|    Dec 17 Mon, 2018 9:09 am
FLASH NEWS

വര്‍ണാഭമായി ജില്ലയില്‍ പ്രവേശനോല്‍സവം

Published : 2nd June 2018 | Posted By: kasim kzm

കാസര്‍കോട്: പൊതുവിദ്യാഭ്യാസ യജ്ഞത്തിലൂടെ മുന്നേറ്റം കുറിച്ച സ്‌കൂളുകളില്‍ അക്ഷരങ്ങളിലൂടെ പിച്ചവച്ച് അറിവിന്റെ മുറ്റത്തേക്കെത്തിയ കുരുന്നുകളെ ഉല്‍സവഛായയില്‍ വരവേറ്റു. കരഞ്ഞും വാശിപിടിച്ചും സംശയിച്ചും വന്ന കുരുന്നുകള്‍ക്ക് അത്ഭുതത്തിന്റെ പുതിയലോകം തുറക്കുകയായിരുന്നു സ്‌കൂളുകള്‍.
അമ്മമാരുടെ കൈവിടാന്‍ തയ്യാറാകാതിരുന്നവര്‍ക്ക് ബലൂണും മധുരപലഹാരങ്ങളുമൊക്കെ കിട്ടിയപ്പോള്‍ മുഖം തെളിഞ്ഞു. ഒപ്പം തൊപ്പിയും അക്ഷരങ്ങളെഴുതിയ പ്ലക്കാര്‍ഡുപകളും കിട്ടി. സ്‌നേഹത്തോടെയുള്ള അധ്യാപകരുടെ സ്വാഗതവും. വര്‍ണങ്ങള്‍ വാരിവിതറി, അലങ്കരിച്ച സ്‌കൂള്‍ അങ്കണങ്ങളും ക്ലാസ് മുറികളും ചുവരുകള്‍ ഇഷ്ടപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും മറ്റുചിത്രങ്ങളും. സ്‌കൂളുകളില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ ബാന്റ് വാദ്യങ്ങളുടെ അകമ്പടിയോടാണ് കുരുന്നുകളെ വരവേറ്റത്.
പൊതുവിദ്യാലയത്തെ സംരക്ഷിക്കുകയെന്ന മുദ്രാവാക്യം ജനങ്ങള്‍ സ്വീകരിച്ചതോടെ സര്‍ക്കാര്‍ സ്‌കുളുകളില്‍ മുന്‍വര്‍ഷത്തെക്കാള്‍ കൂടുതല്‍ കുട്ടികള്‍ പുതുതായി പ്രവേശനം തേടി. സ്മാര്‍ട്ട് ക്ലാസുകള്‍ ഉള്‍പ്പെടെ എല്ലാവിധ സൗകര്യങ്ങളും സ്‌കൂളുകള്‍ക്ക് ലഭ്യമായി. സ്‌കൂളുകളില്‍ കുട്ടികള്‍ എത്തുന്നതിന് മുമ്പു തന്നെ പാഠപുസ്തകങ്ങളും യൂനിഫോമും പൂര്‍ണമായും ലഭിച്ചു. സ്‌കൂള്‍ പരിസരങ്ങള്‍ പൂര്‍ണമായും പിടിഎയുടെയും നാട്ടുകാരുടെയും സഹായത്തോടെ ശുചീകരിച്ചിരുന്നു. പാഠഭാഗങ്ങളും ട്രെയിനും വിമാനവും ചിത്രശലഭങ്ങളും കുട്ടികളുടെ ഇഷ്ട കഥാപാത്രങ്ങളും സ്‌കൂള്‍ ചുമരുകളില്‍ നിറമുള്ള പെയിന്റുകളില്‍ വരച്ച് മനോഹരമാക്കിയിരുന്നു. കരഞ്ഞുകൊണ്ട് ക്ലാസ് മുറികളിലെത്തിയ കുട്ടികള്‍ പുതിയ കൂട്ടുകാരെ കിട്ടിയപ്പോള്‍ ആഹ്ലാദാരവത്താല്‍ തുള്ളിച്ചാടി. വിവിധ സ്ഥലങ്ങളില്‍ പിടിഎയുടേയും നാട്ടുകാരുടേയും നേതൃത്വത്തില്‍ വര്‍ണാഭമായ പ്രവേശനോല്‍സവം സംഘടിപ്പിച്ചിരുന്നു.
മൊഗ്രാല്‍: മൊഗ്രാല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലെ പ്രവേശനോല്‍സവം പഞ്ചായത്തംഗം ഖൈറുന്നിസ അബ്ദുല്‍ഖാദര്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സിദ്ദിഖ് റഹ്്മാന്‍ അധ്യക്ഷത വഹിച്ചു.
വിവിധ പരീക്ഷകളില്‍ വിജയികളായ കുട്ടികള്‍ക്കുള്ള ഉപഹാരം അഷ്‌റഫ് പെര്‍വാഡ്, കെ എ താഹിറ, എം ശിവാനന്ദന്‍ എന്നിവര്‍ വിതരണം ചെയ്തു.
കാഴ്ച്ചയില്ലാത്ത ഗായികയായ ആയിഷത്ത് ഷെറിന്‍ ശഹാനയ്ക്ക് സ്‌ക്കൂളിന്റെ വകയായുള്ള സൗണ്ട് സിസ്റ്റം പിടിഎ പ്രസിഡന്റ് നല്‍കി. സീനിയര്‍ അധ്യാപകന്‍ കെ വി മുകുന്ദന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബാലചന്ദ്രന്‍, ആയിശ, ഹെഡ്മാസ്റ്റര്‍ വി വി ഭാര്‍ഗ്ഗവന്‍, ശിഹാബ് മൊഗ്രാല്‍ സംസാരിച്ചു.
ജില്ലാതല പ്രവേശനോല്‍സവം തെക്കില്‍പറമ്പ ഗവ.യുപി സ്‌കൂളില്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. കെ കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പഠനോപകരണങ്ങളുടെ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ നിര്‍വഹിച്ചു. എല്‍എസ്എസ്്, യുഎസ്എസ് ജേതാക്കള്‍ക്ക് ഉപഹാര വിതരണം ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ്് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍ നിര്‍വഹിച്ചു.
ഭക്ഷണശാലയുടെ ഉദ്ഘാടനം ചെമനാട് പഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ഖാദര്‍ നിര്‍വഹിച്ചു. ചെമനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശകുന്തള കൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് അംഗം സുഫൈജ അബൂബക്കര്‍, കാസര്‍കോട് ബ്ലോക്ക്് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ ടി ഡി കബീര്‍, ചെമനാട് പഞ്ചായത്ത് അംഗങ്ങളായ ഷാസിയ ടീച്ചര്‍, അജന്ന പവിത്രന്‍, കാസര്‍കോട് ഡയറ്റ് പ്രിന്‍സിപ്പല്‍ പി ജയദേവന്‍, എസ്എസ്എ ഡിപിഒ പി വേണുഗോപാല്‍, ഡിഡിഇ ഡോ.ഗിരീഷ് ചോലയില്‍, ഹെഡ്മാസ്റ്റര്‍ രാധാകൃഷ്ണന്‍ കാമലം സംസാരിച്ചു.
നീലേശ്വരം: നഗരസഭാ പരിധിയിലെ 13 പൊതുവിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. 2017-18 അധ്യയന വര്‍ഷത്തില്‍ 950 കുട്ടികളാണുണ്ടായിരുന്നത്. ഇപ്രാവശ്യം 200 കുട്ടികളുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. നഗരസഭാചെയര്‍മാന്‍ പ്രഫ. കെ പി ജയരാജന്റെ നേതൃത്വത്തില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ വി ഗൗരി, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി പി മുഹമ്മദ് റാഫി, കൗണ്‍സിലര്‍മാരായ പി വി രാമചന്ദ്രന്‍, കെ വി രാധ, എം വി വനജ, കെ വി സുധാകരന്‍, കെ വി ഗീത എന്നിവര്‍ വിവിധ വിദ്യാലയങ്ങളില്‍ നടത്തിയ പരിശോനയിലാണ് 200 കുട്ടികള്‍ അധികമായി ഈ വര്‍ഷം പ്രവേശനം നേടിയതായി കണ്ടെത്തിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss