|    Jan 20 Fri, 2017 1:36 pm
FLASH NEWS

വറുതിക്കിടയിലും രാഷ്ട്രീയാവേശം കുറയാതെ തീരദേശം

Published : 18th April 2016 | Posted By: SMR

ഫഖ്‌റുദ്ധീന്‍ പന്താവൂര്‍

പൊന്നാനി: കരയും കടലും ചൂടുപിടിച്ചിരിക്കുകയാണ്, ഒപ്പം രാഷ്ട്രീയത്തിനും. മല്‍സ്യ ലഭ്യത കുറഞ്ഞതോടെ തീരദേശത്തിനും അത്ര സന്തോഷമില്ല. പക്ഷേ, വറുതിക്കിടയിലും രാഷ്ട്രീയം പറയുമ്പോള്‍ ചൂടിന് ആക്കം കൂടും. തീരദേശം അങ്ങനെയാണ്.
തിരഞ്ഞെടുപ്പടുത്താല്‍ വല്ലാത്ത വീറും വാശിയുമാണ് എല്ലായിടത്തും. പൊന്നാനിയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പാണ്ടികശാലയോട് ചേര്‍ന്നുള്ള വൈകുന്നേര ചര്‍ച്ചകളില്‍ രാഷ്ട്രിയം ചൂടുപിടിക്കുകയാണ്. കോടികള്‍ ചിലവഴിച്ച് നിര്‍മിച്ച ഫിഷിങ് ഹാര്‍ബര്‍ വെറുതെ കിടക്കുന്നതാണ് പരമ പ്രധാന രാഷ്ട്രിയ വിഷയം.
പാലൊളിയുടെ വന്‍ വികസനങ്ങളിലൊന്നായിരുന്നു ഇത്. തിരഞ്ഞെടുപ്പിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഇവര്‍ക്ക് വലിയ പ്രതീക്ഷകളില്ല. ഭരണെമെത്ര മാറിയാലും ഫിഷിങ് ഹാര്‍ബര്‍ നേരേയാവാന്‍ പോവുന്നില്ല. പൊന്നാനി ഹാര്‍ബറില്‍ ബോട്ടിന്റെ വരവും കാത്തിരിക്കുന്ന ഒത്തിരി പേരേ കാണാം.
ചര്‍ച്ച രാഷ്ട്രീയം തന്നെ. പൊന്നാനിയില്‍ മാത്രമല്ല താനൂരും, പരപ്പനങ്ങാടിയും പുറത്തുരും ഇതാണ് സ്ഥിതി. പൊന്നാനി ഇത്തവണ ഇടതിനെന്ന കാര്യത്തില്‍ ഇവരില്‍ ആര്‍ക്കും സംശയമില്ല. പൊന്നാനി അങ്ങാടിയിലെ ചായമക്കാനികളിലും രാഷ്ട്രിയം തിളച്ചുമറിയുകയാണ്. യുഡിഎഫ് സ്ഥാനാര്‍ഥി അജയ് മോഹനാണ് ആദ്യം മല്‍സ്യത്തൊഴിലാളികളെ തേടിയെത്തിയത്. ഇതോടെ രാഷ്ട്രിയം തിളച്ചുമറിഞ്ഞു. വാഗ്ദാനങ്ങളുടെ പെരുമഴയിലും പുതിയൊരു പുലരിക്കായി കാത്തിരിക്കുകയാണ് മല്‍സ്യത്തൊഴിലാളികള്‍. ഇവിടെ ഇരുട്ടിനൊപ്പം വോട്ടുവിശേഷങ്ങളും പരക്കുകയാണ്.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി ശ്രീരാമകൃഷ്ണനും കഴിഞ്ഞ ദിവസം കടപ്പുറത്ത് പ്രചാരണം നടത്തിയിരുന്നു. ആവേശകരമായ സ്വീകരണമാണ് സ്ഥാനാര്‍ഥിക്ക് ലഭിച്ചത്. കടലില്‍ നിന്ന് തിരിച്ചെത്തിയ ബോട്ടില്‍ നിന്ന് മല്‍സ്യക്കുട്ട ഇറക്കിവയ്ക്കാന്‍ സഹായിച്ചാണ് സ്ഥാനാര്‍ഥി മടങ്ങിയത്. പൊന്നാനിക്കാര്‍ക്കും കൂട്ടായിക്കാര്‍ക്കും കടലാണ് എല്ലാം. ഇവരുടെ ജീവിതത്തിനും കടലോളമുള്ള സ്വപ്‌നങ്ങള്‍ക്കും നിറം പകരുന്നത് അറബിക്കടലിലെ ഓളങ്ങളാണ്. അതുകൊണ്ടായിരിക്കാം പൊന്നാനിയിലെ മീന്‍പിടിത്തക്കാര്‍ കടലിലിറങ്ങിയപ്പോള്‍ വോട്ടുവര്‍ത്തമാനങ്ങളും ഒപ്പം കൂടിയത്.
ബദ്രിയ്യ ബോട്ടിലായിരുന്നു കടല്‍യാത്ര.
