|    Sep 21 Fri, 2018 2:28 am
FLASH NEWS

വറുതിക്കിടയിലും ഓണം സമൃദ്ധമാക്കാന്‍ നാടും നഗരവും ഒരുങ്ങി

Published : 25th August 2018 | Posted By: kasim kzm

കാഞ്ഞങ്ങാട്: ഇടതടവില്ലാത്ത മഴയും ദുരിതങ്ങളും പെയ്‌തൊഴിഞ്ഞപ്പോള്‍ ഓണാഘോഷത്തിലേക്ക് നാട് നടന്നു നീങ്ങി. കേരളത്തിന് ദുരന്തം വിതച്ച പ്രളയത്തില്‍ ആഘോഷങ്ങള്‍ക്ക് തീരേ പൊലിമ ഇല്ലെങ്കിലും കാണം വിറ്റും ഓണം ഉണ്ണണമെന്ന പഴഞ്ചൊല്ല് അന്വര്‍ത്ഥമാക്കും വിധത്തിലേക്ക് ഉത്രാട പാച്ചില്‍ പൂക്കളും പച്ചക്കറികളും പുതുവസ്ത്രങ്ങളും വാങ്ങാന്‍ നല്ല തിരക്കായിരുന്നു. പ്രളയത്തിന്റെ ആഘാതത്തില്‍ മങ്ങലേറ്റ കുടുംബശ്രീ ഓണചന്തകളില്‍ ഇന്നലെ രാവിലെ മുതല്‍ വന്‍ തിരക്കായിരുന്നു. കര്‍ണാടകയിലും കേരളത്തിലും മഴയായതിനാല്‍ 80 ശതമാനം വരെ സാധനങ്ങള്‍ക്ക് വില കൂടിയിട്ടുണ്ട്.
രണ്ടാഴ്ച മുമ്പ് കിലോവിന് 50 രൂപ ഉണ്ടായിരുന്ന നേന്ത്രക്കായയുടെ വില 75 രൂപയിലെത്തി. മുന്‍ കാലങ്ങളില്‍ ഓണവിപണിയില്‍ ഉണ്ടായിരുന്ന നാടന്‍ മത്തന്‍, കുമ്പളങ്ങ, പാവക്ക, താരപ്പീര, കക്കിരി, വഴുതനങ്ങ തുടങ്ങിയവയൊന്നും കനത്ത മഴയേത്തുടര്‍ന്ന് വിപണിയില്‍ എത്തിയിട്ടില്ല. കര്‍ണാടകയില്‍ നിന്ന് എത്തിയ പച്ചക്കറികളാണ് വിപണി കീഴടക്കുന്നത്. കര്‍ണാടക കുടകിലെ കനത്ത മഴയില്‍ ഓണക്കാലത്തെ വിപണി ലക്ഷ്യമിട്ട് തുടങ്ങിയ പൂ കൃഷി നശിച്ചത് ഓണവിപണിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. മുന്‍ കാലങ്ങളില്‍ ലോഡ് കണക്കിന് പൂക്കളവുമായി ജില്ലയിലെ വിപണികളില്‍ കര്‍ണാടകയില്‍ നിന്നും പൂക്കച്ചവടക്കാര്‍ എത്താറുണ്ടായിരുന്നു.
എന്നാല്‍ ഇക്കുറി പൂ വിപണി പേരിന് മാത്രമായിരുന്നു. നീലേശ്വരം, ചെറുവത്തുര്‍, തൃക്കരിപ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഓണവിപണി സജീവമായത് ഇന്നലെയായിരുന്നു. കനത്ത മഴയില്‍ കൃഷി നശിച്ചതും റബര്‍ ടാപ്പിങ് മുടങ്ങിയതും ഓണാഘോഷത്തെ ബാധിച്ചിട്ടുണ്ട്. കൈത്തറി, ഖാദി, ഇലക്ട്രോണിക്‌സ് എന്നിവയ്ക്ക് ഓണകച്ചവടത്തിന് വന്‍ വില കുറവാണ് പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍ പ്രതിക്ഷീച്ച കച്ചവടം ലഭിച്ചില്ലെന്ന് വ്യാപാരികള്‍ പറയുന്നു. പ്രളയ ദുരിതബാധിതരെ സഹായിക്കാനായി നിരവധി സംഘടനകളും വ്യാപാരികളും മുന്നിട്ടിറങ്ങിയതും ഓണവിപണിയെ ബാധിച്ചു. പല സംഘടനകളുടേയും നേതൃത്വത്തില്‍ നടത്താറുള്ള ഓണാഘോഷപരിപാടികള്‍ ഇപ്രാവശ്യം മാറ്റിവച്ചിട്ടുണ്ട്. ആഘോഷങ്ങള്‍ മാറ്റിവച്ച് ദുരിതബാധിതരെ സഹായിക്കാനുള്ള ഒരുക്കത്തിലാണ് ക്ലബ്ബുകളും സംഘടനകളും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss