|    Jan 22 Sun, 2017 7:53 pm
FLASH NEWS

വര്‍ണാഭമായ റാലിയോടെ കൊച്ചിന്‍ കാര്‍ണിവല്‍ സമാപിച്ചു

Published : 2nd January 2016 | Posted By: SMR

മട്ടാഞ്ചേരി: കാണികളുടെ കണ്ണിന് കുളിരേകി വര്‍ണാഭമായ റാലിയോടെ കഴിഞ്ഞ രണ്ടാഴ്ചക്കാലം നീണ്ടുനിന്ന കൊച്ചിന്‍ കാര്‍ണിവല്‍ ആഘോഷങ്ങള്‍ക്ക് സമാപനമായി. ഫോര്‍ട്ട്‌കൊച്ചി കെ ബി ജേക്കബ് റോഡിന്റെ ഇരുവശവും തിങ്ങി നിറഞ്ഞ ജനക്കൂട്ടത്തെ സാക്ഷി നിര്‍ത്തി കൊച്ചി മേയര്‍ സൗമിനി ജയിന്‍ കൊച്ചിന്‍ കാര്‍ണിവലിന്റെ തിടമ്പേറ്റിയതോടെയാണ് റാലിക്ക് തുടക്കമായത്.
റാലിയുടെ മുന്നില്‍ നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്‍ മാറ്റ് കൂട്ടി. ഇതിന് പിന്നിലായി പഞ്ചവാദ്യം, കഥകളി, ശിവ പാര്‍വതി നൃത്തം, കരകാട്ടം, തെയ്യം, ബൊമ്മകളി, ശിങ്കാരി മേളം, കാവടി എന്നിവയും അണി നിരന്നു. സിംഗില്‍ ഫാന്‍സിയില്‍ വിവേകാനന്ദന്‍, മാര്‍പ്പാപ്പ, ഓലക്കുടയേന്തിയ നമ്പൂതിരി സ്ത്രീ, സായിബാബ, അര്‍ദ്ധനാരീശ്വരന്‍, വാസ്‌ക്കോഡ ഗാമ, അരവിന്ദ് കെജ്രിവാള്‍, പാമ്പാട്ടി എന്നിവ നിലവാരം പുലര്‍ത്തിയപ്പോള്‍ സ്ത്രീ വേഷധാരികളുടെ അതി പ്രസരം കാണികള്‍ക്ക് അരോചകമായി മാറി. ഗ്രൂപ്പ് ഫാന്‍സികള്‍ കാര്യമായ നിലവാരം പുലര്‍ത്തിയില്ല. ടിപ്പു സുല്‍ത്താന്റെ പടയോട്ടം, ലങ്കാദഹനം, അക്രമണകാരിയായ തെരുവ് നായയെ കൊന്ന വിദേശിയെ അറസറ്റ് ചെയ്യുന്നു, പാഞ്ചാലിയും പഞ്ച പാണ്ഡവരും തുടങ്ങിയ ചുരുക്കം ഫാന്‍സികള്‍ മാത്രമേ ഗ്രൂപ്പില്‍ നിലവാരം പുലര്‍ത്തിയുള്ളൂ.
നിശ്ചല ദൃശ്യങ്ങളില്‍ കുതിരക്കൂര്‍ കരി മാതാ സ്‌പോര്‍ട്ട്‌സ് കഌബ്ബിന്റെ പാലായനം, വൈശ്യാ യൂത്ത് അസോസിയേഷന്റെ ഗൊഡ്ഡെ രാമായണം, മുല്ലപ്പറമ്പ് എവര്‍ഗ്രീന്‍ ഷട്ടില്‍ ക്ലബ്ബിന്റെ കൂനന്‍ കുരിശ്, കുമ്പളങ്ങി ഫ്രണ്ട്‌സ് കൊച്ചിന്റെ കുട്ടനാടന്‍ നെല്‍ഗ്രാമം ഒരു ഓര്‍മ്മയില്‍, ആതിര ആര്‍ട്ട്‌സിന്റെ അടിമകള്‍, തുണ്ടിപ്പറമ്പ് കാര്‍ണിവല്‍ ഫ്രണ്ട്‌സിന്റെ മഹിഷി മര്‍ദ്ദനം, കൂവപ്പാടം ജിവിപി ഫ്രണ്ട്‌സിന്റെ തലക്കല്‍ ചന്തു, കൂവപ്പാടം മില്ലനിയം ഫ്രണ്ട്‌സിന്റെ കലാ കേരളം, കൂവപ്പാടം ബ്രദേഴ്‌സിന്റെ കാശിനാഥ ക്ഷേത്രം, ഭാരത് മാതാ തുടങ്ങിയവ നിലവാരം പുലര്‍ത്തി. ആയിരങ്ങളാണ് കാര്‍ണിവല്‍ റാലി വീക്ഷിക്കുന്നതിനായി കെബി ജേക്കബ് റോഡിന്റെ ഇരുവശവും തടിച്ച് കൂടിയത്. ഫോര്‍ട്ട്‌കൊച്ചി വെളിയില്‍ നിന്നാരംഭിച്ച റാലി പരേഡ് ഗ്രൗണ്ടില്‍ സമാപിച്ചു.
റാലിക്ക് ഡൊമിനിക് പ്രസന്റേഷന്‍ എംഎല്‍എ, മേയര്‍ സൗമിനി ജയിന്‍, ഡെപ്യൂട്ടി മേയര്‍ ടി ജെ വിനോദ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എ ബി സാബു, ഷൈനി മാത്യൂ, വി കെ മിനി,നഗരസഭ പ്രതിപക്ഷ നേതാവ് കെ ജെ ആന്റണി, കൗണ്‍സിലര്‍മാരായ ഷീബാ ലാല്‍, സീനത്ത് റഷീദ്, ബിന്ദു ലെവിന്‍, കെ ജെ പ്രകാശന്‍,കെ വി പി കൃഷ്ണകുമാര്‍, ജോസ് മേരി, ശ്യാമള പ്രഭു, കാര്‍ണിവല്‍ കമ്മിറ്റി ഭാരവാഹികളായ വി ഡി മജീന്ദ്രന്‍, പി ജെ ജോസി, ജെയ്‌സന്‍ മാത്യൂ തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 103 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക