|    Jun 25 Mon, 2018 10:06 am
FLASH NEWS
Home   >  Todays Paper  >  page 12  >  

വര്‍ണശബളമായ ഭാഷയില്‍ തിന്‍മ സംസാരിക്കുന്നു: എസ് രാമകൃഷ്ണന്‍

Published : 2nd February 2018 | Posted By: kasim kzm

തൃശൂര്‍: കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന 10 നാള്‍ നീണ്ടുനില്‍ക്കുന്ന ദേശീയ പുസ്തകോല്‍സവത്തിനും അക്ഷരപ്പെരുമ സാംസ്‌കാരികോല്‍സവത്തിനും അര്‍ഥസാന്ദ്രമായ തുടക്കം. പ്രശസ്ത തമിഴ് എഴുത്തുകാരന്‍ എസ് രാമകൃഷ്ണന്‍ ദേശീയ പുസ്തകോല്‍സവം ഉദ്ഘാടനം ചെയ്തു. തിന്‍മ വര്‍ണശബളമായ ഭാഷയില്‍ സമൂഹത്തെ ആകര്‍ഷിക്കുകയാണെന്നും നന്‍മ പലരും ശ്രദ്ധിക്കുന്നില്ലെന്നും ഉദ്ഘാടനപ്രസംഗത്തില്‍ എസ് രാമകൃഷ്ണന്‍ പറഞ്ഞു. നീതിക്കും നന്‍മയ്ക്കും വേണ്ടി നിലകൊള്ളുകയാണു സാഹിത്യത്തിന്റെ ധര്‍മം. എളുപ്പം എഴുതാവുന്ന ഒന്നല്ല ജീവിതം. അതിസങ്കീര്‍ണമാണത്. നീതിയും ധാര്‍മികതയും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മാത്രമേ സാഹിത്യപ്രവര്‍ത്തനം സഫലമാവുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വലിയ ദര്‍ശനങ്ങള്‍ തങ്ങളുടെ ചെറിയ ജീവിതങ്ങളിലൂടെ പകരുന്ന മാതൃകാപരമായ ജീവിതങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. സര്‍ക്കാരുകള്‍പോലും നീതിക്കുവേണ്ടി കോടതിയില്‍ പോവുന്ന കാലമാണിത്. 56 കോടി കേസുകളാണത്രേ കോടതിയില്‍ കെട്ടിക്കിടക്കുന്നത്. സത്യം പറയുന്ന കുട്ടികള്‍ക്ക് വീട്ടില്‍നിന്നുപോലും നീതി ലഭിക്കില്ലെന്ന് നമുക്കറിയാം. മലയാളത്തില്‍ നിന്ന് ഒരുപാട് പാഠങ്ങള്‍ താന്‍ പഠിച്ചിട്ടുണ്ടെന്നും ബഷീര്‍, തകഴി, ആനന്ദ്, കേശവദേവ്, പൊെറ്റക്കാട്, എംടി തുടങ്ങി നിരവധി പ്രഗല്‍ഭരായ എഴുത്തുകാര്‍ മലയാളത്തിന്റെ സമ്പത്താണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ നൊബേല്‍ പ്രൈസിന്റെ വഴിയിലാണ് ബഷീറിന്റെ സഞ്ചാരമെന്നും രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. അക്കാദമി പ്രസിഡന്റ് വൈശാഖന്‍ അധ്യക്ഷത വഹിച്ചു. സാഹിത്യത്തിന്റെ പ്രഭാവം പുനസ്ഥാപിച്ചാല്‍ മാത്രമേ വൈജ്ഞാനിക മേഖലയടക്കം എല്ലാ രംഗങ്ങളും സമ്പുഷ്ടമാവുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. എഴുത്തരങ്ങ് സാംസ്‌കാരികോല്‍സവം കേരള സംഗീത നാടക അക്കാദമി സെക്രട്ടറി എന്‍ രാധാകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. അക്ഷരപ്പെരുമ വാര്‍ത്താപത്രിക ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍ ഡോ. പി വി കൃഷ്ണന്‍ നായര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു. വിജയരാജമല്ലിക എഴുതിയ മലയാളത്തിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ കവിതാസമാഹാരം ദൈവത്തിന്റെ മകള്‍ ദീപാ നിശാന്തിനു നല്‍കി വൈശാഖന്‍ പ്രകാശനംചെയ്തു. ദൈവത്തിന്റെ മകള്‍ എന്നതുകൊണ്ടു പ്രകൃതിയുടെ മകള്‍ എന്നാണു മല്ലിക വിവക്ഷിക്കുന്നതെന്ന് വൈശാഖന്‍ പറഞ്ഞു. സര്‍ഗസ്വരം പ്രസിദ്ധീകരിച്ച ഗംഗാധരന്‍ ചെങ്ങാലൂരിന്റെ നോവല്‍ ശംബൂകന്‍’ചിത്രന്‍ നമ്പൂതിരിയും പ്രകാശനം ചെയ്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss