|    Nov 17 Sat, 2018 6:23 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

വര്‍ധിക്കുന്ന വിദ്യാര്‍ഥി ആത്മഹത്യകള്‍

Published : 9th June 2017 | Posted By: fsq

കെ  എ  മുഹമ്മദ്  ഷമീര്‍

കുറച്ചു ദിവസം മുമ്പാണ് കണ്ണൂര്‍ ജില്ലയിലെ മാലൂര്‍ നീട്ടാറമ്പ് ലക്ഷംവീട് കോളനിയില്‍ താമസിക്കുന്ന റഫ്‌സീന എന്ന, പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ എ പ്ലസ് (1180/1200 മാര്‍ക്ക്) വാങ്ങിയ മിടുക്കി തൊട്ടടുത്ത ദിവസം ആത്മഹത്യ ചെയ്ത ദാരുണസംഭവമുണ്ടായത്. ലക്ഷംവീട് കോളനിയില്‍ വളരെ ദരിദ്രകുടുംബത്തില്‍, തന്റെ പ്രയാസങ്ങള്‍ സുഹൃത്തുക്കളെയും നാട്ടുകാരെയും അറിയിക്കാതെ വളര്‍ന്ന ആ കുട്ടിയുടെ ഉന്നതവിജയത്തെ തുടര്‍ന്ന് മാധ്യമങ്ങളില്‍ അവളുടെ സാഹചര്യങ്ങളെയും വിജയത്തെയും വാര്‍ത്തയാക്കിയതിലുണ്ടായ അപമാനഭാരമാണ് ഇത്തരമൊരു കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ചത്. ഇതു വിദ്യാര്‍ഥികളില്‍ കണ്ടുവരുന്ന വര്‍ധിച്ച ആത്മഹത്യാ പ്രവണതകളുടെ ഒരു ഉദാഹരണം മാത്രം.കേരളത്തില്‍ കഴിഞ്ഞ കുറേ നാളുകളായി വിദ്യാര്‍ഥി ആത്മഹത്യകള്‍ വലിയതോതില്‍ വര്‍ധിച്ചുവരുകയാണ്. വാളയാറില്‍ പീഡനത്തിനിരയായ സഹോദരിമാരും വടകരയില്‍ റാഗിങ് ചെയ്തുവെന്ന് പറഞ്ഞ് അപമാനിക്കപ്പെട്ട അസ്‌നാസും ദുരൂഹതയുണ്ടെങ്കിലും പാമ്പാടി നെഹ്‌റു കോളജ് മാനേജ്‌മെന്റിന്റെ പീഡനത്തില്‍ മനംനൊന്ത് ജീവനൊടുക്കിയ ജിഷ്ണു പ്രണോയിയും കണ്ണൂരിലെ സ്‌കൂള്‍ വിദ്യാര്‍ഥി സനദും എറണാകുളം സ്വദേശി മിഷേലും- അങ്ങനെ കേരളത്തില്‍ ചര്‍ച്ചയായതും ചര്‍ച്ചയില്‍ ഇടംപിടിക്കാതെ പോയതുമായ വിദ്യാര്‍ഥി ആത്മഹത്യാ സംഭവങ്ങളുടെ പട്ടിക നീണ്ടതാണ്.2017 ഏപ്രിലില്‍ ദേശീയ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ പുറത്തുവിട്ട റിപോര്‍ട്ട് പ്രകാരം, 2011-15 വരെയുള്ള അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 39,775 വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തു. അതായത്, നിരക്കു നോക്കിയാല്‍ ഓരോ മണിക്കൂറിലും ഒരു വിദ്യാര്‍ഥി ആത്മഹത്യ ചെയ്യുന്നു. ആത്മഹത്യ ഏറ്റവും കൂടുതല്‍ നടന്നത് 2015ലാണ്- 8,934 പേര്‍. സാമൂഹിക വിവേചനങ്ങള്‍, പഠനത്തിന്റെ പേരിലുള്ള അമിത സമ്മര്‍ദം, കുടുംബ ബാധ്യത തുടങ്ങിയവ ആത്മഹത്യക്കു കാരണമാകുന്നുവെന്നു പഠനങ്ങള്‍ വ്യക്തമാക്കുന്നു. മാത്രമല്ല, 15നും 29നും ഇടയിലുള്ളവര്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ ചെയ്യുന്ന രാജ്യം ഇന്ത്യയാണെന്ന് 2012ല്‍ പുറത്തുവന്ന ലാന്‍സര്‍ റിപോര്‍ട്ട് വ്യക്തമാക്കുന്നു. ഇതില്‍ അടിയന്തര ഇടപെടല്‍ ആവശ്യമാണെന്നു കൂടി റിപോര്‍ട്ട് പറഞ്ഞുവയ്ക്കുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ നടക്കുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്- 1230. തൊട്ടടുത്ത് തമിഴ്‌നാടും (955) ഛത്തീസ്ഗഡും (625) വരുന്നു. 21നും 29നും ഇടയില്‍ പ്രായമുള്ളവരുടെ ആത്മഹത്യക്കുള്ള കാരണങ്ങളില്‍ 27 ശതമാനവും തൊഴിലില്ലായ്മയോ പഠനവുമായി ബന്ധപ്പെട്ട മാനസിക പിരിമുറുക്കങ്ങളോ ആണ്. ആത്മഹത്യ കൂടിക്കൊണ്ടിരിക്കുന്ന ഒരു പ്രധാന സ്ഥലമാണ് രാജസ്ഥാനിലെ കോട്ടയാണ്‍- ഷാഡോ എജ്യൂക്കേഷന്‍ സിസ്റ്റത്തിന്റെ ഇന്ത്യയിലെ തലസ്ഥാനം എന്നറിയപ്പെടുന്ന കോട്ട. പ്രഫഷനല്‍ പരീക്ഷാ പരിശീലനങ്ങളുടെയും വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന പരിശീലന സ്ഥാപനങ്ങളുടെയും കേന്ദ്രമായ കോട്ടയില്‍ വിദ്യാര്‍ഥികളെ യാഥാര്‍ഥ്യബോധമില്ലാത്തതും എത്തിപ്പിടിക്കാന്‍ കഴിയാത്തതുമായ ലക്ഷ്യങ്ങള്‍ നിശ്ചയിച്ചുകൊടുത്തും അതിന്റെ പേരില്‍ മാനസിക സമ്മര്‍ദത്തിലാക്കിയും താങ്ങാന്‍ കഴിയാത്ത പാഠഭാഗങ്ങള്‍ അടിച്ചേല്‍പ്പിച്ചും നടത്തുന്ന പഠനരീതി ആത്മഹത്യക്ക് കാരണമാകുന്നുവെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.ഇതിന്റെയെല്ലാം വേരുതേടിയുള്ള യാത്ര, വിദ്യാര്‍ഥികളോടുള്ള സമൂഹത്തിന്റെയും രക്ഷിതാക്കളുടെയും പഠനസ്ഥാപനങ്ങളുടെയുമെല്ലാം പെരുമാറ്റത്തിലുള്ള സമൂലമാറ്റത്തിന്റെ ആവശ്യകത വ്യക്തമാക്കുന്നതാണ്. ആത്മഹത്യാ ചിന്താഗതി വിദ്യാര്‍ഥികളില്‍ വളരുന്നതില്‍ പല കാരണങ്ങളുണ്ട്. മാധ്യമങ്ങളുടെ പങ്ക് പോലും അത്ര നിസ്സാരമല്ല. ലഹരിവസ്തുക്കളുടെ ഉപയോഗം, ബലാല്‍സംഗം, കൊലപാതകം, ആത്മഹത്യ എന്നിവയുടെ ദൃശ്യാവിഷ്‌കരണം സമൂഹത്തില്‍, പ്രത്യേകിച്ചു യുവാക്കളില്‍, ചെലുത്തുന്ന ദുസ്വാധീനം ചര്‍ച്ച ചെയ്യാതെ വിടുകയാണ്.ആത്മഹത്യാചിന്തകള്‍ വര്‍ധിക്കുന്നതിന് ഒരു പ്രധാന കാരണം, മക്കളെ പരിഗണിക്കാന്‍ കഴിയാത്തത്ര തിരക്കില്‍ രക്ഷിതാക്കള്‍ മുഴുകുന്നതാണ്. ആഗോളവല്‍ക്കരണം സൃഷ്ടിച്ച നവ സാമൂഹിക സാഹചര്യത്തില്‍ ഒരാളുടെ വരുമാനം കൊണ്ട് ജീവിതം കരയ്‌ക്കെത്തിക്കാന്‍ കഴിയാത്തത് പലപ്പോഴും രണ്ടുപേരും തൊഴിലെടുക്കേണ്ട നിര്‍ബന്ധിതാവസ്ഥയില്‍ എത്തിക്കുന്നുണ്ട്. അതുമൂലം രക്ഷിതാക്കളുടെയും കുട്ടികളുടെയും ഇടയില്‍ അനിവാര്യമായി നടക്കേണ്ട ആശയവിനിമയത്തിനു സമയമില്ലാതെ വരുന്നതുകൊണ്ട് രൂപപ്പെട്ടുവരുന്ന അകല്‍ച്ച വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ഒരുതരം അനാഥത്വം ഈ സാഹചര്യത്തിലെ കുട്ടികള്‍ അനുഭവിക്കേണ്ടിവരുന്നുണ്ട്. ഇതുമൂലം അവരുടെ പ്രശ്‌നങ്ങള്‍ പങ്കുവയ്ക്കാനോ അതിന് ആവശ്യമായ പരിഹാരം നിര്‍ദേശിച്ചുകൊടുക്കാനോ കഴിയാതെ വരുന്നത് വിദ്യാര്‍ഥികളില്‍ ഒറ്റപ്പെടലും പരാജയബോധവും വളര്‍ത്തുന്നു. ഇതെല്ലാം ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്യും. ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ പറയുന്നതുപോലെ, അമിത പഠനഭാരവും ഒരു പ്രശ്‌നമാണ്. വിദ്യാര്‍ഥികളെ പഠനത്തിന്റെ പേരില്‍ സമ്മര്‍ദത്തിലാക്കുന്നത് ഒരു യാഥാര്‍ഥ്യമാണ്. മക്കളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട അമിതമോഹങ്ങളും അതു സഫലമാക്കാന്‍ സ്വീകരിക്കുന്ന അശാസ്ത്രീയമായ പഠനരീതിയും വര്‍ധിക്കുന്നുണ്ട്. വിദ്യാര്‍ഥികളുടെ അഭിരുചി തിരിച്ചറിയാതെ തങ്ങളുടെ താല്‍പര്യങ്ങള്‍ മക്കളിലൂടെ നടത്താനുള്ള അമിതാവേശം കുഴപ്പങ്ങള്‍ ഉണ്ടാക്കുക തന്നെ ചെയ്യും. എന്‍ജിനീയറിങ് മേഖല ഇത്രയേറെ നിലവാരത്തകര്‍ച്ച നേരിട്ടതിന് കാരണം ഈഗോയും സമൂഹത്തിലെ സ്റ്റാറ്റസും സംരക്ഷിക്കാന്‍ മക്കളെ നിര്‍ബന്ധിച്ച് എന്‍ജിനീയറിങിനു പറഞ്ഞയച്ചത് കൂടിയാണ്. ഇത്തരം രക്ഷിതാക്കളുടെ മനശ്ശാസ്ത്രം കൃത്യമായി അറിയാവുന്ന വിദ്യാഭ്യാസക്കച്ചവടക്കാര്‍ അശാസ്ത്രീയമായ പഠനരീതികള്‍ കൊണ്ട് വിദ്യാര്‍ഥികളില്‍ റിസല്‍ട്ട് ഉണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യും.പ്രണയത്തെക്കുറിച്ചുള്ള സമൂഹത്തിന്റെയോ വിദ്യാര്‍ഥികളുടെ തന്നെയോ അപക്വ കാഴ്ചപ്പാടുകള്‍ പലപ്പോഴും വിദ്യാര്‍ഥികളുടെ ജീവന്‍ അപഹരിക്കാറുണ്ട്. കണ്ണൂരില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന സനദിന്റെ മരണത്തിനു കാരണമായത് വിദ്യാര്‍ഥി പെണ്‍കുട്ടികളുമായി ഒരു ഫോട്ടോ എടുത്തതിനെ പ്രണയമായി തെറ്റിദ്ധരിച്ച അധ്യാപികയുടെ ഇടപെടലും തുടര്‍ന്ന് ഒരു പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ വിദ്യാര്‍ഥിയെ പരസ്യമായി മര്‍ദിച്ചതുമായിരുന്നു. പ്രണയബന്ധങ്ങളില്‍പ്പെട്ടു ചതിക്കപ്പെടുകയും അതുമൂലം ആത്മഹത്യ ചെയ്യുകയും ചെയ്യുന്ന സംഭവങ്ങളുമുണ്ട്.ആത്മഹത്യ ചെയ്യുന്നവരില്‍ 70 ശതമാനം പേരും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരാണ്. പ്രഫഷനല്‍, നോണ്‍ പ്രഫഷനല്‍ എന്ന വേര്‍തിരിവ് കോഴ്‌സുകള്‍ക്ക് വന്നതോടെ മാനവിക വിഷയങ്ങള്‍ അരികുവല്‍ക്കരിക്കപ്പെട്ടു. അത്തരം കോഴ്‌സുകള്‍ അപ്രധാനവും ഭാവിയില്‍ ജോലി ലഭിക്കാന്‍ സാധിക്കാത്തതുമാണെന്ന പൊതുബോധം അത് പഠിക്കുന്ന കുട്ടികളില്‍ അപകര്‍ഷബോധം ഉണ്ടാക്കുന്നുണ്ട്. സയന്‍സ് വിഷയങ്ങള്‍ പഠിക്കുന്ന കുട്ടികളേക്കാള്‍ മാനവികവിഷയങ്ങള്‍ പഠിക്കുന്ന കുട്ടികളില്‍ ഡിപ്രഷന്‍ ലെവല്‍ കൂടുതലാണെന്നും പഠനങ്ങള്‍ പറയുന്നു.മാനസികാരോഗ്യം ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന മേഖലയാണെന്നിരിക്കെ, മാറിമാറി രാജ്യം ഭരിച്ചവര്‍ക്കു മാനസികാരോഗ്യത്തിന് അത്ര വലിയ താല്‍പര്യമില്ലെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ഇന്ത്യയില്‍ മാനസികാരോഗ്യ വിദഗ്ധരുടെ എണ്ണത്തില്‍ 87 ശതമാനം കുറവുണ്ടെന്നും 3,800 മനോരോഗ വിദഗ്ധരും 898 മനശ്ശാസ്ത്രഞ്ജരും മനശ്ശാസ്ത്ര മേഖലയിലെ 850 സാമൂഹികപ്രവര്‍ത്തകരും 1,500 മനോരോഗ നഴ്‌സുമാരും മാത്രമേ രാജ്യത്തുള്ളൂവെന്നുമാണ് ആരോഗ്യ-സാമൂഹികക്ഷേമ മന്ത്രി 2015ല്‍ ലോക്‌സഭയില്‍ നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയത്. 0.06 ശതമാനമാണ് ഇന്ത്യ മാനസികാരോഗ്യ മേഖലയില്‍ ചെലവാക്കുന്നത്. അതു നമ്മേക്കാള്‍ പല കാര്യങ്ങളിലും ഏറെ പിന്നിലായ  ബംഗ്ലാദേശിനേക്കാള്‍ (0.44%) താഴെയാണ്. പല വികസിത രാജ്യങ്ങളും മാനസികാരോഗ്യ മേഖലയുടെ ഗവേഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ബജറ്റിന്റെ 4 ശതമാനം ചെലവാക്കുമ്പോള്‍ ഇന്ത്യയുടെ നയരൂപീകരണ ചര്‍ച്ചകളില്‍ ഈ മേഖലയ്ക്ക് അര്‍ഹമായ പ്രാധാന്യം നല്‍കിയിട്ടില്ലതന്നെ.നമ്മുടെ സ്‌കൂളുകളിലും കോളജ്, സര്‍വകലാശാലാ തലങ്ങളിലും വിദ്യാര്‍ഥികളുടെ മാനസികാരോഗ്യം ഉറപ്പുവരുത്തേണ്ട വിദഗ്ധരുടെ സാന്നിധ്യം തീരെ ഇല്ലെന്നു പറയേണ്ടിവരും. എല്ലാ സ്‌കൂളുകളിലും വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സലിങ് നല്‍കാന്‍ കഴിവുള്ള മാനസികാരോഗ്യ വിദഗ്ധരുടെ സാന്നിധ്യം ഉറപ്പുവരുത്തേണ്ടതുണ്ട്. എന്നാല്‍, വിദ്യാര്‍ഥികളേക്കാള്‍ ഈ കാലത്ത് ഏറ്റവും ആവശ്യം, മക്കളോട് എങ്ങനെ സമീപിക്കണം എന്നതിനെക്കുറിച്ച് രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണ പരിപാടികളാണ്.          (കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍)

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss