|    Sep 23 Sun, 2018 6:27 pm
FLASH NEWS

വറുതിയുടെ നാളുകള്‍ക്കു വിട; പ്രതീക്ഷയോടെ ബോട്ടുകള്‍ കടലിലേക്ക്

Published : 1st August 2016 | Posted By: SMR

കണ്ണൂര്‍: മല്‍സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ മേഖലയ്ക്കും വറുതിയുടെ നാളുകള്‍ സമ്മാനിച്ച ട്രോളിങ് നിരോധനം തീര്‍ന്നതോടെ പ്രതീക്ഷയോടെ ബോട്ടുകള്‍ ഇന്നു മുതല്‍ കടലിലേക്ക്. 47 ദിവസമായി തുടര്‍ന്നുവന്ന ട്രോളിങ് നിരോധനം ഇന്നലെ അര്‍ധരാത്രിയാണ് സമാപിച്ചത്. നിരോധനത്തെ തുടര്‍ന്ന്  ഫിഷറീസ്, കോസ്റ്റല്‍, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് എന്നിവരുടെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിച്ചു. ജില്ലയിലെ പ്രധാന തീരദേശ മേഖലകളായ ആയിക്കര മാപ്പിള ബേ ഹാര്‍ബര്‍, അഴീക്കല്‍, തലശ്ശേരി, പുതിയങ്ങാടി, പാലക്കോട് എന്നിവിടങ്ങളിലെ മല്‍സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ മേഖലയിലെ പതിനായിരങ്ങള്‍ക്കും ട്രോളിങ് കാലയളവ് വറുതിയുടെ കാലം തന്നെയായിരുന്നു.
ബോട്ടുകളെല്ലാം അറ്റകുറ്റപ്പണിക്കായി കരയ്ക്കടുപ്പിച്ചതിനാല്‍ വള്ളങ്ങളിലെ മീന്‍പിടിത്തം മാത്രമായിരുന്നു ഏകആശ്രയം. ചില ദിവസങ്ങളില്‍ കടലേറ്റം കൂടിയായതോടെ പരമ്പരാഗത വള്ളങ്ങള്‍ കടലിലിറക്കാനാവാത്തതും ദുരിതം വര്‍ധിപ്പിച്ചു. കര്‍ക്കിടകത്തിലെ കാറ്റും കോളും ചതിക്കല്ലേയെന്ന പ്രാര്‍ഥനയോടെ കടലോര മക്കള്‍ ഇന്നുമുതല്‍ കടലിലേക്കിറങ്ങുന്നത്.
ട്രോളിങ് കാലയളവില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ മുന്‍കാലങ്ങളിലേതെന്ന പോലെ ഇക്കുറിയും പൂര്‍ണതോതില്‍ തൊഴിലാളികള്‍ക്കു ലഭിച്ചിട്ടില്ല. സൗജന്യറേഷന്‍ വിതരണം പോലും പേരിലൊതുങ്ങി. ബോട്ട് തൊഴിലാളികള്‍, പീലിങ്് തൊഴിലാളികള്‍, ഐസ് ഫാക്ടറി തൊഴിലാളികള്‍ മറ്റ് അനുബന്ധ തൊഴിലാളികള്‍ എന്നിവര്‍ക്കാണു എല്ലാവര്‍ഷവും ട്രോളിങ് നിരോധന കാലയളവില്‍ സൗജന്യറേഷന്‍ നല്‍കിവന്നിരുന്നത്. രണ്ടു വര്‍ഷമായി ഫിഷറീസ് ഓഫിസ് വഴിയുള്ള സൗജന്യ റേഷന്‍ വിതരണം കാര്യക്ഷമമല്ലെന്ന് തൊഴിലാളികള്‍ ഒന്നടങ്കം പറയുന്നു. കൂടാതെ സമ്പാദ്യ സമാശ്വാസ പദ്ധതി വിതരണവും തടസപ്പെട്ടു. ട്രോളിങ് നിരോധന കാലയളവും കര്‍ക്കിടക മാസവും കണക്കിലെടുത്താണ് ക്ഷേമനിധിയില്‍ അംഗങ്ങളായ മല്‍സ്യത്തൊഴിലാളികള്‍ക്ക് സമ്പാദ്യ സമാശ്വാസ പദ്ധതിപ്രകാരം ആനുകൂല്യം നല്‍കിവന്നിരുന്നത്. മുന്‍വര്‍ഷങ്ങളില്‍ ഗുണഭോക്താക്കളായ തൊഴിലാളികളുടെയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും വിഹിതമുള്‍പ്പെടെ 1800 രൂപയായിരുന്നു ലഭിച്ചിരുന്നത്.
കഴിഞ്ഞ വര്‍ഷം മുതല്‍ 2700 രൂപയാക്കി വര്‍ധിപ്പിച്ചെങ്കിലും വിരലിലെണ്ണാവുന്നവര്‍ക്കു മാത്രമാണു ലഭിച്ചത്. സാധാരണയായി അധ്യയന വര്‍ഷാരംഭത്തില്‍ തന്നെ ട്രോളിങ് തുടരുന്നതു വിദ്യാര്‍ഥികളുടെ പഠനത്തെയും ബാധിക്കുന്നുണ്ട്. ഇതു കണക്കിലെടുത്ത് മല്‍സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പുകളെയും ലംപ്‌സം ഗ്രാന്റുകളെയും കുറിച്ചു മല്‍സ്യത്തൊഴിലാളികളെ ബോധവാന്‍മാരാക്കുന്നതില്‍ ഫിഷറീസ് വകുപ്പ് വന്‍ പരാജയമാണ്. അതുകൊണ്ടു തന്നെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകളോ ഗ്രാന്റുകളോ ഇവര്‍ക്ക് കാര്യക്ഷമമായി ലഭിക്കാറില്ല.
ട്രോളിങ് പിന്‍വലിച്ചതോടെ ചെമ്മീന്‍, കിളിമീന്‍, കണവ തുടങ്ങിയ മല്‍സ്യങ്ങള്‍ സുലഭമാവുമെന്ന പ്രതീക്ഷയിലാണു തൊഴിലാളികള്‍. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ട്രോളിങ് വേളയില്‍ മത്തി, അയല തുടങ്ങിയ മല്‍സ്യങ്ങളുടെ ലഭ്യതയിലും ഇത്തവണ കുറവുണ്ടായിരുന്നു. ഇതുകാരണം മല്‍സ്യവിലയും വര്‍ധിച്ചിരുന്നു. എന്നാല്‍ ഇതിനേക്കാളെല്ലാമുപരി അധികാരികളുടെ അനാസ്ഥയാണ് ആയിക്കരയിലെ തൊഴിലാളികളെ ആശങ്കയിലാഴ്ത്തുന്നത്.
അപകടം വിതയ്ക്കുന്ന ആയിക്കര ഹാര്‍ബറിലെ മണ്ണ് നീക്കം ചെയ്യണമെന്ന പതിറ്റാണ്ടുകളായുള്ള ആവശ്യം ഇപ്പോഴും പ്രഹസനമായി തുടരുകയാണ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് മന്ത്രി കെ ബാബു ആയിക്കരയിലെത്തി ഡ്രഡ്ജിങ് ഉദ്ഘാടനം ചെയ്തിരുന്നു. എന്നാല്‍ ഇത് തിരഞ്ഞെടുപ്പ് പ്രഹസനം മാത്രമാണെന്നു മാസങ്ങള്‍ക്കുള്ളില്‍ വ്യക്തമായി. ലക്ഷങ്ങള്‍ ചെലവിട്ടിട്ടും തുറമുഖത്തേക്കു വള്ളങ്ങള്‍ അടുപ്പിക്കാവുന്ന വിധത്തില്‍ ഡ്രഡ്ജിങ് നടന്നിട്ടില്ലെന്നതാണു യാഥാര്‍ഥ്യം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss