|    Nov 21 Wed, 2018 9:09 am
FLASH NEWS

വര്‍ഗീസ് രക്തസാക്ഷി ദിനം നാളെ, പ്രത്യേക സുരക്ഷാ നിര്‍ദേശമില്ലാതെ പോലിസ്

Published : 17th February 2018 | Posted By: kasim kzm

മാനന്തവാടി: അടിയോരുടെ പെരുമന്‍ സഖാവ് വര്‍ഗീസിന്റെ 49ാം രക്തസാക്ഷി ദിനാചരണം നാളെ നടക്കുമ്പോള്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ജില്ലയില്‍ പ്രത്യേക കര്‍ശനസുരക്ഷാ നിര്‍ദേശങ്ങളില്ല.
ജില്ലയില്‍ മാവോവാദി സാന്നിധ്യം സ്ഥിരീകരിച്ച ശേഷം കഴിഞ്ഞ അഞ്ചു വര്‍ഷമായി വര്‍ഗീസ് രക്തസാക്ഷിദിനം കനത്ത സുരക്ഷയിലാണ് ആചരിച്ചിരുന്നത്. ഇത്തരം ദിനങ്ങള്‍ മാവോവാദികള്‍ ആക്രമണത്തിനു തിരഞ്ഞെടുത്തേക്കുമെന്ന നിരീക്ഷണത്തിലായിരുന്നു പോലിസ് മുന്‍കരുതല്‍.
സിപിഐ (എംഎല്‍) ഇരുവിഭാഗങ്ങളും പ്രത്യേകം രക്തസാക്ഷി ദിനം ആചരിക്കുന്നുണ്ടെങ്കിലും മാവോവാദി അനുകൂല നിലപാടെടുക്കുന്നതായി പോലിസ് കരുതുന്ന ‘പോരാട്ട’ത്തിന്റെ രക്തസാക്ഷി ദിനാചരണമാണ് ഗൗരവമായി നിരീക്ഷിച്ചിരുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലും ജില്ലയില്‍ അനുസ്മരണം നടത്തിയ ‘പോരാട്ടം’  ജില്ലയിലെവിടെയും അനുസ്മരണ പരിപാടികള്‍ നടത്താതെ 19ന് കണ്ണൂരിലാണ് പരിപാടി നടത്തുന്നത്.
അതോടൊപ്പം നിലമ്പൂര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോവാദികളുടെ രക്തസാക്ഷി ദിനത്തില്‍ പോലീസ് മുമ്പെങ്ങുമില്ലാത്ത ജാഗ്രത പുലര്‍ത്തുകയും നിരവധി പേരെ സംശയത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്‌തെങ്കിലും യാതൊരു അനിഷ്ട സംഭവങ്ങളുമുണ്ടായിരുന്നില്ല.
ഇതോടെ ജനങ്ങളെ ഭയപ്പെടുത്തുന്ന വിധത്തിലുള്ള ജാഗ്രത വേണ്ടെന്ന നിലപാടിലാണ് പോലിസ്. എങ്കിലും പ്രത്യേക നിരീക്ഷണങ്ങള്‍ ഏര്‍പ്പെടുത്താനും സജ്ജരായിരിക്കാനും പോലിസ് സ്‌റ്റേഷനുകളില്‍ നിര്‍ദേശമുണ്ട്.
വെള്ളമുണ്ടയില്‍ മെച്ചപ്പെട്ട കുടുംബത്തില്‍ ജനിച്ച് സമൂഹത്തിന്റെ വസന്തം സ്വപ്‌നം കണ്ട് വിപ്ലവത്തിനിറങ്ങിയ വര്‍ഗീസ് 1970 ഫെബ്രുവരി 18നായിരുന്നു തിരുനെല്ലിയിലെ കമ്പമലയില്‍ പോലിസ് വെടിയേറ്റു കൊല്ലപ്പെട്ടത്.
ഏറ്റുമുട്ടലിലൂടെയാണ് വര്‍ഗീസ് കൊല്ലപ്പെട്ടതെന്ന പോലിസ് ഭാഷ്യമായിരുന്നു പ്രചരിപ്പിക്കപ്പെട്ടത്. പിന്നീട് അന്നത്തെ പോലിസ് സംഘത്തിലുണ്ടായിരുന്ന ഹെഡ് കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായരുടെ വെളിപ്പെടുത്തലോടെയാണ് നിരായുധനായ വര്‍ഗീസിനെ പോലിസ് വെടിവച്ചു കൊല്ലുകയായിരുന്നുവെന്നു തെളിഞ്ഞത്. 1999ല്‍ കേസ് സിബിഐ ഏറ്റെടുക്കുകയും വെടിവയ്പിന് നേതൃത്വം നല്‍കിയ പോലിസ് ഐജി ലക്ഷ്മണയുള്‍പ്പെടെ ശിക്ഷിക്കപ്പെടുകയുമുണ്ടായി.
ജില്ലയിലെ ആദിവാസികളെയും കര്‍ഷകരെയും സംഘടിപ്പിച്ച് ജനകീയ വിപ്ലവത്തിന് തുടക്കംകുറിച്ച വര്‍ഗീസിന്റെ സഹയാത്രികരെല്ലാം പിന്നീട് സായുധവിപ്ലവത്തില്‍ നിന്നു പിന്മാറി പലവഴികളിലായി. സിപിഐ (എംഎല്‍) ആവട്ടെ പല വിഭാഗങ്ങളായി പിളരുകയും ചെയ്തു.
നിലവില്‍ വര്‍ഗീസിന്റെ പാതയുടെ തുടര്‍ച്ചക്കാരായിട്ടാണ് മാവോവാദികളെ പോലിസ് കരുതുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss