|    Jun 25 Mon, 2018 2:19 am
FLASH NEWS

വര്‍ണവിരുന്നായി പ്രവേശനോല്‍സവം

Published : 2nd June 2018 | Posted By: kasim kzm

പാലക്കാട്: ആദ്യമായി കലാലയമുറ്റത്തേക്കെത്തുന്ന കൊച്ചു കൂട്ടുകാര്‍ക്ക് വര്‍ണാഭമായ വിരുന്നൊരുക്കി സ്‌കൂള്‍ പ്രവേശനോല്‍സവം. രക്ഷിതാക്കളുടെ കൈ പിടിച്ചു സ്‌കൂളില്‍ ചേരാന്‍ വന്ന ഒരു കുട്ടിയുടെ മുഖത്തും പരിഭവമില്ലാതിരിക്കാന്‍ അധ്യാപകരും ഏട്ടന്‍മാരും ശ്രദ്ധിച്ചു. സ്‌കൂള്‍ മുഴുവന്‍ തോരണങ്ങളാലും ബലൂണുകളാലും അലങ്കരിച്ചു. വര്‍ണതൊപ്പിയും ബലൂണുകളും നല്‍കി സ്വീകരിക്കാന്‍ അധ്യാപകര്‍ മുന്നിലുണ്ട്. കുഞ്ഞുങ്ങളെ വരവേല്‍ക്കുന്ന സ്വാഗതഗാനവും. അധ്യാപകര്‍ കുട്ടികള്‍ക്ക് രസകരമായി ക്ലാസെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ കണ്ട് അദ്ഭുത ലോകത്തിലായിരുന്നു പുതുതായി സ്‌കൂളില്‍ ചേര്‍ന്ന കുട്ടികള്‍. ജില്ലയില്‍ സ്‌കൂള്‍ പ്രവേശനോല്‍സവം കോങ്ങാട് ഗവ.യുപി സ്‌കൂളില്‍ വര്‍മക്കാഴ്ചകളൊരുക്കിയാണ് നടന്നത്.
വിദ്യാര്‍ഥികളുടെ ഹാജര്‍ കുറയാതിരിക്കുന്നതിനും 220 അധ്യയന ദിവസങ്ങള്‍ നിര്‍ബന്ധമാക്കുന്നതിനുമാണ് മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ജൂണ്‍ ഒന്നിനു തന്നെ സ്‌കൂള്‍ തുറക്കുന്നതെന്ന് പ്രവേശനോല്‍സവം ഉദ്ഘാടനം ചെയ്ത കെ വി വിജയദാസ് എംഎല്‍എ പറഞ്ഞു. സകൂള്‍ തുറക്കുന്നതിനു മുമ്പു തന്നെ പാഠപുസ്തകങ്ങളും യൂനിഫോമും വിതരണം ചെയ്തത് സര്‍ക്കാരിന്റെ അഭിമാനകരമായ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ മികച്ച വിദ്യാഭ്യാസ നയങ്ങളുടെ ഫലമായി അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ നിന്നും കുട്ടികള്‍ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് വരാന്‍ തുടങ്ങി. സര്‍ക്കാര്‍ സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും കെ വി വിജയദാസ് എംഎല്‍എ പറഞ്ഞു.
കോങ്ങാട് സ്‌കൂളില്‍ നാല് ലക്ഷത്തോളം ചെലവഴിച്ച് വിദ്യാര്‍ഥികള്‍ക്ക് രാവിലെയും ഉച്ചയ്ക്കും സൗജന്യ ഭക്ഷണം നല്‍കാന്‍ നിര്‍മിച്ച സ്റ്റീം കിച്ചന്റെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടന്നു. ഈ അധ്യയന വര്‍ഷത്തില്‍ 138 കുട്ടികളാണ് കോങ്ങാട് ഗവ.യു.പി.സ്‌കൂളില്‍ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയിരിക്കുന്നത്. പ്രീ പ്രൈമറി വിഭാഗത്തില്‍ 235 കുട്ടികളുമുണ്ട്. ഇവരുള്‍പ്പെടെ 450 ഓളം കുട്ടികള്‍ക്ക് സൗജന്യ പഠനോപകരണ കിറ്റ് വിതരണം ചെയ്തു. വിദ്യാഭ്യാസ വകുപ്പിന്റെ ഹരിത വിദ്യാലയം റിയാലിറ്റി ഷോയില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടിയ സ്‌കൂളാണ് കോങ്ങാട് ഗവ.യുപി സ്‌കൂള്‍. വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി നിറവ് എന്ന പേരില്‍ ലൈബ്രറി, കുട്ടികളെ തെറ്റുകൂടാതെ മലയാളം എഴുതാന്‍ പഠിപ്പിക്കുന്ന മലയാള തിളക്കം തുടങ്ങി മികച്ച പ്രവര്‍ത്തനങ്ങള്‍ സ്‌കൂളില്‍ നടത്തുന്നുണ്ട്.
പ്രവേശനോത്സവത്തില്‍ ജില്ലാപഞ്ചായത്ത് വൈസ്പ്രസിഡന്റ് ടി കെ നാരായണദാസ് അധ്യക്ഷനായി. പാലക്കാട് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് എം പി ബിന്ദു, ജില്ലാപഞ്ചായത്ത് അംഗം സി കെ രജനി, കോങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ലത, പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്—സണ്‍ കെ സുഭദ്ര, കോങ്ങാട് ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് വി സേതുമാധവന്‍, വിദ്യഭ്യാസവകുപ്പ്  ഉദ്യോഗസ്ഥര്‍  പങ്കെടുത്തു.
തിരുവേഗപുറ പഞ്ചായത്തിലെ നരിപറമ്പ് ഗവ.യുപി സ്‌കൂളിലാണ് പട്ടാമ്പി താലൂക് തല പ്രവേശനോത്സവം നടന്നത്. എംഎല്‍എ മുഹമ്മദ് മുഹസിന്‍ താലൂക് തല പ്രവേശനോത്സവം ഉല്‍ഘാടനം ചെയ്തു.തിരുവേഗപുറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി പി ശാരദ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എം മുഹമ്മദലി മുഖ്യതിഥിയായി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി പി ഇന്ദിര ദേവി,  ടിപി കേശവന്‍,  അസീസ്, കെ.കെ റൈഹാനത്ത പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss