|    Jul 21 Sat, 2018 5:23 am
FLASH NEWS
Home   >  Todays Paper  >  page 7  >  

വര്‍ണാന്ധത ബാധിച്ച വിദ്യാര്‍ഥികള്‍ക്ക് എംബിബിഎസിന് പ്രവേശനാനുമതി

Published : 27th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: വര്‍ണാന്ധത ബാധിച്ച രണ്ടു വിദ്യാര്‍ഥികള്‍ക്ക് എംബിബിഎസ് പ്രവേശനം നല്‍കാന്‍ സുപ്രിംകോടതി നിര്‍ദേശം നല്‍കി. മെഡിക്കല്‍ പ്രവേശനത്തിനു നീറ്റ് പരീക്ഷ നിലവില്‍ വരുന്നതിനു മുമ്പ് 2015ല്‍ ത്രിപുര സര്‍ക്കാര്‍ നടത്തിയ എന്‍ട്രന്‍സ് പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ വര്‍ണാന്ധത ബാധിച്ച രണ്ടു വിദ്യാര്‍ഥികള്‍ക്കാണ് സുപ്രിംകോടതി വിധി തുണയായിരിക്കുന്നത്. വര്‍ണാന്ധതയുണ്ടെന്ന കാരണം പറഞ്ഞു വിദ്യാര്‍ഥികള്‍ക്ക് എംബിബിഎസ് കോഴ്‌സിനു പ്രവേശനം നിഷേധിക്കാനുള്ള ഏതെങ്കിലും നിയമപരമായ അവകാശം മെഡിക്കല്‍ കോളജുകള്‍ക്കോ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്കോ ഇല്ലെന്നു സുപ്രിംകോടതി വ്യക്തമാക്കി. വര്‍ണാന്ധത ബാധിച്ചവരാണെന്നു പറഞ്ഞ് ഈ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കുന്നതിനെ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും ത്രിപുര മെഡിക്കല്‍ കോളജും എതിര്‍ത്തിരുന്നു. ഇതിനെതിരേയാണ് വിദ്യാര്‍ഥികള്‍ സുപ്രിംകോടതിയെ സമീപിച്ചത്. ഭരണഘടനയിലെ 142ാം ചട്ടപ്രകാരം പ്രത്യേക വസ്തുതകളും സാഹചര്യങ്ങളും കണക്കിലെടുത്താണ് ഉത്തരവ് പുറപ്പെടുവിക്കുന്നതെന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. രണ്ടു വിദ്യാര്‍ഥികള്‍ക്കും 2018-19 അധ്യയന വര്‍ഷത്തില്‍ പ്രവേശനം നല്‍കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. മെഡിക്കല്‍ പ്രവേശനത്തിനു യോഗ്യത നേടിയ വര്‍ണാന്ധത ബാധിച്ച കുട്ടികളെക്കുറിച്ചു പഠിക്കുന്നതിനു സുപ്രിംകോടതി മാര്‍ച്ച് 23ന് വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. എയിംസിലെ പ്രമുഖ ഡോക്ടര്‍മാരും ഛണ്ഡീഗഡിലെ പിജിഐഎംഇആറിലെ വിദഗ്ധരുമടങ്ങിയ സംഘമാണ് പഠനം നടത്തിയത്. മുതിര്‍ന്ന അഭിഭാഷകനായ കെ വി വിശ്വനാഥനെ അമിക്കസ്‌ക്യൂറിയായും കോടതി നിയോഗിച്ചിരുന്നു. വര്‍ണാന്ധത ഡോക്ടറാവുന്നതിന് ഏതെങ്കിലും തരത്തിലുള്ള തടസ്സമല്ലെന്നാണ് വിദഗ്ധ സമിതി റിപോര്‍ട്ട് നല്‍കിയത്. പ്രമുഖ അഭിഭാഷകനായ ശുഐബ് ആലമാണ് വിദ്യാര്‍ഥികള്‍ക്കു വേണ്ടി കോടതിയില്‍ ഹാജരായത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss