|    Dec 11 Tue, 2018 3:12 am
FLASH NEWS
Home   >  Editpage  >  Lead Article  >  

വര്‍ഗീയ രാഷ്ട്രീയത്തെ ചെറുക്കണം

Published : 25th November 2018 | Posted By: kasim kzm

രാഷ്ട്രീയ കേരളം – എച്ച് സുധീര്‍
മതേതരത്വ കാഴ്ചപ്പാട് ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് രാജ്യം ഇന്നുള്ളത്. ഭാഷയിലും വേഷത്തിലും ഭക്ഷണരീതിയിലും ആചാരാനുഷ്ഠാനങ്ങളിലും വൈവിധ്യങ്ങളാല്‍ സമ്പന്നമാണ് ഇന്ത്യ. ആത്മീയതയ്ക്കും ആത്മീയനിഷേധികള്‍ക്കും ഇവിടെ സ്ഥാനമുണ്ടായിരുന്നു. ഈ വിശാലമായ കാഴ്ചപ്പാടിനാണ് ഇന്ന് ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നത്. ഭരണഘടനയുടെ അടിത്തറ മതേതരത്വമാണ്. ബഹുസ്വരതയ്ക്ക് ഭീഷണി നേരിടുമ്പോള്‍ അപകടത്തിലാവുന്നത് ജനാധിപത്യമാണ്. ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിക്കാനും വര്‍ഗീയതയും മതവിദ്വേഷവും ഭിന്നതയും വളര്‍ത്താനുള്ള നീക്കങ്ങളെ ചെറുത്തുതോല്‍പിക്കേണ്ടതും അനിവാര്യമാണ്.
നിലവില്‍ സാക്ഷരകേരളവും ചെറുത്തുതോല്‍പിക്കേണ്ടത് വര്‍ഗീയതയുടെ രാഷ്ട്രീയത്തെയാണ്. ശബരിമല വിഷയത്തിലൂടെ ബിജെപി അടക്കമുള്ള സംഘപരിവാര സംഘടനകള്‍ ഇക്കാര്യം ഏറക്കുറേ പരസ്യമായിത്തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. വിശ്വാസം എന്നതിനെ വര്‍ഗീയത കൂട്ടിക്കലര്‍ത്തി രാഷ്ട്രീയ ആയുധമാക്കി അധികാരത്തില്‍ എത്താനുള്ള മാര്‍ഗമായാണ് അവര്‍ കാണുന്നത്. ബിജെപി-ആര്‍എസ്എസ് നേതാക്കളുടെ പ്രസ്താവനകളില്‍ നിന്നുതന്നെ ഇക്കാര്യം വ്യക്തവുമാണ്. വിശ്വാസത്തിന്റെ പേരു പറഞ്ഞു ശബരിമലയില്‍ പ്രതിഷേധിക്കുന്നത് യുവതീപ്രവേശനം തടയാനല്ലെന്നും സംസ്ഥാനത്ത് ഭരണകക്ഷിയായ സിപിഎമ്മിനെതിരേയുള്ള നീക്കമാണതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി എസ് ശ്രീധരന്‍പിള്ളയുടെ നാവിലൂടെ പുറത്തുവന്നതും വര്‍ഗീയ മുതലെടുപ്പിനുള്ള ഗൂഢാലോചനയുടെ ഒടുവിലത്തെ ഉദാഹരണമാണ്.
ശ്രീധരന്‍പിള്ള തന്നെ അവരുടെ യുവജന സംഘടനയായ യുവമോര്‍ച്ചയുടെ യോഗത്തില്‍ പറഞ്ഞത് ശബരിമല സംബന്ധിച്ച സുപ്രിംകോടതി വിധിയിലൂടെ തങ്ങള്‍ക്കൊരു സുവര്‍ണാവസരമാണ് ലഭിച്ചതെന്നാണ്. എന്തിനുള്ള സുവര്‍ണാവസരം എന്നതിനുള്ള ഉത്തരം തൊട്ടുപിന്നാലെ ആര്‍എസ്എസ് നേതാവ് പി ഹരീഷ് കോഴിക്കോട്ട് നടത്തിയ പ്രസംഗത്തിലൂടെ പുറത്തുവരുകയും ചെയ്തു. ശബരിമല സമരത്തിനു കൃത്യമായ പ്ലാനുണ്ടെന്നും പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട വോളന്റിയര്‍മാരെയാണ് ശബരിമലയിലേക്ക് അയക്കുന്നതെന്നുമാണ് അദ്ദേഹം പറഞ്ഞത്.
ശബരിമലയില്‍ പ്രശ്‌നമുണ്ടാക്കിയതിന് അറസ്റ്റിലായവരുടെ കൂട്ടത്തില്‍ കൊലക്കേസ് പ്രതി മുതല്‍ 86ലേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായവരുമുണ്ട്. ഇവരൊക്കെത്തന്നെയല്ലേ മേല്‍പ്പറഞ്ഞ വോളന്റിയര്‍മാര്‍? കാര്യഗൗരവത്തോടെ വിഷയങ്ങളെ സമീപിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നവര്‍ക്ക് കാര്യങ്ങള്‍ വ്യക്തമാവും. ഇതിനെല്ലാം പുറമേ, ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ സര്‍ക്കുലറും പുറത്തുവന്നിരുന്നു. ഓരോ മണ്ഡലത്തില്‍ നിന്നും പരമാവധി പ്രവര്‍ത്തകരെ ശബരിമലയിലേക്ക് അയക്കണമത്രേ. അതതു സ്ഥലങ്ങളിലെ സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍, മോര്‍ച്ച സംസ്ഥാന ഭാരവാഹികള്‍, മേഖലാ ഭാരവാഹികള്‍ എന്നിവരാണ് നേതൃത്വം കൊടുക്കേണ്ടത്. നവംബര്‍ 18 മുതല്‍ ഡിസംബര്‍ 15 വരെയുള്ള തിയ്യതികളില്‍ ‘ഓപറേഷന്‍ ശബരിമല’ എന്ന പ്ലാനാണ് സംഘപരിവാരം ആസൂത്രണം ചെയ്തത്.
ഇതിനെല്ലാം പുറമേ, യുവതീപ്രവേശനം ആചാരലംഘനമെന്നു ചൂണ്ടിക്കാട്ടി ശബരിമല സന്നിധാനത്ത് സംഘപരിവാര സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തില്‍ പരക്കെ നടന്നതും ആചാരലംഘനമല്ലേ? വിശ്വാസികള്‍ പവിത്രമായി കാണുന്ന പതിനെട്ടാംപടിയില്‍ പിന്തിരിഞ്ഞിരുന്നാണ് ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരിയുടെ നേതൃത്വത്തില്‍ ആചാരലംഘനം നടന്നത്. ശബരിമല ക്ഷേത്രസങ്കല്‍പത്തില്‍ സോപാനത്തോളവും ശ്രീകോവിലിനോളവും തന്നെ പതിനെട്ടാംപടിക്കും പ്രാധാന്യമുണ്ട്.
ഇരുമുടിക്കെട്ട് ഇല്ലാതെ പതിനെട്ടാംപടി ചവിട്ടാന്‍ പാടില്ലെന്നാണ് ആചാരം. ആദ്യമായി മേല്‍ശാന്തി ശബരിമലയില്‍ എത്തുന്നത് ഇരുമുടിക്കെട്ടുമായാണ്. സന്നിധാനത്ത് തുടരുന്ന സമയത്ത് മേല്‍ശാന്തി നട വിട്ട് പുറത്തേക്കു വന്നാല്‍ പതിനെട്ടാംപടി ചവിട്ടാതെ വടക്കേനടയിലൂടെയാണ് തിരിച്ചുകയറുക. തന്ത്രിയും ഇരുമുടിക്കെട്ടില്ലാതെ വടക്കേനട വഴിയേ സോപാനത്തിലേക്ക് കയറാറുള്ളൂ. പതിനെട്ടാംപടിക്കു മുമ്പ് ആഴിയും അതിനു താഴെയുള്ള പടിക്കെട്ടും തുടങ്ങുന്നിടം മുതല്‍ സോപാനസങ്കല്‍പം തുടങ്ങുന്നതായാണ് വിശ്വാസം. അവിടെ കാല്‍ നനച്ചു വേണം പതിനെട്ടാംപടി ചവിട്ടാന്‍. പന്തളം രാജപ്രതിനിധിക്ക് മാത്രമാണ് ഇരുമുടിക്കെട്ടില്ലാതെ പടി ചവിട്ടാന്‍ ആചാരപ്രകാരം അവകാശമുള്ളത്. പണ്ട് ദര്‍ശനത്തിനു ശേഷം പതിനെട്ടാംപടി വഴി തിരിച്ചിറങ്ങാമായിരുന്നുവെങ്കിലും ഇപ്പോള്‍ ആ പതിവില്ല.
എന്നാല്‍, ശ്രീകോവിലിനു പുറംതിരിഞ്ഞുനിന്നായിരുന്നു തില്ലങ്കേരി പ്രതിഷേധക്കാരോട് സംസാരിച്ചത്. തുടര്‍ന്ന് ഒരുപറ്റം പ്രതിഷേധക്കാര്‍ പതിനെട്ടാംപടിയും കൈയടക്കി. നടയ്ക്കു പിന്തിരിഞ്ഞു കുത്തിയിരുന്നായിരുന്നു ഇവരുടെ പ്രതിഷേധം. പ്രതിഷേധിച്ചവരില്‍ ഒരാളുടെ കൈവശവും ഇരുമുടിക്കെട്ട് ഇല്ലായിരുന്നുവെന്നതും ഗൗരവതരമായ ആചാരലംഘനം തന്നെയാണ്. ഇങ്ങനെ ശബരിമല വിഷയത്തില്‍ ബിജെപിയുടെയും ആര്‍എസ്എസിന്റെയും നിലപാടുകള്‍ പരിശോധിച്ചാല്‍ ആചാരസംരക്ഷണമല്ല ഇക്കൂട്ടരുടെ ലക്ഷ്യമെന്നത് മനസ്സിലാക്കാന്‍ അധികം ബുദ്ധിമുട്ടേണ്ട കാര്യമില്ല. പ്രത്യേക ബോധവല്‍ക്കരണത്തിന്റെയും ആവശ്യമില്ല.
എന്നാല്‍, ഗോസംരക്ഷണവും അയോധ്യയും അടക്കമുള്ള വിഷയങ്ങളില്‍ വര്‍ഗീയ കാര്‍ഡിറക്കി കളിക്കുന്ന കേന്ദ്രം ഭരിക്കുന്ന ബിജെപിയെ തറപറ്റിക്കാന്‍ കഴിവുള്ള പാര്‍ട്ടിയായി ഇന്ത്യന്‍ മതേതരത്വസമൂഹം കാണുന്ന കോണ്‍ഗ്രസ്സിലെ കേരള നേതാക്കള്‍ക്ക് ശരിക്കും ബോധവല്‍ക്കരണത്തിന്റെ ആവശ്യമുണ്ടെന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ശബരിമല വിഷയത്തിലൂടെ കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ പറ്റുമോയെന്ന പരീക്ഷണത്തിലാണ് ബിജെപി. അതിന് വെള്ളവും വളവുമായി നില്‍ക്കുന്നതാവട്ടെ, കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളും.
ശബരിമലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ കൂട്ടംകൂടി നില്‍ക്കുന്ന തീര്‍ത്ഥാടകരെ പിടികൂടാനോ, തടഞ്ഞുനിര്‍ത്തി അറസ്റ്റു ചെയ്യാനോ ഉള്ളതല്ലെന്നത് എല്ലാവര്‍ക്കും വ്യക്തമുള്ള കാര്യമാണ്. ഭക്തരെ തടയുകയും സംഘര്‍ഷം ഉണ്ടാക്കുകയും ചെയ്യുന്നവരെ നേരിടാന്‍ വേണ്ടിയാണ് 144 പോലുള്ള നിയന്ത്രണങ്ങള്‍ പോലിസ് നടപ്പാക്കിയിട്ടുള്ളത്. ഏറക്കുറേ ഈ നിയന്ത്രണങ്ങള്‍ വിശ്വാസികളായ തീര്‍ത്ഥാടകര്‍ക്ക് സുഖകരമായ രീതിയില്‍ അയ്യപ്പദര്‍ശനത്തിന് അവസരമുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. നിരോധനാജ്ഞ ഏര്‍പ്പെടുത്തുന്നതിനെതിരേയാണ് തങ്ങളുടെ സമരമെന്നാണ് യുഡിഎഫ് പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് കേവലം മൂന്നു മണിക്കൂര്‍ നേരം നിലയ്ക്കലിലും പമ്പയിലും സന്ദര്‍ശനം നടത്തിയ യുഡിഎഫ് സംഘം സന്നിധാനത്തേക്ക് പോയതുമില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഉള്‍പ്പെടെ നേതാക്കളുടെ വലിയൊരു നിരയാണ് നിരോധനാജ്ഞ ലംഘിക്കാന്‍ എത്തിയത്.
നിരോധനാജ്ഞാലംഘനമാണ് മുഖ്യ അജണ്ടയെന്നും അതുകൊണ്ട് തങ്ങളെ അറസ്റ്റു ചെയ്യണമെന്നുമാണ് പ്രതിപക്ഷ നേതാവ് പോലിസിനോട് ആവശ്യപ്പെട്ടത്. എന്നാല്‍, അവിടെയുണ്ടായിരുന്ന ക്ഷമാശീലരായ പോലിസുകാര്‍ ഭക്തരെ തടയുകയും അക്രമിക്കുകയും ചെയ്യുന്നവരെ മാത്രമേ അറസ്റ്റു ചെയ്യുകയുള്ളൂവെന്ന് പറഞ്ഞതോടെ യുഡിഎഫ് സംഘം കുടുങ്ങി. വാഹനഗതാഗതം തടസ്സപ്പെടുത്തി റോഡില്‍ കുത്തിയിരുന്നിട്ടും അറസ്റ്റില്ലെന്നു കണ്ടപ്പോള്‍ കെഎസ്ആര്‍ടിസിയുടെ എസി ബസ്സില്‍ കയറി പമ്പയിലേക്കു പോയി. അവിടെയുണ്ടായിരുന്ന അയ്യപ്പഭക്തന്മാരോട് കാര്യങ്ങള്‍ തിരക്കിയപ്പോള്‍ എല്ലാവരും സംതൃപ്തര്‍. പണി പാളിയെന്നു ബോധ്യപ്പെട്ടതോടെ, മുഖ്യമന്ത്രിയെ കണ്ടിട്ട് കാര്യമില്ലെന്നും രണ്ടു ദിവസത്തിനുള്ളില്‍ സൗകര്യം പോലെ തങ്ങള്‍ ഗവര്‍ണറെ കണ്ട് കാര്യം ധരിപ്പിക്കുമെന്നും മാധ്യമങ്ങളോട് പറഞ്ഞ് യുഡിഎഫ് നേതാക്കള്‍ തടിതപ്പി. ഫലത്തില്‍ യുഡിഎഫ് ദൗത്യസംഘവും പൂര്‍ണ പരാജയമായി.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും പ്രായോഗിക ബുദ്ധിയുടെ കുറവ് സിപിഎമ്മിനും ഈ സര്‍ക്കാരിനും നന്നായിട്ടുണ്ടെന്ന കാര്യം വിസ്മരിച്ചുകൂടാ. ശബരിമലയില്‍ എല്ലാ സ്ത്രീകളും കയറട്ടേയെന്ന് കോടതി വിധിച്ചപ്പോള്‍ അത് നടപ്പാക്കാനുള്ള ബുദ്ധിമുട്ട് പറയാമായിരുന്നു. മാത്രമല്ല, വിശ്വാസത്തിലേക്ക് വിധി വരുമ്പോള്‍ സംഭവിക്കുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഏഴംഗ ഉപദേശക സമിതിയുള്ള മുഖ്യമന്ത്രി ശ്രമിച്ചതുമില്ല. കാര്യം വ്യക്തമാണ്: വിശ്വാസത്തിനു വില കല്‍പിക്കാത്ത നടപടികള്‍ വാശിപ്പുറത്ത് ആദ്യം മുതലേ നടപ്പാക്കാന്‍ ശ്രമിച്ചുവെന്നതാണ് സര്‍ക്കാരിന് വെല്ലുവിളിയായത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss