|    Jun 25 Sun, 2017 5:46 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

വര്‍ധിപ്പിച്ച രജിസ്‌ട്രേഷന്‍ നിരക്ക് പിന്‍വലിക്കും: ധനമന്ത്രി

Published : 27th October 2016 | Posted By: SMR

തിരുവനന്തപുരം: കുടുംബങ്ങള്‍ തമ്മിലുള്ള ഭാഗപത്രം, ധനനിശ്ചയം, ദാനം, ഒഴിമുറി എന്നിവയുടെ വര്‍ധിപ്പിച്ച രജിസ്‌ട്രേഷന്‍ നിരക്ക് പിന്‍വലിക്കും. രജിസ്‌ട്രേഷന്‍ ഫീ നേരത്തെയുണ്ടായിരുന്ന ഒരു ശതമാനമായി തന്നെ നിജപ്പെടുത്തണോ 1000 രൂപയെന്ന പരിധി വയ്ക്കണോയെന്നത് സബ്ജക്റ്റ് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് നിയമസഭയില്‍ അറിയിച്ചു. ധനകാര്യ ബില്ലു ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
സ്വര്‍ണവ്യാപാരികള്‍ക്ക് 2014ലെ ബജറ്റില്‍ ഏര്‍പ്പെടുത്തിയ വാങ്ങല്‍ നികുതി പിന്‍വലിക്കണമെന്ന നിര്‍ദേശം പ്രതിപക്ഷവും അന്നത്തെ ധനമന്ത്രിയും ആവശ്യപ്പെട്ടാല്‍ പരിഗണിക്കുമെന്നും ധനമന്ത്രി പറഞ്ഞു. ബില്ല് തയ്യാറാക്കിയപ്പോള്‍ സംഭവിച്ച പിശകാണെന്ന് ബോധ്യപ്പെട്ട സാഹചര്യത്തില്‍ അതു തിരുത്താവുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇക്കാര്യവും സബ്ജക്റ്റ് കമ്മിറ്റി പരിശോധിക്കും.
ഒരുതരത്തിലുമുള്ള പണമിടപാടുമില്ലാതെ കുടുംബാംഗങ്ങള്‍ തമ്മില്‍ നടത്തുന്ന ഭൂമികൈമാറ്റങ്ങളുടെ മുദ്രപത്രനിരക്കിലും രജിസ്‌ട്രേഷന്‍ ഫീസിലും ഏര്‍പ്പെടുത്തിയ വര്‍ധന വലിയ വിമര്‍ശനമുണ്ടാക്കിയിരുന്നു. ഭാഗപത്ര സ്റ്റാമ്പ്ഡ്യൂട്ടിയുടെ കാര്യത്തില്‍ തനിക്ക് വ്യത്യസ്ത നിലപാടാണെങ്കിലും ഇരുപക്ഷത്തുനിന്നും ഉയര്‍ന്ന നിര്‍ദേശങ്ങള്‍ പരിഗണിച്ചാണ് കൂട്ടിയ നിരക്ക് പിന്‍വലിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ഭൂമിയുടെ മൂലധനനേട്ടം വളരെയേറെയാണ്. നേരത്തേ വാങ്ങിയ വിലയല്ല ഭൂമിക്ക് ഇന്നത്തെ വില. അതിനാല്‍ രജിസ്‌ട്രേഷന്‍ ഫീസ് കൂട്ടുന്നതില്‍ തെറ്റില്ലെന്ന നിലപാടാണ്. സ്വര്‍ണവ്യാപാരികളുടെ നികുതിയിളവിന്റെ കാര്യത്തില്‍ പ്രതിപക്ഷം വ്യക്തമായി ആവശ്യപ്പെടണമെന്ന് ധനമന്ത്രി നിര്‍ദേശിച്ചു. 2014 ധനകാര്യ ബില്ലില്‍ വന്ന പിഴവാണെന്നു ബോധ്യപ്പെട്ട സാഹചര്യത്തില്‍ തിരുത്തുന്നതാണ് ഉചിതമെന്ന് പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ജിഎസ്ടി നടപ്പാകാന്‍ പോകുന്ന സാഹചര്യത്തില്‍ അവസാന ധനകാര്യ ബില്ലാണ് ഇന്നലെ സഭയില്‍ അവതരിപ്പിച്ചത്. ജിഎസ്ടിയുടെ കാര്യത്തില്‍ കേരളത്തിന്റെ പൊതുനിലപാട് ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷിയോഗം ചേരും. കിഫ്ബി വിജയിക്കുമെന്ന കാര്യത്തില്‍ ആശങ്ക വേണ്ട. ഒരു സംസ്ഥാനം ധനസമാഹരണത്തിനായി ഇങ്ങനെയൊരു വഴി തിരഞ്ഞെടുത്തതിനെ പ്രതീക്ഷയോടെയാണ് എല്ലാവരും ഉറ്റുനോക്കുന്നതെന്നും മന്ത്രി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക