|    Jul 22 Sat, 2017 4:23 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

വര്‍ഷകാല സമ്മേളനം; കേന്ദ്രത്തിനെതിരേ 18 പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കും

Published : 14th July 2017 | Posted By: fsq

 

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ സര്‍ക്കാരിനെതിരേ സംയുക്ത പ്രതിരോധമു—യര്‍ത്താന്‍ 18 പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി വിഷയത്തില്‍ ചര്‍ച്ചകള്‍ക്കായി ചേര്‍ന്ന യോഗമാണു പുതിയ സംയുക്ത രാഷ്ട്രീയ നീക്കത്തിനു വഴിയൊരുക്കിയത്. നോട്ട് നിരോധനത്തിന്റെ പരിണിത ഫലങ്ങള്‍, ചരക്കുസേവന നികുതി തിരക്കിട്ടു നടപ്പാക്കിയതിലെ അപാകതകള്‍, കര്‍ഷക ആത്മഹത്യ, രാഷ്ട്രീയ കുടിപ്പക, ഫെഡറല്‍ സംവിധാനത്തിന്റെ സംരക്ഷണം എന്നിവയായിരിക്കും പ്രധാനമായും പാര്‍ട്ടികള്‍ ഉയര്‍ത്തിക്കാണിക്കുന്ന വിഷയങ്ങള്‍. സര്‍ക്കാരിനെതിരേ പാര്‍ലമെന്റിനകത്തും പുറത്തും സാമൂഹിക മാധ്യമങ്ങളിലും ഈ വിഷയങ്ങള്‍ സജീവമായി ഉയര്‍ത്തിക്കൊണ്ടു വരാനാണു തീരുമാനം. നാരദാ അഴിമതിയുടെ പേരില്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്സിനെതിരെയും, ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനെതി—രേയും സ്വീകരിച്ച നടപടികള്‍ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണെന്നു യോഗം വിലയിരുത്തി. കോണ്‍ഗ്രസ് അധ്യക്ഷ, സോണിയാഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, തൃണമൂല്‍ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഡെറിക് ഒബ്രിയന്‍, ജെഡിയു നേതാവ് ശരത് യാദവ്, എന്‍സിപി നേതാവ്  പ്രഫുല്‍ പട്ടേല്‍, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുല്ല, സമാജ്‌വാദി പാര്‍ട്ടി നേതാവ് നരേഷ് അഗര്‍വാള്‍, ബിഎസ്പി നേതാവ് സതീഷ് മിശ്ര തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക