|    Apr 21 Sat, 2018 8:42 pm
FLASH NEWS

വര്‍ഗീയ ശക്തികള്‍ക്കെതിരേ നാടൊന്നിക്കണം: എസ്ഡിപിഐ മതേതര ഇന്ത്യ സംഗമം

Published : 8th October 2016 | Posted By: Abbasali tf

കല്‍പ്പറ്റ: വര്‍ഗീയ ശക്തികള്‍ക്കതിരേ നാടൊരുമിക്കേണ്ട കാലം അതിക്രമിച്ചുവെന്ന് എസ്ഡിപിഐ സംഘടിപ്പിച്ച മതേതര ഇന്ത്യ സംഗമം അഭിപ്രായപ്പെട്ടു. സാംസ്‌കാരിക സ്ഥാപനങ്ങളുടെ നിയന്ത്രണം പിടിച്ചെടുത്തും ചരിത്രവസ്തുതകള്‍ വക്രീകരിച്ചും സിലബസുകളില്‍ കൈകടത്തിയും രാഷ്ട്രീയാധികാരത്തെ ബിജെപി ദുരുപയോഗം ചെയ്യുന്നതിന്റെ അശുഭവാര്‍ത്തകള്‍ പുതുമയല്ലാതായിരിക്കുന്നു. സമസ്ത മേഖലകളിലും ഇരച്ചുകയറി നിയന്ത്രണം സ്ഥാപിക്കാനുള്ള ഫാഷിസ്റ്റ് നീക്കങ്ങളെ  എതിര്‍ക്കുന്നവരെ അറസ്റ്റ് ചെയ്തും കേസുകളില്‍ കുരുക്കിയുമുള്ള നീക്കങ്ങള്‍ വ്യാപകമായിരിക്കുന്നു. ഹിന്ദുത്വ ദേശീയത സ്ഥാപിക്കാനുള്ള ഉപകരണമായി ചരിത്രത്തെ ദുരുപയോഗം ചെയ്യുകയാണ്. പശുവിറച്ചി സൂക്ഷിച്ചുവെന്നാരോപിച്ച് ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖിനെ ഒരുസംഘം വര്‍ഗീയവാദികള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയും രാജ്യത്തിന്റെ പല ഭാഗങ്ങളിലും കാലിക്കടത്ത് ആരോപിച്ച് ന്യൂനപക്ഷ സമുദായാംഗങ്ങള്‍ ആക്രമിക്കപ്പെടുകയും ചെയ്ത സംഭവങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന വ്യക്തമാവാന്‍ ഭരണകൂടത്തിന്റെ മൗനം മാത്രം മതി തെളിവായെന്നും സംഗമം അഭിപ്രായപ്പെട്ടു.  കേരളത്തില്‍നിന്ന് ഒരുകൂട്ടം യുവാക്കള്‍ അപ്രത്യക്ഷമായതു മുതല്‍ സംഘപരിവാരം മുസ്‌ലിം സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് കുപ്രചാരണം നടത്തുകയാണ്. ആസൂത്രിതമായ ദേശീയ അജണ്ടയുടെ ഭാഗമാണിതെന്നു വ്യക്തമായിക്കൊണ്ടിരിക്കുന്നു. വീണ്ടും ബാബരികള്‍ തകര്‍ക്കാന്‍ പര്യാപ്തമായൊരു പൊതുബോധം രാജ്യത്ത് രൂപപ്പെടുത്തിയെടുക്കാനാണ് നീക്കങ്ങള്‍. ഒരു രാഷ്ട്രം എല്ലാവിധ സംവിധാനങ്ങളോടെയും നോക്കിനില്‍ക്കെയാണ് മസ്ജിദ് തകര്‍ക്കപ്പെട്ടത്. രാജ്യത്തിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് സംഘപരിവാരം എതിര്‍ക്കുന്നവരെ നിഷ്‌കാസനം ചെയ്യുന്നത്. ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന രീതിയില്‍ പൗരന്‍മാരുടെ മൗലികാവകാശങ്ങള്‍ പരസ്പരം വകവച്ചുകൊടുത്ത് അന്യന്റെ ജീവനും സമ്പത്തിനും അഭിമാനത്തിനും നേരെ കൈ ഉയര്‍ത്താതിരിക്കുന്നതിനും പരസ്പരം സൗഹാര്‍ദത്തോടും സഹവര്‍ത്തിത്വത്തോടും കൂടി ജീവിക്കുന്നതിനും സാഹചര്യങ്ങളുണ്ടാവണം. ഇതിനു മതേതര പ്രസ്ഥാനങ്ങള്‍ ഒന്നിച്ചുനില്‍ക്കേണ്ടതുണ്ടെന്നും സംഗമം അഭിപ്രായപ്പെട്ടു. മതേരത്വം ഇന്ത്യയുടെ ജീവനാണ്, വര്‍ഗീയ ശക്തികളെ ഒറ്റപ്പെടുത്താന്‍ നമ്മളൊന്നിക്കുക എന്ന സന്ദേശത്തില്‍ എസ്ഡിപിഐ ഒക്ടോബര്‍ രണ്ടുമുതല്‍ എട്ടുവരെ ദേശവ്യാപകമായി നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായാണ് സംഗമം നടത്തിയത്. സംസ്ഥാന സെക്രട്ടറി എ കെ അബ്ദുല്‍ മജീദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി ആര്‍ കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിച്ചു. കല്‍പ്പറ്റ മൗണ്ട് താബോര്‍ പള്ളി വികാരി ഫാ. ജോഫിന്‍,  സിപിഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര, ഐഎന്‍എല്‍ ജില്ലാ സെക്രട്ടറി മുഹമ്മദ് പഞ്ചാര, ജനതാദള്‍ (യു) ജില്ലാ സെക്രട്ടറി കെ എസ് ബാബു, പിഡിപി ജില്ലാ പ്രസിഡന്റ് മൊയ്തീന്‍ ചെമ്പോത്തറ, എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ ഹംസ, സെക്രട്ടറി അഡ്വ. കെ എ അയ്യൂബ്, ടി നാസര്‍, ഇ ഉസ്മാന്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss