|    Jul 20 Fri, 2018 10:17 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

വര്‍ഗീയ ഫാഷിസം: സര്‍ക്കാരിന്റേത് ഇരട്ടത്താപ്പെന്നു യുഡിഎഫ്

Published : 15th September 2017 | Posted By: fsq

 

തിരുവനന്തപുരം: വര്‍ഗീയ ഫാഷിസ്റ്റുകളെ നേരിടുന്നതില്‍ സിപിഎം നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ ഇരട്ടത്താപ്പാണു കാട്ടുന്നതെന്നു യുഡിഎഫ് പ്രമേയം. ബിജെപി-സംഘപരിവാര ശക്തികളുടെ വര്‍ഗീയഭ്രാന്തിനെ രാഷ്ട്രീയ നേട്ടത്തിനായി താലോലിക്കുന്ന സമീപനമാണു സിപിഎമ്മും മുന്നണിയും സ്വീകരിക്കുന്നത്. സംഘപരിവാര നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങള്‍ അരങ്ങുതകര്‍ക്കുമ്പോള്‍ അതിനെതിരേ ചെറുവിരല്‍ പോലും അനക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. എന്നാല്‍ നിര്‍ദോഷകരമായ ലഘുലേഖകള്‍ വിതരണം ചെയ്ത മുജാഹിദ് പ്രവര്‍ത്തകര്‍ക്കെതിരേ പോലിസ് ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തു. സംഘപരിവാരവും സിപിഎമ്മും പരസ്പരം പാലൂട്ടുന്ന ശത്രുക്കളാണെന്ന യുഡിഎഫ് നിലപാടിനു വ്യക്തമായ സാധൂകരണം ഇതിലൂടെ ലഭിക്കുകയാണെന്നും പ്രമേയത്തില്‍ പറയുന്നു. ഓണം കഴിഞ്ഞിട്ടും സംസ്ഥാനത്തു വില വര്‍ധന തുടരുകയാണെന്നും വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്നും യോഗം വിലയിരുത്തി. സംസ്ഥാനം പിടിച്ചാല്‍ കിട്ടാത്ത വിലക്കയറ്റത്തിന്റെ ദുരന്തഫലങ്ങള്‍ അനുഭവിക്കുകയാണെന്നും സര്‍ക്കാരിന്റെ കഴിവുകേടില്‍ ശക്തമായി പ്രതിഷേധിക്കുന്നതായും യോഗം പ്രമേയം പാസാക്കി. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില താഴ്ന്നുനില്‍ക്കുമ്പോഴാണു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മല്‍സരിച്ച് ജനങ്ങളെ കൊള്ളയടിക്കുന്നതെന്നും പ്രമേയത്തില്‍ പറയുന്നു. വിപണിയില്‍ സര്‍ക്കാരിന്റെ ഇടപെടലുണ്ടായില്ല. എല്ലാം വ്യാപാരികള്‍ക്ക് വിട്ടുകൊടുത്ത് കൈയുംകെട്ടി നില്‍ക്കുകയാണ് സര്‍ക്കാര്‍. ഇന്ന് ജിഎസ്ടിയുടെ ദുരിതം ഏറ്റവുമധികം അനുഭവിക്കുന്ന സംസ്ഥാനം കേരളമാണെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു.സംസ്ഥാനത്തു മദ്യമൊഴുക്കാനുള്ള ഇടതുസര്‍ക്കാരിന്റെ മദ്യനയം കേരളം കണ്ട ഏറ്റവും വലിയ അഴിമതികളിലൊന്നായിരുന്നു. ഘട്ടംഘട്ടമായി മദ്യലഭ്യത കുറയ്ക്കുകയെന്ന യുഡിഎഫ് സര്‍ക്കാരിന്റെ നയം അട്ടിമറിച്ച്് മദ്യമാഫിയക്ക് മുന്നില്‍ സര്‍ക്കാര്‍ സമ്പൂര്‍ണമായി കീഴടങ്ങിയെന്നും പ്രമേയത്തില്‍ പറയുന്നു. ടു സ്റ്റാര്‍ പദവിയുള്ള ബാറുകള്‍ തുറക്കാന്‍ അണിയറ നീക്കം നടക്കുകയാണെന്ന് രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss