|    Jun 21 Thu, 2018 2:40 am
FLASH NEWS
Home   >  Pravasi   >  

വറ്റാത്ത നന്മയുടെ വഴിയടയാളമായിവില്‍പനക്കാരനില്ലാത്ത സ്ഥാപനങ്ങള്‍

Published : 29th January 2017 | Posted By: fsq

 

അല്‍ബാഹ: സൗദിയുടെ വിവിധ ഭാഗങ്ങളിലെ പാതയോരങ്ങളില്‍ ആരംഭിച്ച വില്‍പനക്കാരനില്ലാത്ത പച്ചക്കറി സ്റ്റാളുകള്‍ ശ്രദ്ധേയമാവുന്നു. പച്ചക്കറികളും പഴങ്ങളും അടങ്ങിയ കാര്‍ട്ടണുകള്‍ സ്റ്റാളില്‍ നിറച്ചുവച്ചിരിക്കും. വിലവിവരം രേഖപ്പെടുത്തിയ ബോര്‍ഡും സ്റ്റാളില്‍ സ്ഥാപിച്ചിരിക്കും. ആവശ്യക്കാര്‍ വന്ന് ഇഷ്ടമുള്ള കാര്‍ട്ടണ്‍ പച്ചക്കറികളും പഴങ്ങളും എടുത്ത് അവയുടെ വില സ്റ്റാളില്‍ സ്ഥാപിച്ചിട്ടുള്ള പെട്ടിയില്‍ നിക്ഷേപിക്കുന്നതാണ് രീതി. മൂന്നു വര്‍ഷം മുമ്പാണ് വില്‍പനക്കാരനില്ലാത്ത പച്ചക്കറി സ്്റ്റാളുകള്‍ സൗദിയില്‍ ആദ്യമായി കണ്ടുതുടങ്ങിയത്. ഇത്തരം സ്്റ്റാളുകളില്‍ പച്ചക്കറികളും പഴങ്ങളും വാങ്ങാനെത്തുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണെന്ന് അല്‍ബാഹ മേഖലയില്‍ ലിജര്‍ഷി എന്ന പ്രദേശത്ത് ഇത്തരം സ്റ്റാള്‍ സ്ഥാപിച്ച അലി ഗാംദി പറയുന്നു. ചെറിയ സ്റ്റാള്‍ പാതയോരത്തു തുറന്നു പച്ചക്കറികളും പഴങ്ങളുമടങ്ങിയ ബോക്‌സുകള്‍ നിറച്ച് അവയുടെ വിലയും എല്ലാവര്‍ക്കും കാണാവുന്ന നിലക്ക് ഒരു ബോക്‌സും സ്ഥാപിച്ചു. സ്റ്റാളിനുള്ളില്‍ അന അസിക്കു ബിമുജ് തമിഈ (എന്റെ സമൂഹത്തെ എനിക്കു വിശ്വാസമാണ്) എന്ന ബോര്‍ഡും വച്ചു. എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ ബോക്‌സ് തുറന്നു പണമെണ്ണി തിട്ടപ്പെടുത്തി വില്‍പന നടത്തിയ ബോക്‌സുകള്‍ പരിശോധിക്കും. ഒറ്റ ബോക്‌സിന്റെ പണവും നഷ്ടമാവാറില്ലെന്നും അലി ഗാംദി പറയുന്നു. സ്വന്തം കൃഷിയിടത്തില്‍ നട്ടുനനച്ചുണ്ടാക്കിയ പച്ചക്കറികളാണ് ഇദ്ദേഹം വില്‍ക്കുന്നത്. രണ്ടാഴ്ച മുമ്പ് ഇത്തരമൊരു സ്റ്റാള്‍ ആരംഭിച്ച സര്‍ക്കാര്‍ ജീവനക്കാരനായ അബു വജദിനും ഇതേ അനുഭവമാണ് പറയാനുള്ളത്. ഔദ്യോഗിക ജോലി സമയത്തിനു ശേഷം പാര്‍ട്ട്‌ടൈമായി എന്തു ജോലി ചെയ്യാമെന്ന ചിന്തയില്‍ നിന്നാണ് വില്‍പനക്കാരനില്ലാത്ത സ്റ്റാള്‍ ആരംഭിക്കുന്നതിനെ കുറിച്ച് ചിന്തിച്ചതും പിന്നെ തുടങ്ങിയതും. പ്രഭാത നിസ്‌കാരത്തിനു ശേഷം സ്റ്റാളില്‍ പഴവും പച്ചക്കറിയും നിറക്കും. രാത്രി എട്ടു മണിക്കാണ് കടയിലെത്തി ക്യാഷ് ബോക്‌സി ല്‍ നിന്ന് പണമെടുക്കുക. ഏതെങ്കിലും വസ്തുക്കള്‍ നശിപ്പിക്കുകയോ കളവുപോവുകയോ ചെയ്തിട്ടില്ല. സമൂഹത്തില്‍ ഉന്നതമൂല്യവും സത്യസന്ധതയും വിശ്വാസവും നിലനില്‍ക്കുന്നുവെന്നതിന്റ സൂചനയാണിതെന്ന് അബു വജദ് പറയുന്നു. സാമൂഹിക മാധ്യമങ്ങളില്‍ പുതിയ സംരംഭത്തെ കുറിച്ച് വീഡിയോ ക്ലിപ്പോടെ വലിയ പ്രചരണമാണ് നടക്കുന്നത്. രാത്രിയില്‍ ആരുമില്ലാതെ ഒരു സ്റ്റാള്‍ പ്രവര്‍ത്തിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോയുമാണ് പ്രചരിക്കുന്നത്. വില്‍പനക്കാരനില്ലാത്ത കടകള്‍ ശ്രദ്ധിക്കപ്പെട്ടതോടെ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ സ്വദേശി യുവതി യുവാക്കള്‍ക്കായി ഇത്തരത്തിലുള്ള കടകള്‍ തുടങ്ങുന്നതിനെ കുറിച്ച് ആലോചിക്കുകയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss