|    Mar 25 Sat, 2017 11:11 pm
FLASH NEWS

വര്‍ണവിസ്മയം സമ്മാനിച്ച് തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര

Published : 5th September 2016 | Posted By: SMR

തൃപ്പൂണിത്തുറ: സംസ്ഥാനത്തെ ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ രാജനഗരിയില്‍ നടന്ന അത്തച്ചമയ ഘോഷയാത്ര പ്രൗഢഗംഭീരമായി. രാവിലെ 9.30ഓടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക ഉയര്‍ത്തിയതോടെയാണ് ആഘോഷങ്ങള്‍ക്കു തുടക്കമായത്. തുടര്‍ന്ന് 10.30ഓടെ തൃപ്പൂണിത്തുറ ബോയ്‌സ് സ്‌കൂളില്‍നിന്ന് ആരംഭിച്ച അത്തച്ചമയ ഘോഷയാത്ര ആസ്വാദകരെക്കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.
ഗജവീരന്‍മാര്‍, കുമ്മാട്ടി, തെയ്യം, കഥകളി, ഓട്ടന്‍തുള്ളല്‍, ശിങ്കാരിമേളം, കഥകളി, കോല്‍ക്കളി, പൂക്കാവടി, പ്രച്ഛന്നവേഷങ്ങള്‍, നൃത്തനൃത്യങ്ങള്‍, ചെണ്ടമേളം, വിവിധ കലാരൂപങ്ങള്‍, ബാന്റുകള്‍, നിശ്ചലദൃശ്യങ്ങള്‍, പുലികളി, മയിലാട്ടം എന്നിവ ഉള്‍പ്പെടെയുള്ള വിവിധ കലാരൂപങ്ങള്‍ ഘോഷയാത്രയ്ക്ക് കൂടുതല്‍ മിഴിവേകി. സ്‌കൂള്‍ വിദ്യാര്‍ഥികള്‍, സ്റ്റുഡന്റ്‌സ് പോലിസ് കാഡറ്റുകള്‍, ആശാ വര്‍ക്കര്‍മാര്‍, നഗരസഭാധികൃതര്‍ എന്നിവരും ഘോഷയാത്രയില്‍ അണിനിരന്നു.
പുലികളിയും ശിങ്കാരിമേളവും തെയ്യവും പടയണിയും കരകാട്ടവും മയിലാട്ടവുമെല്ലാം ദൃശ്യവിരുന്നായി. തൃശൂരില്‍നിന്നെത്തിയ പുലിക്കൂട്ടങ്ങള്‍ അത്താഘോഷത്തിന് പൂരപ്പൊലിമ സമ്മാനിച്ചു. മലബാറിന്റെ കുരുത്തോല തെയ്യവും കാഴ്ചയുടെ വിസ്മയമായി മാറി. തമിഴ്‌നാടിന്റെ പരമ്പരാഗത കലാരൂപങ്ങളായ പൊയ്ക്കാല്‍ നൃത്തം, മയൂരനൃത്തം, കരകാട്ടം എന്നിവയും താളക്കൊഴുപ്പേകി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു വന്‍ ജനാവലിയാണ് തൃപ്പൂണിത്തുറയിലേക്ക് ഒഴുകിയെത്തിയത്. രാവിലെ ഒമ്പതു മുതല്‍ തന്നെ ഘോഷയാത്ര കാണാനായി തൃപ്പുണിത്തുറയുടെ പ്രധാന വീഥിയുടെ ഇരുവശങ്ങളിലും ജനങ്ങള്‍ തിങ്ങിനിറഞ്ഞിരുന്നു. സംസ്ഥാനത്തെ ഓണാഘോഷങ്ങള്‍ക്ക് കൊച്ചി തൃപ്പൂണിത്തുറയിലെ അത്തച്ചമയത്തോടെയാണ് തുടക്കം കുറിക്കുന്നത്. ബോയ്‌സ് സ്‌കൂളില്‍നിന്ന് ആരംഭിച്ച ഘോഷയാത്ര സ്റ്റാച്യു ജങ്ഷന്‍ വഴി എന്‍ എമ്മിലൂടെ വടക്കേകോട്ടയും കിഴക്കേകോട്ടയും കടന്ന് പൂര്‍ണത്രയീശ ക്ഷേത്രത്തിലൂടെ കടന്ന് ഉച്ചയ്ക്ക് 2.30ഓടെ തിരികെ ബോയ്‌സ് സ്‌കൂളില്‍ തന്നെ സമാപിച്ചു.
രാജഭരണത്തില്‍ തന്നെ ആരംഭിച്ച അത്തച്ചമയ ഘോഷയാത്ര കുറച്ചുനാള്‍ നിന്നുപോയെങ്കിലും പിന്നീട് പുനരാരംഭിക്കുകയായിരുന്നു. തൃപ്പൂണിത്തുറ നഗരസഭയുടെ കീഴിലാണ് ഇപ്പോള്‍ അത്തച്ചമയ ഘോഷയാത്രയും ആഘോഷവും നടക്കുന്നത്. ഇനിയുള്ള 10 നാള്‍ തൃപ്പൂണിത്തുറയില്‍ ഉല്‍സവപ്രതീതിയാണ്. ഓണാഘോഷത്തിന്റെ ഉദ്ഘാടനസമ്മേളനത്തില്‍ മുന്‍ മന്ത്രി അനൂപ് ജേക്കബ് എംഎല്‍എ, എം സ്വരാജ് എംഎല്‍എ, മുന്‍ എംപി പി രാജീവ്, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ചന്ദ്രികാദേവി, വൈസ് ചെയര്‍മാന്‍ ഒ വി സലിം, നിരവധി സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

(Visited 41 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക