംകളെങ്കിലും ഖുര്‍ആന്‍ വിതരണം ചെയ്യുന്നതു വിലക്കണമെന്നായിരുന്നു നോര്‍ബട്ട് ഹോഫറുടെ പ്രധാന പ്രസംഗ വിഷയം. ഉദാരവാദികള്‍ക്കു മുന്‍തൂക്കമുള്ള ഫ്രാന്‍സില്‍ നാഷനല്‍ ഫ്രണ്ടിന്റെ മരീനി ലെപാന്‍ അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ആദ്യ റൗണ്ടില്‍ തന്നെ വലിയ മുന്നേറ്റം നടത്തുമെന്നാണു പ്രവചനം. ദരിദ്രരായ മുസ്‌ലിം പൗരന്മാരും ജിപ്‌സികളുമാണ് ലെപാന്റെ കണ്ണില്‍ ഏറ്റവുമാദ്യം നിഷ്‌കാസനം ചെയ്യേണ്ടവര്‍. നെതര്‍ലന്‍ഡ്‌സിലെ ഗീര്‍ട്ട് വില്‍ഡേഴ്‌സിന്റെ പാര്‍ട്ടി പരമ്പരാഗത രാഷ്ട്രീയപ്രസ്ഥാനങ്ങളെ കവച്ചുവയ്ക്കുന്ന രീതിയില്‍ വോട്ടു നേടുമെന്നാണ് കരുതപ്പെടുന്നത്. തീവ്രവലതുപക്ഷ പാര്‍ട്ടികള്‍ ഡെന്‍മാര്‍ക്കിലും സ്വിറ്റ്‌സര്‍ലന്‍ഡിലും സ്വീഡനിലും മുമ്പു കാണാത്ത വിധം ജനങ്ങളെ വശീകരിക്കുന്നുണ്ട്. പൊതുവില്‍ ദരിദ്രമായ കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും പ്രവണത ശക്തമാണ്. ഹംഗറിയിലെ പ്രസിഡന്റ് ഈയിടെ സിറിയയില്‍ നിന്നുള്ള അഭയാര്‍ഥികളില്‍ ക്രിസ്തുമത വിശ്വാസികളെ മാത്രമേ സ്വീകരിക്കൂ എന്നു പ്രഖ്യാപിച്ചപ്പോള്‍ അതിനെതിരേ വലിയ പ്രതിഷേധമൊന്നുമുയര്‍ന്നില്ല.
പരമ്പരാഗത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പരാജയപ്പെടുന്നിടത്താണ് ഇത്തരം ക്ഷുദ്ര പ്രസ്ഥാനങ്ങള്‍ കയറിപ്പറ്റുന്നതെന്നതു ശ്രദ്ധേയമാണ്. സാമൂഹിക സാമ്പത്തിക മേഖലയില്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന അടിസ്ഥാനപരമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പ്രയാസപ്പെടുന്ന വിഭാഗങ്ങള്‍ ട്രംപിനെയും ലെപാനെയും വിമോചകരായി കാണുന്നു. പലയിടത്തും മുമ്പ് ഇടതുപക്ഷത്തിന്റെ ശക്തി സ്രോതസ്സായിരുന്ന തൊഴിലാളികളാണ് വലതുപക്ഷ കൊടികള്‍ക്കു കീഴില്‍ അണിനിരക്കുന്നത്. അടിസ്ഥാനമില്ലാത്ത ഭയാശങ്കകള്‍ നീക്കുന്നതിനു മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ സധീരം മുമ്പോട്ടു വരുന്നില്ലെങ്കില്‍ ഉണ്ടാവുന്ന അപകടങ്ങളാണ് നമ്മുടെ മുമ്പിലുള്ളത്. ഇന്ത്യയില്‍ കാണുന്നതും അതു തന്നെ.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day