പൊന്നാനിയിലെ 10 പേരുടെ ഉടമസ്ഥതിയിലുള്ളതാണ് ബോട്ട്. കരയില്‍ നിന്ന് വിട്ടതോടെ പതിയെ പതിയെ എന്‍ജിന്റെ വേഗത കൂടി. ഒപ്പം വോട്ട് വര്‍ത്തമാനത്തിനും മുറുക്കമേറി. കടലിലേക്കുള്ള യാത്രയാണ്. അതുകൊണ്ടായിരിക്കാം കുഞ്ഞിമുഹമ്മദ് തുടങ്ങിയത് ഉപജീവന മാര്‍ഗമായ കടലില്‍ നിന്ന് തന്നെയാണ്. കടലില്‍ നിന്ന് പഴയതുപോലെ മീന്‍ കിട്ടാത്തതിന്റെ നിരാശ മുഖത്തുണ്ട്.
ഈ കഷ്ടപ്പാടില്‍ നിന്നൊരു മോചനത്തിന് പുതുതായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ വല്ലതും ചെയ്യുമോ എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. കടലില്‍ മീന്‍ നിറച്ചു തരാനൊന്നും അവര്‍ക്ക് പറ്റൂല. എന്നാലും ആവശ്യമായ സഹായധനം നല്‍കാനുള്ള മനസ്സെങ്കിലും കാണിച്ചാല്‍ മതിയെന്നാണ് ബഷീറിന്റെ പക്ഷം. ബോട്ടില്‍ പൊന്നാനിക്കാര്‍ മാത്രമല്ല കൂട്ടായിക്കാരും, പുറത്തൂരുകാരും മംഗലത്തിനിന്നുള്ളവരും താനൂരുകാരെല്ലാമുണ്ട്. ആധുനികമായൊരു ഹാര്‍ബര്‍ ഇനിയും പൊന്നാനിയിലില്ല. കോടികള്‍ ചിലവഴിച്ച് എട്ട് കാല്ലം മുമ്പ് നിര്‍മിച്ച ആധുനിക ഫിഷിങ് ഹാര്‍ബര്‍ അശാസ്ത്രിയ നിര്‍മാണം മൂലം മല്‍സ്യത്തൊഴിലാളികള്‍ ഇനിയും ഉപയോഗിച്ചിട്ടേയില്ല.
വാണിജ്യ തുറമുഖം വരുന്നതോടെ നിലവിലെ ഹാര്‍ബര്‍ കൈയ്യൊഴിഞ് ബോട്ടുകള്‍ അടുപ്പിക്കാനാവാത്ത ഹാര്‍ബറിലേക്ക് പോവാന്‍ നിര്‍ബന്ധിതരാവും. ഇതെങ്ങനെ സാധ്യമാവുമെന്നാണ് ഉസ്മാന്‍ ചോദിക്കുന്നത്. ഇത്രയും കാലമായി ഇവിടെ നല്ലൊരു ഹാര്‍ബര്‍ പണിതിട്ടില്ല, മിന്‍ കേട് വരാതെ സൂക്ഷിക്കാന്‍ സംവിധാനമില്ല, മല്‍സ്യത്തൊഴിലാളികള്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ ഇടമില്ല. നല്ലൊരു മീന്‍ചിപ്പയില്ല, മല്‍സ്യം വില്‍ക്കാന്‍ മാര്‍ക്കറ്റില്ല. ഇതാണ് പൊന്നാനി ഹാര്‍ബര്‍. ഇതിനൊരു മാറ്റം വേണം ഹാസിത ബോട്ടിന്റെയുടമ മുഹമ്മദ് പറയുന്നു.
ചര്‍ച്ച പാര്‍ട്ടി വേണോ രാഷ്ട്രിയം വേണോ എന്നതിലെത്തിയപ്പോള്‍ മിക്കവര്‍ക്കും വാക്കൊന്നെയുള്ളൂ. കാര്യപ്രാപ്തിയുള്ള വ്യക്തികള്‍ രംഗത്തുള്ളപ്പോള്‍ പിന്നെ രാഷ്ട്രീയത്തിലൊന്നും വലിയ കാര്യമില്ല.
കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ നഗരസഭയിലെ തീരദേശത്തെ മുഴുവന്‍ വാര്‍ഡുകളും ഇടതിനൊപ്പമായിരുന്നു ഇതിന്റെ ആത്മവിശ്വാസത്തിലാണ് ഇടത് നേതൃത്വം. ഇത്തവണ കാര്യങ്ങള്‍ തകിടം മറിയുമെന്നാണ് യുഡിഎഫ് പ്രതിക്ഷ.
ഇരു മുന്നണികളും മൂന്നാംഘട്ട പ്രചാരണ പരിപാടികളിലാണ്. തീരപ്രദേശത്തെ ഇടത് അപ്രമാദിത്വം തകര്‍ക്കാന്‍ പുതിയ തന്ത്രങ്ങള്‍ മെനയുകയാണ് യുഡിഎഫ് സ്ഥാനാര്‍ഥി. മുകളില്‍ ഉച്ച സൂര്യന്‍ ജ്വലിക്കുന്നു. ഒപ്പം വര്‍ത്തമാനത്തിനും ചൂടേറുകയാണ്. വാക്‌പോരാട്ടങ്ങളും സൗഹൃദ സംഭാഷണങ്ങളുമായി അവര്‍ നീങ്ങുകയാണ് … അഴക്കടലിലേക്ക്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 67 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക