|    Jul 28 Fri, 2017 4:29 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

വര്‍ഗീയ ഫാഷിസത്തിനെതിരേ പുതുചരിത്രമെഴുതി ജന മഹാസമ്മേളനം

Published : 2nd October 2016 | Posted By: SMR

പി  സി  അബ്ദുല്ല

കോഴിക്കോട്: വെറുപ്പും വിദ്വേഷവും വിനാശവും മുഖമുദ്രയാക്കിയ സംഘപരിവാര വര്‍ഗീയ ഫാഷിസത്തിനു നന്മയുടെ നഗരത്തില്‍ ജനപക്ഷ പ്രതിരോധം. ‘നിര്‍ത്തൂ, വെറുപ്പിന്റെ രാഷ്ട്രീയം’ ദേശീയ കാംപയിന്റെ സംസ്ഥാനതല സമാപനത്തോട് അനുബന്ധിച്ച് ഇന്നലെ കോഴിക്കോട്ട് നടന്ന പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജന മഹാസമ്മേളനം ഫാഷിസ്റ്റ് ഭീകരതയ്ക്കും വര്‍ഗീയ രാഷ്ട്രീയ പ്രതിലോമ മുന്നേറ്റങ്ങള്‍ക്കുമെതിരേ മനുഷ്യപക്ഷത്തുനിന്നുള്ള ഇരമ്പുന്ന താക്കീതായി മാറി.
ഭൂരിപക്ഷ വര്‍ഗീയതയുടെ ആക്രമണോല്‍സുക മുന്നേറ്റത്തിനും ഭരണകൂട നീതിനിഷേധങ്ങള്‍ക്കുമെതിരേ പ്രതിഷേധങ്ങളും പ്രതിരോധങ്ങളും നേര്‍ത്തില്ലാതാവുന്ന കാലത്ത് ഇരകളുടെ പക്ഷത്തുനിന്നുള്ള പോരാട്ടത്തില്‍ പോപുലര്‍ ഫ്രണ്ട് ഉയര്‍ത്തിപ്പിടിക്കുന്ന ഇച്ഛാശക്തിയും നിശ്ചയദാര്‍ഢ്യവും വിളിച്ചോതുന്നതായിരുന്നു ജന മഹാസമ്മേളനത്തിന്റെ കാഴ്ചകള്‍. പശുവിന്റെയും പോത്തിന്റെയും പേരില്‍ മനുഷ്യരെ കൊല്ലുന്ന സംഘപരിവാരത്തിന്റെയും, ജന്മം കൊണ്ട് ദലിതരായതിന്റെ പേരില്‍ രോഹിത് വെമുലമാര്‍ക്ക് ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്ന സവര്‍ണവെറിയന്‍മാരുടെയും പൈശാചികതകള്‍ തുറന്നുകാട്ടിയാണ് റാലി ചരിത്രനഗരത്തിന്റെ വീഥികളിലൂടെ കടന്നുപോയത്.
മോദി ഭരണത്തിന്റെ മദപ്പാടുകളാല്‍ ചരിത്രവും വര്‍ത്തമാനവും കാവിവല്‍ക്കരിക്കപ്പെടുന്നതിലൂടെ ന്യൂനപക്ഷങ്ങളും ദലിതരും മറ്റു പിന്നാക്ക സമൂഹങ്ങളും മതനിരപേക്ഷ ബുദ്ധിജീവികളും സാംസ്‌കാരിക പ്രവര്‍ത്തകരും നേരിടുന്ന ഭീഷണികളെ സമ്മേളനം തുറന്നുകാട്ടി.
പുതിയ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വിദ്വേഷരാഷ്ട്രീയത്തിന്റെ പേരില്‍ രാജ്യത്ത് അരങ്ങേറിയ അരുംകൊലകളുടെ നിശ്ചലദൃശ്യങ്ങള്‍ റാലിയില്‍ ഇടം നേടി. സംഘപരിവാര ഫാഷിസം മനുഷ്യത്വത്തെ മൃഗീയമായി കശാപ്പു ചെയ്യുന്നതിന്റെ ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റി. നന്മയിലേക്കുള്ള പ്രയാണങ്ങള്‍ ഏറെ കടന്നുപോയ കോഴിക്കോടിന്റെ നഗരവഴികളില്‍ വിദ്വേഷരാഷ്ട്രീയത്തിന്റെ വക്താക്കള്‍ക്കെതിരേ ചെറുത്തുനില്‍പിന്റെ പുതിയ പ്രകമ്പനങ്ങള്‍ സൃഷ്ടിക്കുന്നതായിരുന്നു പോപുലര്‍ ഫ്രണ്ട് റാലി.
വൈകീട്ട് 3.30ഓടെ അരയിടത്തുപാലത്തിനു സമീപത്തു നിന്നാരംഭിച്ച റാലിയുടെ മുന്‍നിരയില്‍ വോളന്റിയര്‍മാര്‍ അണിനിരന്നു. ആറു നിശ്ചലദൃശ്യങ്ങള്‍ സംഘപരിവാര ഭീഷണിക്കു കീഴില്‍ രാജ്യം നേരിടുന്ന ഭയചകിതമായ വര്‍ത്തമാനത്തിന്റെ നേര്‍ക്കാഴ്ചകളായി.
പൊതുജനസഞ്ചാരത്തിനും ഗതാഗതത്തിനും തടസ്സങ്ങളുണ്ടാക്കാതെ ചിട്ടയോടെയും കൃത്യമായ നിയന്ത്രണങ്ങളോടെയുമാണ് ലക്ഷത്തിലേറെ പേര്‍ അണിനിരന്ന റാലി കടന്നുപോയത്. കടപ്പുറത്ത് വൈകീട്ട് നടന്ന മഹാസമ്മേളനവും പോപുലര്‍ ഫ്രണ്ടിന്റെ കൃത്യമായ സംഘടനാബോധവും അച്ചടക്കവും വിളിച്ചോതുന്നതായിരുന്നു. സ്ത്രീകളുടെ വന്‍ പങ്കാളിത്തമാണ് സമാപന സമ്മേളനത്തിലെ ശ്രദ്ധേയമായ ഘടകങ്ങളിലൊന്ന്.
2009ല്‍ നടന്ന ദേശീയ രാഷ്ട്രീയ സമ്മേളനത്തിനു ശേഷം കോഴിക്കോട്ട് നടന്ന പോപുലര്‍ ഫ്രണ്ടിന്റെ ഏറ്റവും വിപുലമായ പരിപാടിയായിരുന്നു ഇത്. കടപ്പുറത്ത് ആസാദി നഗറില്‍ സമാപന സമ്മേളനം ദേശീയ വൈസ് ചെയര്‍മാന്‍ ഇ എം അബ്ദുര്‍റഹ്മാന്‍ ഉദ്ഘാടനം ചെയ്തു.
ഗുജറാത്ത് വംശഹത്യയില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് മുന്‍ എംപി ഇഹ്‌സാന്‍ ജഫ്‌രിയുടെ വിധവ സാകിയ, പ്രമുഖ പൗരാവകാശ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ആനന്ദ് തെല്‍തുംദെ (ഗോവ), ഹിന്ദുത്വഭീഷണിക്ക് ഇരയായ കന്നഡ എഴുത്തുകാരന്‍ യോഗേഷ് തുടങ്ങിയവരുടെ സാന്നിധ്യവും സമ്മേളനത്തിന്റെ മാറ്റു കൂട്ടി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക