|    Dec 11 Tue, 2018 2:22 am
FLASH NEWS
Home   >  Todays Paper  >  page 12  >  

വര്‍ഗീയ വിഷം ചീറ്റി ഹിന്ദു ഹെല്‍പ് ലൈന്‍; പോലിസും സര്‍ക്കാരും നോക്കുകുത്തി, പ്രതീഷ് വിശ്വനാഥിനെതിരേ നടപിയെടുക്കാത്തതില്‍ ദുരൂഹത

Published : 30th April 2018 | Posted By: kasim kzm

പിസി അബ്ദുല്ല
കോഴിക്കോട്: പൊതു സമൂഹത്തില്‍ കടുത്ത മതവിദ്വേഷമുളവാക്കുന്ന വര്‍ഗീയ നുണപ്രചാരണങ്ങളുമായി ഹിന്ദു ഹെല്‍പ് ലൈനും പ്രതീഷ് വിശ്വനാഥും മുന്നേറുമ്പോള്‍ സര്‍ക്കാരും പോലിസും നിയമവും നോക്കു കുത്തിയായി തുടരുന്നു. കേരളത്തില്‍ വര്‍ഗീയ കലാപം ലക്ഷ്യമിട്ട് പ്രതീഷ് വിശ്വനാഥിന്റെ നേതൃത്വത്തില്‍ നടത്തുന്ന വിധ്വംസക പ്രചാരണങ്ങളുടെ നിരവധി തെളിവുകള്‍ പുറത്തു വന്നിട്ടും സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
ദല്‍ഹിയിലെ മദ്‌റസയില്‍ ഹിന്ദു പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തുവെന്ന പെരും നുണ പ്രചരിപ്പിച്ചാണ് ഹിന്ദു ഹെല്‍പ് ലൈന്‍ ഇപ്പോള്‍ മുസ്‌ലിംകള്‍ക്കെതിരേ കലാപത്തിന് ആഹ്വാനം ചെയ്ത് രംഗത്തുള്ളത്. മൗലവിമാരെ വെടിവച്ചു കൊല്ലണമെന്നാണ് പ്രതീഷ് വിശ്വനാഥന്റെ എഫ്ബി പോസ്റ്റ്.പതിനൊന്നുകാരിയായ ഹിന്ദു പെണ്‍കുട്ടിയെ മദ്‌റസയില്‍ തടങ്കലില്‍ വച്ചു മൗലവി ബലാല്‍സംഗം ചെയ്തുവെന്നാണ് ആര്‍എസ്എസുകാരുടെ പ്രചാരണം. വസ്തുതകള്‍ വളച്ചൊടിച്ച് നുണ പ്രചരിപ്പിക്കുകയാണ് ഹിന്ദുത്വര്‍. സംഭവത്തില്‍  തട്ടിക്കൊണ്ടുപോവലിനാണ് രണ്ടു പേര്‍ക്കെതിരേ കേസുള്ളത്, ബലാല്‍സംഗത്തിനല്ല. പെണ്‍കുട്ടിയുടെ കാമുകനായ മുസ്‌ലിം യുവാവിനും സുഹൃത്തായ ഹിന്ദു യുവാവിനുമെതിരേയാണ് തട്ടിക്കൊണ്ടുപോവല്‍ കേസ്. രണ്ടുപേരും ജയിലിലാണ്. പ്രായപൂര്‍ത്തിയാവാത്തതിനാല്‍ ഒളിച്ചോടി വിവാഹം ചെയ്യാനായിരുന്നത്രെ കമിതാക്കളുടെ തീരുമാനം. ഈ കേസില്‍ ഒരു മൗലവിയും ഉള്‍പ്പെട്ടിട്ടില്ല. ആര്‍എസ്എസും ഹിന്ദു ഹെല്‍പ് ലൈനും പ്രചരിപ്പിക്കുന്നതു പോലെ കേസ് രേഖകളിലൊന്നും ഒരു മദ്‌റസയും ഉള്‍പെട്ടിട്ടുമില്ല.
പ്രതീഷ് വിശ്വനാഥിന്റെ ഏകോപനത്തില്‍ നൂറു കണക്കിന് സൈബര്‍ ഗ്രൂപ്പുകളാണ് തീവ്ര വര്‍ഗീയതയും മുസ്‌ലിം വിദ്വേഷ നീക്കങ്ങളുമായി രംഗത്തുള്ളത്. പത്തനംതിട്ട മുരിങ്ങൂര്‍ സ്വദേശിയാണ് അഡ്വ. പ്രതീഷ് വിശ്വനാഥന്‍. ഗുരുതര പരാതികള്‍ ഇയാള്‍ക്കെതിരേ ഉയര്‍ന്നിട്ടും നടപടിയുണ്ടായില്ല. തൃപ്പൂണിത്തുറയിലെ വിവാദ യോഗാ കേന്ദ്രത്തില്‍ ലൈംഗിക പീഡനം നടക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയ യോഗാ കേന്ദ്രത്തിലെ മുന്‍  ജീവനക്കാരന്‍ കൃഷ്ണകുമാര്‍ എ വി ഹൈക്കോടതിയില്‍ നല്‍കിയ പരാതിയില്‍ പ്രതീഷിനെ കുറിച്ചുള്ള ആരോപണങ്ങളും ഉള്‍പ്പെട്ടിരുന്നു.
‘ലൗ ജിഹാദ്’ നുണക്കഥകളുടെ സൂത്രധാരന്‍ കൂടിയാണ് പ്രതീഷ്. കേരളത്തിലെ ദേശീയമാധ്യമങ്ങളും യുക്തിവാദികളും കോടതികള്‍ പോലും ഈ  കള്ളപ്രചാരണത്തിന്റെ സ്വാധീനത്തിനു വിധേയമാവുകയായിരുന്നു. പിന്നീട് അത് പൊള്ളയായെന്ന് തെളിഞ്ഞെങ്കിലും ഇന്നും ലൗ ജിഹാദ് എന്ന കള്ളപ്രചാരണത്തിന്റെ വിഷവിത്തുകള്‍ മുളപൊട്ടാന്‍ പാകത്തിലുണ്ട്. ‘ലൗ ജിഹാദി’നെതിരെ പ്രവര്‍ത്തിച്ച ഹിന്ദു ഹെല്‍പ് ലൈനിന്റെ ദേശീയ കോ-ഓഡിനേറ്റര്‍ എന്ന പദവിയില്‍ നിന്നാണ് പ്രതീഷിന്റെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍.’ലൗ ജിഹാദി’നെതിരേ എന്ന പേരില്‍ സ്ഥാപിച്ച ഹിന്ദു ഹെല്‍പ് ലൈന്‍ എന്ന സംഘടന യുവാക്കള്‍ക്ക് ആയുധപരിശീലനം അടക്കം നല്‍കുന്നതായി ആക്ഷേപമുണ്ട്. പ്രതീഷ് ഫേസ്ബുക്കിലൂടെ ഹിന്ദു യുവാക്കളോട് ആയുധം എടുക്കാന്‍ നിരവധി തവണ പരസ്യമായി ആഹ്വാനം ചെയ്യുന്നുമുണ്ട്.
അമൃതാനന്ദമയിയുടെ മുന്‍ ശിഷ്യ ഗെയ്ല്‍ ട്രെഡ്‌വെലിന്റെ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് കേരളത്തിലെ പ്രമുഖ ചാനലുകള്‍ക്കെതിരേ നിയമനടപടി സ്വീകരിച്ചത് പ്രതീഷിന്റെ നേതൃത്വത്തിലാണ്. പ്രതീഷ് പ്രചാരകനായ ഹിന്ദു ഹെല്‍പ് ലൈനിനു കോടികളുടെ സാമ്പത്തിക സഹായം ലഭിക്കുന്നതായും ആരോപണങ്ങളുണ്ട്.
ബീഫ് വിവാദവുമായി ബന്ധപ്പെട്ട് ഡല്‍ഹി കേരള ഹൗസിനെതിരേ  കള്ളപ്രചാരണത്തിനും പോലിസ് റെയ്ഡിനും ചുക്കാന്‍ പിടിച്ചതും ഇയാളാണ്. കേരള ഹൗസിലെ റെയ്ഡുമായി ബന്ധപ്പെട്ട് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതീഷിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സംസ്ഥാന സര്‍ക്കാരില്‍ നിന്നോ പോലിസില്‍ നിന്നോ നടപടികള്‍ ഒന്നുമുണ്ടായില്ല.’ലൗ ജിഹാദ്’ നുണക്കഥകള്‍ക്കു ബലമേകാന്‍  ക്രൈസ്തവ സംഘടനകളുടെ സഹായം തേടിയതും പ്രതീഷാണ്. പ്രതീഷിന്റെ നേതൃത്വത്തില്‍ മലപ്പുറത്തെ ബിജെപി പ്രവര്‍ത്തകനായ രഞ്ജിത് അബ്രഹാം തോമസിനെ ഉപയോഗിച്ച് 18ഓളം ക്രൈസ്തവ സംഘടനകളുമായി ചേര്‍ന്ന് ക്രൈസ്തവ ഹെല്‍പ് ലൈനും ആരംഭിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ ഓഫിസുമായി ഇയാള്‍ക്ക് അടുത്ത ബന്ധങ്ങളുള്ളതായി ചില കേന്ദ്രങ്ങള്‍ ആരോപിക്കുന്നുണ്ട്. നിരവധി പരാതികളുയര്‍ന്നിട്ടും പോലിസ് നടപടിയെടുക്കാത്തതിന്റെ കാരണം ഇതാണെന്നും ആക്ഷേപമുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss