|    Apr 21 Sat, 2018 2:51 pm
FLASH NEWS

വര്‍ണക്കാഴ്ചകളുമായി ശിശുദിനാഘോഷം

Published : 15th November 2015 | Posted By: SMR

കൊച്ചി: ഭാവിയുടെ സമ്പത്തായ കുട്ടികളിലൂടെ നല്ല സമൂഹത്തെ വാര്‍ത്തെടുക്കുന്നതിനായി ഒറ്റക്കെട്ടായി മുന്നേറണമെന്ന് ജില്ല കലക്ടര്‍ എം ജി രാജമാണിക്യം. ജില്ല ഭരണകൂടത്തിന്റെയും ജില്ല ശിശുക്ഷേമ സമിതിയും സംയുക്താഭിമുഖ്യത്തില്‍ ശിശുദിനാഘോഷം 2015 എറണാകുളം ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുട്ടികള്‍ക്കെതിരേ വര്‍ധിച്ചുവരുന്ന അതിക്രമങ്ങളും ദ്രോഹങ്ങളും അവസാനിപ്പിക്കുന്നതിന് സമൂഹത്തെ ബോധവല്‍ക്കരിക്കേണ്ടത് അത്യാവശ്യമാണ്. സംസ്ഥാനത്തെ ഓരോ സ്‌കൂളും കേന്ദ്രീകരിച്ച് അതിനുവേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തണം. കുടുംബങ്ങളില്‍ നിന്നും കുട്ടികള്‍ക്ക് ഇതിനു വേണ്ട പിന്തുണയും മാര്‍ഗനിര്‍ദേശങ്ങളും നല്‍കണം. കുട്ടികളുടെ സമസ്ത മേഖലകളിലേയും മുന്നേറ്റത്തിന് ഉതകുന്ന രീതിയില്‍ ജില്ല ഭരണകൂടത്തിന്റെ അധീനതയിലുള്ള ചില്‍ഡ്രന്‍സ് പാര്‍ക്ക് നവീകരിക്കുമെന്നും അടുത്ത വര്‍ഷത്തെ ശിശുദിനാഘോഷങ്ങള്‍ വിപുലമായി സജ്ജീകരിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും കലക്ടര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
രാജേന്ദ്രമൈതാനിയില്‍ നിന്നും ആരംഭിച്ച ശിശുദിന റാലി കലക്ടര്‍ ഫഌഗ്ഓഫ് ചെയ്തു. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള അയ്യായിരത്തോളം കുരുന്നുകള്‍ റാലിയില്‍ പങ്കെടുത്തു. ആഘോഷത്തോടനുബന്ധിച്ച് നടന്ന സമാപന പരിപാടിയില്‍ കുട്ടികള്‍ക്കായി കിറ്റി ഷോ, മാജിക്ക് ഷോ, സിനിമാ പ്രദര്‍ശനം എന്നിവ നടന്നു. റാലിയില്‍ മികച്ച പ്രകടനം കഴ്ചവച്ച സ്‌കൂളുകള്‍ക്കുള്ള സമ്മാനങ്ങള്‍ പരിപാടിയില്‍ വിതരണം ചെയ്തു.
റാലിയില്‍ സര്‍ക്കാര്‍ സ്‌കളുകളില്‍ നിന്നും മികച്ച പ്രകടനം കാഴ്ചവച്ച ഗവ. ഗേള്‍സ് എല്‍പി സ്‌കൂളിന് ഒന്നാം സ്ഥാനവും വെണ്ണല ഗവ. എല്‍പി സ്‌കൂളിന് രണ്ടാം സ്ഥാനവും ലഭിച്ചു. എയ്ഡഡ് സ്‌കൂളുകളില്‍ നിന്നും മികച്ച പ്രകടനം കാഴ്ചവച്ച എറണാകുളം സെന്റ് തെരേസാസ് സ്‌കൂളിനാണ് റാലിയില്‍ ഒന്നാംസ്ഥാനം ലഭിച്ചത്. രണ്ടാം സ്ഥാനം സെന്റ് മേരീസ് കോണ്‍വെന്റ് സ്‌കൂളിനും ലഭിച്ചു.
കുട്ടികളുടെ ചാച്ചയായി തിരഞ്ഞെടുക്കപ്പെട്ട ഷിസ്‌ന സാജന്‍ അധ്യക്ഷത വഹിച്ചു. അമുത സുമി സജി, ചൈല്‍ഡ്‌ലൈന്‍ ഡയറക്ടര്‍ ഫാ. ഗില്‍ട്ടന്‍, ഡിഇഒ സുഭദ്രവല്ലി, എഇഒ ആര്‍ ശ്രീകല, എം അഹല്ല്യ , എം ബി അഭിരാമി സംസാരിച്ചു.
കാലടി: ശ്രീമൂലനഗരം സര്‍ക്കാര്‍ എല്‍പി സ്‌കൂളില്‍ നടന്ന ശിശുദിനാഘോഷം സ്വാതന്ത്ര്യസമരസേനാനി വി നാരായണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ വി എ മുഹമ്മദ് അധ്യക്ഷതവഹിച്ചു. പിടിഎ പ്രസിഡന്റ് കെ എ നൗഷാദ്, വി പി സുകുമാരന്‍, പി എസ് നൗഷാദ്, എം പി ലോനപ്പന്‍, കെ എം പ്രസന്നകുമാരി സംസാരിച്ചു. കലാപരിപാടികളും സ്‌നേഹവിരുന്നുമുണ്ടായിരുന്നു.
കാലടി: കാഞ്ഞൂര്‍ പഞ്ചായത്ത് ആറാം വാര്‍ഡില്‍ അങ്കണവാടികളുടെ സംയുക്താഭിമുഖ്യത്തില്‍ ശിശുദിനാഘോഷം നടത്തി. വാര്‍ഡ് മെംബര്‍ അമ്പിളി ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. വെല്‍ഫെയര്‍ കമ്മിറ്റിയംഗം ടി എന്‍ വേലായുധന്‍ അധ്യക്ഷതവഹിച്ചു. നീതു ശരത്ത്, രമ മോഹന്‍, ശാന്ത വര്‍ഗീസ്, സരജ സുരഭി സംസാരിച്ചു. ശിശുദിനറാലിയും നടന്നു.
കളമശ്ശേരി: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 125ാം ജന്മദിനത്തിന്റെ ഭാഗമായി കളമശ്ശേരി നഗരസഭയിലെ വിവിധ അങ്കണവാടികളുടെ ആഭിമുഖ്യത്തില്‍ ശിശുദിനറാലിയും കലാമല്‍സരങ്ങളും നടന്നു. വിവിധ വാര്‍ഡുകളില്‍ നടന്ന ആഘോഷപരിപാടികള്‍ നഗരസഭാ കൗണ്‍സിലര്‍മാര്‍ ഉദ്ഘാടനം ചെയ്തു. ഘോഷയാത്രയിലും ഉദ്ഘാടന ചടങ്ങിലും രക്ഷിതാക്കള്‍, അങ്കണവാടി ടീച്ചര്‍മാര്‍, പൊതുപ്രവര്‍ത്തകര്‍ പങ്കെടുത്തു.
മട്ടാഞ്ചേരി: മട്ടാഞ്ചേരിയില്‍ വിവിധ അങ്കണവാടികളുടെ നേതൃത്വത്തില്‍ ശിശുദിനം ആഘോഷിച്ചു. നഗരസഭ ഇരുപത്തിയെട്ടാം ഡിവിഷനിലെ അങ്കണവാടികളുടെ നേതൃത്വത്തില്‍ റാലിയും യോഗവും സംഘടിപ്പിച്ചു. ഫോര്‍ട്ട്‌കൊച്ചി പള്ളത്ത് രാമന്‍ ഹാളില്‍ നടന്ന പരിപാടി കൗണ്‍സിലര്‍ ബെന്നി ഫര്‍ണാണ്ടസ് ഉദ്ഘാടനം ചെയ്തു. എട്ട് അങ്കണവാടികളാണ് ഡിവിഷനിലുള്ളത്. ചാച്ചാജിയുടെ വേഷം ധരിച്ചാണ് കുട്ടികള്‍ പരിപാടിയിലെത്തിയത്. അധ്യാപകരും രക്ഷകര്‍ത്താക്കളും പരിപാടിയില്‍ പങ്കെടുത്തു. കൗണ്‍സിലറുടെ വകയായി കുട്ടികള്‍ക്ക് സമ്മാനവും മധുര പലഹാരങ്ങളും നല്‍കി. ചടങ്ങില്‍ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. സഫിയ ടീച്ചര്‍, സിന്ധു, മീര സംസാരിച്ചു.
നഗരസഭ രണ്ടിടത്ത് ഡിവിഷനിലെ പത്ത് അങ്കണവാടികളുടെ നേതൃത്വത്തില്‍ ശിശുദിന റാലിയും യോഗവും നടത്തി. ഫോര്‍ട്ട്‌കൊച്ചി മെഹബൂബ് മെമ്മോറിയല്‍ പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ കൗണ്‍സിലര്‍ സീനത്ത് റഷീദ് ഉദ്ഘാടനം ചെയ്തു. ചാച്ചാജിയുടെ വേഷമണിഞ്ഞ് കുട്ടികള്‍ നടത്തിയ റാലി ശ്രദ്ധേയമായി.
അധ്യാപകരായ ഹഫ്‌സത്ത്, സാജിദ, ഷംഷാബീവി, നെഫീസ, ജയശ്രീ, റോസ്‌ലി, രേഷ്മ, സഫൂറ, ജലജ, പങ്കജാക്ഷി സംസാരിച്ചു. തുടര്‍ന്ന് പായസ വിതരണവും നടന്നു. നഗരസഭ ഇരുപത്തിയഞ്ചാം ഡിവിഷനില്‍ നടന്ന റാലിയും യോഗവും കൗണ്‍സിലര്‍ ഫ്രാന്‍സിസ് ആന്റണി ഉദ്ഘാടനം ചെയ്തു. നഗരസഭ മുപ്പതാം ഡിവിഷനില്‍ നടന്ന പരിപാടി കൗണ്‍സിലര്‍ ഷാകൃത ഉദ്ഘാടനം ചെയ്തു. റെഡ് റോസ് കള്‍ച്ചറള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ജവഹര്‍ ജയന്തിയുടെ ഭാഗമായി ചുള്ളിക്കള്‍ നെഹ്‌റു സ്‌ക്വയറില്‍ സമാധാനത്തിന്റെ വെള്ളരി പ്രാവുകളെ പറത്തി. പരിപാടി എന്‍ കെ എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. കെ എസ് മുഹൂര്‍ത്ത ജെറീസ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ: സാജന്‍ മണ്ണാളി, ടി എം റിഫാസ്, എം യു ഹാരിസ് സംസാരിച്ചു.
മൂവാറ്റുപുഴ: പായിപ്ര ഗ്രാമപ്പഞ്ചായത്ത് ആറാം വാര്‍ഡിലെ 61ാം നമ്പര്‍ അങ്കണവാടിയുടെ ആഭ്യമുഖ്യത്തില്‍ സംഘടിപ്പിച്ച ശിശുദിന റാലി ജില്ലാ പഞ്ചായത്ത് മെംബര്‍ എന്‍ അരുണ്‍ ഫഌഗോഫ് ചെയ്തു. വാര്‍ഡ് മെംബര്‍ എ ജി മനോജ് അധ്യക്ഷത വഹിച്ചു. മുന്‍പഞ്ചായത്ത് മെംബര്‍മാരായ സുലൈഖ മക്കാര്‍, ബൈജു ശിവന്‍, വി എം നവാസ്, അങ്കണവാടി ടീച്ചര്‍ കെ എസ് അജിത, ഹെല്‍പ്പര്‍ എം എം സുനി സംസാരിച്ചു. അങ്കണവാടിയിലെ കുരുന്നുകള്‍ക്ക് മുധുരപലഹരങ്ങളും വിതരണം ചെയ്തു.
മരട്: ചാച്ചാ നെഹറുവിനോടുള്ള സ്‌നേഹ സ്മരണ പുതുക്കി പനങ്ങാട് മുണ്ടേമ്പള്ളി അങ്കണവാടിയിലെ കുരുന്നുകള്‍ റാലി നടത്തി. പുതുതായി തിരഞ്ഞെടുക്കപ്പെട്ട വാര്‍ഡ് മെംബര്‍ മിനി പ്രകാശന് കുഞ്ഞുങ്ങളും അമ്മമാരും ചേര്‍ന്ന് സ്വീകരണം നല്‍കി. ഡോ. ഗോപിനാഥ് പനങ്ങാട്, ഡോ. ടി പി ബാബു, മിനി പ്രകാശന്‍, ഗ്രേസിടീച്ചര്‍, മുണ്ടെമ്പള്ളി വേണുഗോപാല്‍ സംസാരിച്ചു. നെട്ടൂര്‍ 32, 26ാം നമ്പര്‍ അങ്കണവാടിയിലെ കുരുന്നുകള്‍ നടത്തിയ റാലിയില്‍ ടീച്ചര്‍മാരും പുതിയ കൗണ്‍സിലര്‍മാരും പങ്കെടുത്തു.
മല്‍സരങ്ങളും നടക്കുകയുണ്ടായി. മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് സമ്മാനങ്ങളും നല്‍കി. മരട്, തൃപ്പൂണിത്തുറ, കുമ്പളം, പനങ്ങാട്, നെട്ടൂര്‍ ഭാഗങ്ങളിലെ അങ്കണവാടികളിലെല്ലാം റാലിയും പരിപാടികളും സംഘടിപ്പിച്ചും വര്‍ണ്ണാഭമായ ബലൂണുകളും മറ്റും കൊണ്ട് അലങ്കരിച്ചും ശിശുദിനാഘോഷം വമ്പിച്ച രീതിയില്‍ ആഘോഷിച്ചു.
പെരുമ്പാവൂര്‍: നഗരസഭ 14ാം വാര്‍ഡ് 169ാം നമ്പര്‍ അങ്കണവാടിയില്‍ നടത്തിയ ശിശുദിനാഘോഷങ്ങളുടെ ഉദ്ഘാടനം വാര്‍ഡു മെംബര്‍ ഓമന സുബ്രഹ്മണ്യന്‍ നിര്‍വഹിച്ചു. ശിശുദിന റാലി പെരുമ്പാവൂര്‍ ആര്‍ടി ഓഫിസിലെ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ രജ്ഞിത് ഉദ്ഘാടനം ചെയ്തു. അങ്കണവാടി അധ്യാപിക ഗസ്‌ന കെ നാരായണന്‍, കെ ഐ സുബൈദ, എ വി ഫിലിപ്പ്, വിജീഷ് മോഹനന്‍, അംബിക, ആര്‍ കെ ലളിതകുമാരി സംസാരിച്ചു.
വാഴക്കുളം മാവിന്‍ചുവട് 65ാം നമ്പര്‍ അങ്കണവാടിയില്‍ ശിശുദിനാഘോഷം നടത്തി. വാര്‍ഡ് മെംബര്‍ ഷെറീന ബഷീര്‍ ഉദ്ഘാടനം ചെയ്തു. ശിശുദിന റാലിക്ക് അങ്കണവാടി ടീച്ചര്‍ സന്ധ്യ അനില്‍, ഹെല്‍പ്പര്‍ പാത്തു ഹംസ, കമ്മറ്റി അംഗം അനില്‍ തൂമ്പായില്‍ നേതൃത്വം നല്‍കി.
മുടിക്കല്‍ 62ാം നമ്പര്‍ അങ്കണവാടി വെല്‍ഫെയര്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശിശുദിനം ആഘോഷിച്ചു. കമ്മിറ്റിയംഗം വി പി മുസ്തഫ അധ്യക്ഷത വഹിച്ചു. വാര്‍ഡു മെംബര്‍ സനിത റഹീം ശിശുദിന സന്ദേശം നല്‍കി. ജബ്ബാര്‍ ജലാല്‍, കെ കെ റഫീക്ക്, എം എം നജീബ്, അന്‍സാര്‍ മേനോക്കുടി, ഗിരിജ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss